തിരുവനന്തപുരം: ബിജെപി മുന്നണിയായ എൻഡിഎയുടെ നേതൃത്വത്തിൽ നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. ഉപരോധം പുലർച്ചെ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാവിലെ 6 മുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിലെത്തി. സർക്കാരിനെതിരെ കേരളം കണ്ടിട്ടുള്ള ഏറ്റവും ശക്തമായ സമരമായിരിക്കുമിതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി വി രാജേഷ് പറഞ്ഞു.

സെക്രട്ടറിയേറ്റിന്റെ എല്ലാ ഗേറ്റുകളും ഉപരോധിച്ചുകൊണ്ടുള്ള സമരത്തിൽ ഒരു ലക്ഷംപേർ പങ്കെടുക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ഉച്ചയ്ക്ക് 3 മണിക്ക് ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃയോഗവും ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

അഴിമതിക്കും സഹകരണ കൊള്ളയ്ക്കും വിലക്കയറ്റത്തിനും മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കും എതിരെയും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കൊള്ളക്കാർ ഭരണം വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എൻഡിഎ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നത്. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരും കാമരാജ് കോൺഗ്രസ് പ്രവർത്തകരുമാണ് ഇന്നലെ രാത്രി മുതൽ ഉപരോധം തുടങ്ങിയത്. രാത്രി എട്ടോടെ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലുള്ള റോഡിൽ പ്രകടനം നടത്തിയ ശേഷമാണ് ഉപരോധസമരം തുടങ്ങിയത്.

ബിജെപി നേതാക്കളായ സി. കൃഷ്ണകുമാർ, ജോർജ് കുര്യൻ, അഡ്വ. പി. സുധീർ, കരമന ജയൻ, വി.വി. രാജേഷ്, വെങ്ങാനൂർ സതീഷ്, ജയ രാജീവ്, യുവമോർച്ച നേതാക്കളായ ബി.എൽ. അജേഷ്, പി. സജിത്ത്, പൂവച്ചൽ അജി, രഞ്ജിത്ത്, കവിത, കൈപ്പള്ളി വിഷ്ണു നമ്പൂതിരി കാമരാജ് കോൺഗ്രസ് നേതാക്കളായ വിഷ്ണുപുരം ചന്ദ്രശേഖരൻ, ശ്യാം ലൈജു, അഡ്വ. കബീർ, ലോക് ജനശക്തി പാർട്ടി നേതാവ് അരുൺ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ 11ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഉപരോധസമരം ഉദ്ഘാടനം ചെയ്യും.

അതേസമയം, കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്തിരിക്കുന്ന സർവ്വകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. പ്രാർത്ഥനാ പരിപാടിക്കിടെ നടന്ന സ്‌ഫോടനം സംസ്ഥാനത്തെ പൊതു സമാധാനാന്തരീക്ഷത്തിന് ഭീഷണിയാകരുതെന്ന കാഴ്ചപ്പാടിലാണ് അടിയന്തിരമായി സർവ്വകക്ഷിയോഗം വിളിച്ചത്.

സമൂഹത്തിൽ തെറ്റായ സന്ദേശങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ഇടനൽകുന്ന തരത്തിലുള്ള പ്രതികരണങ്ങളിൽ നിന്ന് രാഷ്ട്രീയ കക്ഷികൾ ഒഴിഞ്ഞ് നിൽക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിക്കും. സമാധാനാന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും.