കോഴിക്കോട്: പുനർജനി കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വലംകയ്യാണെന്നുമുള്ള ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാത്രിയായാൽ പിണറായി വിജയന്റെ കാലുപിടിക്കുന്ന സുരേന്ദ്രനാണ് ഇതു പറയുന്നത്. കുഴൽപ്പണക്കേസിൽ സുരേന്ദ്രനും മകനും ഒഴിവായിപ്പോയത് പിണറായിയുടെ കാലുപിടിച്ചിട്ടാണെന്നും സതീശൻ തിരിച്ചടിച്ചു.

പുനർജനിക്കേസിൽ അന്വേഷണം നടക്കുന്നുണ്ട്. കേസിനകത്ത് ഒന്നുമില്ലെന്നറിയുന്നതുകൊണ്ട് നീട്ടിനീട്ടിക്കൊണ്ടുപോകുന്നു. അത്രനാളെങ്കിലും തനിക്കെതിരേ കേസുണ്ടെന്ന് പറയാമല്ലോ. രാത്രിയായാൽ പിണറായിയുടെ കാലുപിടിക്കുന്ന സുരേന്ദ്രനാണ് ഇത് പറയുന്നത്. മാസപ്പടി വിഷയത്തിൽ ഇ.ഡി.യെക്കൊണ്ട് അന്വേഷിപ്പിക്കാൻ സുരേന്ദ്രന്റെ പാർട്ടി ഭരിക്കുന്ന കേന്ദ്രസർക്കാരിന് ധൈര്യമുണ്ടോ? ലൈഫ് മിഷൻ വിഷയത്തിലും പിണറായിക്കെതിരേ അന്വേഷണമില്ല.

ലാവ്ലിൻ കേസ് എത്രയോ തവണ മാറ്റിവെച്ചു. കേസിൽ സിബിഐ. 35 തവണ സുപ്രീംകോടതിയിൽ ഹാജരായില്ല. സുരേന്ദ്രന്റെ പാർട്ടിയും പിണറായിയും തമ്മിലുള്ള ഒത്തുതീർപ്പാണിത്. സുരേന്ദ്രന് വല്ല സ്വാധീനവും കേന്ദ്രത്തിലുണ്ടെങ്കിൽ ലാവ്ലിൻ കേസിൽ സിബിഐ.യോട് ഒന്ന് സുപ്രീംകോടതിയിൽ ഹാജരാകാൻ പറയാമോ എന്നും സതീശൻ ചോദിച്ചു.

ദേശീയതലത്തിൽ കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപി.യുടെ ലക്ഷ്യം. കോൺഗ്രസ് വിരുദ്ധതയാണ് കേരളത്തിലെ സിപിഎമ്മിന്റെ അജണ്ട. ഇത് രണ്ടുംകൂടി കേരളത്തിൽ ഒന്നിച്ചുചേരുകയാണ്. കേന്ദ്രത്തിൽ രാഹുൽഗാന്ധിയുടെ കൂടെ ഇന്ത്യ മുന്നണി വിപുലീകരിക്കാൻ ഓടിനടക്കുകയാണ് യെച്ചൂരി. കേരളത്തിലെത്തുമ്പോൾ ബിജെപി.യുടെ കൂടെയാണെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സന്തതസഹചാരിയും ദേശാഭിമാനി പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായിരുന്നയാളാണ് കൈതോലപ്പായയിൽ പണം കടത്തിക്കൊണ്ടുപോയതായി ആരോപണമുന്നയിച്ചിട്ടുള്ളത്. അതിൽ ഒരന്വേഷണവും നടക്കുന്നില്ല. വിഷയത്തിൽ ഇപ്പോൾ വാദിയെ പ്രതിയാക്കുകയാണ്. ആരോപണമുന്നയിച്ചതിന് മാത്യു കുഴൽനാടന്റെ വീട്ടിൽ സർവേ നടത്തുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് സത്യവാങ്മൂലം നൽകിയപ്പോൾ ആക്ഷേപമില്ലാതിരുന്ന ഒരാൾക്കെതിരേ ഇപ്പോൾ ആരോപണമുന്നയിച്ച് നടപടി സ്വീകരിക്കുന്നു. കെപിസിസി. പ്രസിഡന്റ് കെ. സുധാകരന്റെയും തന്റെയും പേരിൽ കേസെടുത്തതിന്റെയും കാര്യം അതാണ്. മിണ്ടാതിരുത്താനാണ് ശ്രമിക്കുന്നത്. മിണ്ടാതിരിക്കാൻ മുഖ്യമന്ത്രിക്കു മാത്രമേ കഴിയൂ എന്നും സതീശൻ പറഞ്ഞു.

മാസപ്പടി വിവാദത്തിൽ നിയമപരമായ നടപടി സ്വീകരിക്കും. രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം. അക്കാര്യം അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രാഹുൽ കേരളത്തിൽനിന്ന് പോകില്ലെന്നാണ് വിശ്വാസം. പോകരുതെന്നാണ് ആഗ്രഹമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ സതീശൻ പറഞ്ഞു.

ജയ്ക്ക് സി. തോമസിനെ താൻ നാലാം കിട നേതാവെന്ന് വിളിച്ചെന്ന സിപിഎം നേതാവ് ഡോ. തോമസ് ഐസകിന്റെ ആരോപണത്തിനും വി.ഡി സതീശൻ ഫേയ്‌സ്ബുക്ക് കുറിപ്പിൽ മറുപടി നൽകി. എവിടെ വച്ച്, എപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും തോമസ് ഐസക് അത് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ, കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെ.സുരേന്ദ്രൻ വി.ഡി. സതീശനെതിരെ ആരോപണമുന്നയിച്ചത്. സതീശന്റെ ഇടപാടുകൾ അന്വേഷിക്കുന്നില്ലെന്നും ഇത് മുഖ്യമന്ത്രിയുമായുള്ള ധാരണയുടെ പുറത്താണെന്നും സുരേന്ദ്രൻ പറഞ്ഞു. കെ.സുധാകരനും മാത്യു കുഴൽനാടനുമെതിരെ കേസ് വന്നിട്ടും സതീശന്റെ രേഖകൾ പരിശോധിക്കാൻ സർക്കാൻ തയ്യാറായിട്ടില്ലെന്നും സുരേന്ദ്രൻ ചൂണ്ടിട്ടിയിരുന്നു.