- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി പിന്തുണയോടെ പ്രസിഡന്റായതിൽ വിവാദം; പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കി ഇടതുമുന്നണി; കിടങ്ങൂർ പഞ്ചായത്തിലെ മൂന്ന് യുഡിഎഫ് അംഗങ്ങളെ സസ്‌പെന്റ് ചെയ്ത് കേരള കോൺഗ്രസ്; ബിജെപിക്കൊപ്പം ഭരിക്കില്ലെന്ന് പി ജെ ജോസഫ്

കോട്ടയം: കിടങ്ങൂർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി അധികാരം പിടിച്ചതിന് പിന്നാലെ യുഡിഎഫ് അംഗങ്ങൾക്കെതിരെ നടപടിയുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. പാർട്ടി നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ മൂന്ന് പേരെയാണ് പാർട്ടി ചെയർമാൻ പിജെ ജോസഫ് സസ്‌പെന്റ് ചെയ്തത്.
ബിജെപി സഖ്യം പുതുപ്പള്ളിയിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ആയുധമാക്കിയതോടെ പ്രാദേശിക തലത്തിലുണ്ടാക്കിയ ധാരണയെന്ന് ന്യായീകരിച്ച് പിജെ ജോസഫ് നടപടിയെടുത്തത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ ഉണ്ടായ രാഷ്ട്രീയ നീക്കം പാർട്ടി നേതൃത്വത്തിനെയും മുന്നണി നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയതോടെയാണ് നടപടി.
കിടങ്ങൂരിൽ ബിജെപി സഖ്യം പാർട്ടി സംസ്ഥാന നേതൃത്വം അറിയാതെയാണെന്ന് പിജെ ജോസഫ് പറഞ്ഞു. പ്രാദേശിക തലത്തിൽ മാത്രമുള്ള ധാരണയെന്നും ഇത് തിരുത്താൻ നിർദ്ദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിന് മുമ്പുള്ള റിഹേഴ്‌സൽ എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ക്കൊപ്പം ഭരിക്കില്ലെന്നായിരുന്നു പിജെ ജോസഫിന്റെ നിലപാട്. എന്നാൽ രാജിവെക്കാനുള്ള നിർദ്ദേശം പഞ്ചായത്ത് അംഗങ്ങൾ നിരാകരിച്ചതായാണ് വിവരം.
രാവിലെ യുഡിഎഫ് അംഗമായ തോമസ് മാളിയേക്കലിനെ ബിജെപി പിന്തുണയോടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്ന് യുഡിഎഫ് അംഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്തു. ബിജെപി അംഗം രശ്മി രാജേഷ് എട്ട് വോട്ടുകളോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു.
കോട്ടയം കിടങ്ങൂർ പഞ്ചായത്ത് ഇടതുമുന്നണിയാണ് ഭരിച്ചിരുന്നത്. എന്നാൽ കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. 15 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് പേർ ഇടതുമുന്നണിയിലും അഞ്ച് പേർ ബിജെപിയും മൂന്ന് പേർ യുഡിഎഫുമായിരുന്നു. ഇടതു മുന്നണിയിലെ ധാരണ പ്രകാരം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കായിരുന്നു മത്സരം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മണ്ഡലത്തിന് സമീപ പഞ്ചായത്തായ കിടങ്ങൂരിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യുഡിഎഫ്-ബിജെപി സഖ്യം. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തു. ഇടതുമുന്നണിയിലെ ഇഎം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി.
ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ജോസഫ് ഗ്രൂപ്പുകാരനായ യുഡിഎഫ് നേതാവ് ബിജെപിയുടെ പിന്തുണയോടെ പ്രസിഡന്റായത് പുതുപ്പള്ളിയിലെ യുഡിഎഫ് ബി ജെപി സഖ്യത്തിന് തെളിവാണെന്ന് സി പി എം ആരോപിച്ചു.
വിഷയം ഉപതെരഞ്ഞെടുപ്പിൽ ആയുധമാക്കിയിരിക്കുകയാണ് ഇടതുമുന്നണി. പുതുപ്പള്ളിയിൽ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടുണ്ടെന്നും കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കൂട്ടുകെട്ട് ഇതിന് ഉദാഹരണമാണെന്നും മന്ത്രി വിഎൻ വാസവൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതുപോലും ഈ ധാരണയിലെന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണ സ്വീകരിച്ച കോൺഗ്രസ്, മണിപ്പൂർ വിഷയത്തിലുള്ള പരസ്യ പിന്തുണ ആർഎസ്എസിന് പ്രഖ്യാപിക്കുകയാണോയെന്ന് വ്യക്തമാക്കണമെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ആവശ്യപ്പെട്ടു.


