കണ്ണൂർ: കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ കെ.സുധാകരനെ വീഴ്‌ത്താൻ സി.പി. എം സൈബർ പോരാളികളുടെ വാർറൂം പ്രചാരണം ശക്തമാക്കുന്നു. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മുന്നണികൾ തമ്മിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടം ഇഞ്ചോടിഞ്ചു ശക്തമായതോടെയാണ് കെ.സുധാകരനെ എങ്ങനെയെങ്കിലും വീഴ്‌ത്തുക എന്ന ലക്ഷ്യവുമായി സി.പി. എം വാർ റൂമുകൾ തീപാറും നീക്കങ്ങൾ നടത്തുന്നത്.

പ്രതിയോഗികളെ രാഷ്ട്രീയപരമായി തളർത്തുകയെന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്. വാർ റൂമുകൾ ഏറ്റവും സജീവവും കേന്ദ്രീകൃതമായ രീതിയിലും പ്രവർത്തിക്കുന്നത് സി.പി എമ്മിന് വേണ്ടിയാണ്. കണ്ണൂരിലെ പെൻഷൻ പറ്റിയ മുതിർന്ന മാധ്യമപ്രവർത്തകരും സിപിഎം ഭരണത്തിൽ നിന്നും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നവരും ഇതിലുണ്ട്. ലക്ഷങ്ങളുടെ ഫണ്ടാണ് പാർട്ടി ഇതിനായി വകയിരുത്തിയിട്ടുള്ളത്.

ഓരോ മാധ്യമസ്ഥാപനത്തിലും ഇതിനായി പ്രവർത്തിക്കാൻ പാർട്ടി ഫ്രാക്ഷനുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമായും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരനെ വ്യക്തിഗതമായി അധിക്ഷേപിക്കുന്ന പ്രചാരണമാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങളെ കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിനായി കണ്ണൂർ പാലർമെന്റ് മണ്ഡലത്തിലെ ഓരോ മണ്ഡലങ്ങളിലും വാർ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.

വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഏറ്റവും ഒടുവിലായി വന്നത് കണ്ണൂർ മണ്ഡലത്തിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ.സുധാകരന് തോൽക്കാനാണ് ആഗ്രഹമെന്നും എങ്കിൽ മാത്രമേ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ ഉൾപ്പെടാൻ കഴിയുകയുള്ളൂവെന്നാണ്.

എന്നാൽ തിരഞ്ഞെടുപ്പിന് ചൂടേറിയതോടെ പ്രചരണരംഗത്ത് വിയർപ്പൊഴുക്കി പ്രവർത്തിച്ചുവരികയാണ് കെ.സുധാകരനും യു.ഡി. എഫ് പ്രവർത്തകരും. എങ്ങനെയെങ്കിലും കണ്ണൂർ സീറ്റ് നിലനിർത്തണമെന്നത് സുധാകരന്റെ അഭിമാനപ്രശ്‌നങ്ങളിലൊന്നാണ്. തോറ്റാൽ സുധാകരന്റെ കെപിസിസി.അധ്യക്ഷ പദവി പോലും ബാധിക്കുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന സൂചന.

നേരത്തെ ജയിച്ചാൽ സുധാകരൻ ജയിച്ചാൽ ബിജെപിയിലേക്ക് പോകുമെന്നായിരുന്നു സ്ഥാനാർത്ഥി നിർണയത്തിന്റെ തുടക്കത്തിൽ സി.പി. എം സൈബർ വാർറൂം പ്രചാരണം. ഇതിനായി സുധാകരന്റെ ചില പഴയ വിവാദപ്രസംഗങ്ങളും കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഇതിനെതിരെ സുധാകരൻ അതിശക്തമായി പ്രതികരിച്ചതോടെ മുൻ കോൺഗ്രസ് നേതാവും എൻ.ഡി. എ സ്ഥാനാർത്ഥിയുമായ സി.രഘുനാഥിനെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു വീണ്ടും സുധാകരനെതിരെയുള്ള ഒളിയമ്പുകൾ. ഒരുകാലത്ത് പാർട്ടിയിലെ വിശ്വസ്തനായ സി.രഘുനാഥിനെപ്പോലെ സുധാകരനും തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ബിജെപിയിലേക്ക് ചേരുമെന്നായിരുന്നു പ്രചരണം.

അതും ഏശാതെ വന്നപ്പോൾ മുസ്ലിംലീഗ് സുധാകരന് വോട്ടു ചെയ്യില്ലെന്നായിരുന്നു പ്രചരണം. പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയതോടെ അതും പൊളിഞ്ഞു. ഇതും ക്‌ളച്ചു പിടിക്കാതെ വന്നപ്പോഴാണ് സുധാകരന്റെ വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുന്നത്.

കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസിനും ബിജെപിക്കും വാർറൂമുകളുണ്ടെങ്കിലും സുസംഘടിത ശക്തിയായി ആസൂത്രിതമായി പ്രവർത്തിക്കുന്നത് സി.പി. എം വാർറൂമുകളാണ്. അക്ഷരാർത്ഥത്തിൽ സുധാകരനെ വരിഞ്ഞുമുറുക്കുകയാണ് സൈബർ ഇടത്തിൽ സി.പി. എം പോരാളികൾ. എന്നാൽ തനിക്കെതിരെയുള്ള സർവേ ഫലങ്ങൾ കാറ്റിൽപറത്തുന്നതിനായി വിയർപ്പൊഴുക്കി വോട്ടുതേടുകയാണ് കെ.സുധാകരൻ. തന്റെ തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇതുവരെ അദ്ദേഹം ഇത്രമാത്രം കൊടുംചൂടും ശാരീരികമായ അവശതകൾ അവഗണിച്ചു കൊണ്ടും വോട്ടർമാരെ കണ്ടിട്ടില്ലെന്നാണ് പാർട്ടി നേതാക്കൾ തന്നെ പറയുന്നത്.

ഓടിച്ചാടി വോട്ടുപിടിക്കുന്ന കെ.സുധാകരന്റെ ഷെഡ്യൂൾ എന്നും അതിരാവിലെ തുടങ്ങി രാത്രി ഏറെ വൈകുംവരെ അവസാനിക്കുന്നതാണ്. ഉച്ചഭക്ഷണത്തിന് അൽപനേരമുള്ള ബ്രേക്കല്ലാതെ മറ്റു വിശ്രമവേളകൾ സുധാകരനില്ല. കണ്ണൂർ നിയോക മണ്ഡലത്തിൽ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഐടി രംഗത്തെ വിദഗ്ദ്ധരേയും സന്ദർശിച്ച് സുധാകരൻ വോട്ടഭ്യർത്ഥിക്കുന്നുണ്ട്. ചാല ചിന്മയാ ആട്‌സ് ആൻഡ് സയൻസ് കോളേജ് ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാഞ്ഞിരോട് നെഹ്‌റു ആട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.

ശബരി കമ്പനിയിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കാഞ്ഞിരോട് നെഹ്‌റു ടെക്‌നോ പാർക്കിലെത്തിയ സ്ഥാനാർത്ഥി ഐടി മേഖലയിലെ തൊഴിലാളികളെയും നേരിൽ കണ്ടു. അന്തരിച്ച പ്രമുഖ സാഹിത്യകാരൻ ടി. എൻ പ്രകാശിന്റെ ഭൗതികദേഹത്തിൽ അന്ത്യോപചാരം അർപ്പിച്ചു. പ്രകാശൻ മാസ്റ്ററുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും നേരിൽ കണ്ട് അനുശോചനം രേഖപ്പെടുത്തി. വലിയന്നൂർ ഹോളിമൗണ്ട് ആതുരാലയത്തിലെത്തി അവിടത്തെ അന്തേവാസികളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു.

ടി ഒ മോഹനൻ , എംപി മുഹമ്മദലി,കായക്കൽ രാഹുൽ , പി.സി. അഹമ്മദ് കുട്ടി, കെ.പി. അബ്ദുൾ സലാം, മുഹമ്മദ് ഷമ്മാസ് ,കെ വി ചന്ദ്രൻ ,ടി.കെ. ലക്ഷ്മണൻ, സുരേഷൻ മണ്ടേൻ വി സി. നാരായണൻ മാസ്റ്റർ, കെ.രാജീവൻ മാസ്റ്റർ, ബാലകൃഷ്ണൻ ആറ്റടപ്പ ,കെ. പ്രദീപൻ, എം.ഫൽഗുനൻ, മുഹമ്മദ് റിസ്വാൻ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു . കോളയാട് , പേരാവൂർ മേഖലകളിലാണ് ചൊവ്വാഴ്ചത്തെ പര്യടനം നടത്തുന്നത്. പ്രായത്തെ മറന്നുകൊണ്ടുള്ള സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണം പ്രവർത്തകരിലും ആവേശമുണ്ടാക്കിയിട്ടുണ്ട്. എ. ഐ.സി.സി ഫണ്ടൊന്നും കേന്ദ്രസർക്കാർ മരവിപ്പിച്ചതിനാൽ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും എൽ. ഡി. എഫിനൊപ്പമെത്താൻ പ്രചാരണത്തിലും കെ.സുധാകരന് കഴിഞ്ഞിട്ടുണ്ട്.