- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എൻഎസ്എസിന്റേത് അന്തസ്സായ തീരുമാനം; ഒരു മുതലെടുപ്പുകൾക്കും കൂട്ടുനിൽക്കില്ല; തെറ്റുകളെ നിയമപരമായി നേരിടുമെന്ന് സുകുമാരൻ നായർ പറഞ്ഞതാണ് കറക്ട്'; പിന്തുണച്ച് ഗണേശ് കുമാർ; എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം പ്രതികരണം
കോട്ടയം: മിത്ത് വിവാദത്തിൽ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്ന അന്തസുള്ള നിലപാടാണ് എൻഎസ്എസ് എടുത്തിരിക്കുന്നതെന്ന് കെ ബി ഗണേശ് കുമാർ എംഎൽഎ. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കെ.ബി.ഗണേശ് കുമാർ പറഞ്ഞു. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഗണേശിന്റെ പ്രതികരണം. എൻഎസ്എസിന്റെ നാമജപ യാത്രയ്ക്കെതിരെ കേസെടുത്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ് കറക്ട് എന്നും ഗണേശ് കുമാർ പറഞ്ഞു. അന്തസ്സായ ഒരു തീരുമാനം എൻ.എസ്.എസ്. എടുത്തിട്ടുണ്ട്, ഗണേശ് കുമാർ കൂട്ടിച്ചേർത്തു.
''ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല. എൻഎസ്എസ് നിയമപരമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എൻഎസ്എസ് സംബന്ധിച്ച കാര്യം ജനറൽ സെക്രട്ടറി പറയും, ഞാൻ പറയുന്നത് ശരിയല്ല. എംഎൽഎ എന്നുള്ള നിലയിൽ പറയേണ്ടത് അവിടെ പറയും.
അന്തസ്സായ തീരുമാനം എൻഎസ്എസ് എടുത്തിട്ടുണ്ട്. കേരളത്തിലെ മതസൗഹാർദം തകർക്കാതെ എൻഎസ്എസ് വളരെ മാന്യമായ തീരുമാനമാണ് എടുത്തത്. നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എൻഎസ്എസിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഒരു മുതലെടുപ്പുകൾക്കും എൻഎസ്എസ് കൂട്ടുനിൽക്കില്ല. എൻഎസ്എസ്സിന്റെ അന്തസ്സെന്നു പറഞ്ഞത് അദ്ദേഹം പറഞ്ഞതു തന്നെയാണ്. തെറ്റു കണ്ടാൽ നിയമത്തിന്റെ വഴി സ്വീകരിക്കുക എന്നതാണ്'' ഗണേശ് കുമാർ പറഞ്ഞു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിശബ്ദനായോ എന്ന ചോദ്യത്തിന് 'അതൊന്നും എനിക്ക് അറിയില്ല, അദ്ദേഹത്തെ കാണുമ്പോൾ നിങ്ങൾ ചോദിക്കൂ' എന്ന് ഗണേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് ചേർന്ന നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ ഗണേശ് കുമാർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. മിത്ത് വിവാദത്തിൽ കൂടുതൽ പരസ്യ പ്രതിഷേധം വേണ്ടെന്ന നിലപാടാണ് ഇന്നത്തെ എൻഎസ്എസ് യോഗമെടുത്തത്. സ്പീക്കറെ സർക്കാർ ഇടപെട്ടു തിരുത്തിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടു നീങ്ങാനാണ് നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനമെന്നാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചത്.
സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശ വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന്, ഇന്ന് (ഞായറാഴ്ച) എൻ.എസ്.എസ്. ഹെഡ് ക്വാട്ടേഴ്സിൽ നടന്ന ഡയറക്ടർ ബോർഡിന്റെ അടിയന്തര യോഗത്തിന് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. പ്രശ്നം കൂടുതൽ വഷളാക്കാതെ സർക്കാർ ഇക്കാര്യത്തിൽ ഉടൻ നടപടി എടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനു വേണ്ടി നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടു പോകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനോടായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ