- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭാവന നൽകിയ വാക്ക്; അതേ വാക്കാണ് എം.എം മണിയും ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്; വാ പോയ കോടാലിപോലെ ചീത്തപറയാൻ ഇറങ്ങിയിരിക്കുകയാണ്; പുതുപ്പള്ളിയിലെ ജനങ്ങൾ എല്ലാം നോക്കിക്കാണുന്നുണ്ട്'; വിമർശിച്ച് വി ഡി സതീശൻ
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ സിപിഎം നേതാവ് എം.എം മണി നടത്തിയ 'പരനാറി' പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം എം മണി വാ പോയ കോടാലിപോലെ ചീത്തപറയാൻ ഇറങ്ങിയിരിക്കുകയാണെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭാവന നൽകിയ വാക്കാണ് 'പരനാറി'. അതേ വാക്കാണ് എം.എം മണിയും ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെല്ലാം മറുപടി നൽകണമെന്ന് പുതുപ്പള്ളിയിലെ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ ജില്ലയിലെ സിപിഎം നേതാവ്, ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനും എതിരെ പ്രചരണം ആരംഭിച്ചു. ജനങ്ങൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായപ്പോൾ ഇനി പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞ എം.എം മണിക്കെതിരെ നടപടി എടുക്കണം. പാർട്ടി സെക്രട്ടറി ഗോവിന്ദന് എന്തെങ്കിലും വിലയുണ്ടോയെന്ന് അറിയട്ടെ.
പാർട്ടി സെക്രട്ടറിയുടെ അറിവോടെയാണോ എം.എം മണി ഇങ്ങനെ പറഞ്ഞത്? അതോ ഗോവിന്ദന് ഒരു കാര്യവുമില്ലേ? വനിതാ മാധ്യമ പ്രവർത്തകരെ പോലും സിപിഎം സൈബർ ഗുണ്ടകൾ ആക്രമിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബവും മക്കളും എന്ത് തെറ്റാണ് ചെയ്തത്. അവരെ എന്തിനാണ് ആക്രമിക്കുന്നത്. പുതുപ്പള്ളിയിലെ ജനങ്ങൾ എല്ലാം നോക്കിക്കാണുന്നുണ്ട്. സിപിഎം കാട്ടുന്ന ഹീനമായ മാർഗങ്ങൾക്ക് മറുപടി നൽകാൻ പുതുപ്പള്ളിയിലെ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.
പുതുപ്പള്ളിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യു.ഡി.എഫ് ഉന്നയിക്കുന്ന ഏഴ് ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
1. മാസപ്പടി വിവാദത്തിൽ ഇൻകം ടാക്‌സ് ഇന്ററീം സെറ്റിൽമെന്റ് ഫോറത്തിന്റെ വിധി അനുസരിച്ച് ഒരു സർവീസും നൽകാതെ മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ 1.72 കോടി രൂപ എക്‌സാലോജിക് കമ്പനിക്ക് നൽകിയത് അഴിമതിയാണ്. ഇക്കാര്യത്തിൽ വിജിലൻസിനെ കൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ട്? വിജിലൻസ് സംബന്ധിച്ച നിയമം മുഖ്യന്ത്രിക്ക് ബാധകമല്ലേ?
2. 70 കോടിയിൽ താഴെ തീർക്കാമായിരുന്ന എ.ഐ ക്യാമറ പദ്ധതിയിൽ 180 കോടിയിലധികം ചെലവഴിക്കുകയും മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിക്ക് വഴിവിട്ട് കരാർ നൽകാനുണ്ടായ സാഹചര്യത്തെ കുറിച്ച് എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും?
3. 1028 കോടിയുടെ കെ ഫോൺ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം 1531 കോടിയാക്കി വർധിപ്പിക്കുകയും ധനകാര്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ മറികടക്കുകയും ചൈനീസ് കേബിൾ ഉൾപ്പെടെയുള്ളവ വാങ്ങിയതും സംബന്ധിച്ച ക്രമക്കേടുകൾ നിലനിൽക്കുകയും പ്രസാഡിയോയുടെ ഇടപെടൽ ദുരൂഹമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും എന്തുകൊണ്ടാണ് അന്വേഷണത്തിന് തയാറാകാത്തത്?
4. കോവിഡ് മഹാമാരിയുടെ കാലത്ത് സ്റ്റോർ പർച്ചേസ് മാനുവൽ ലംഘിച്ച് മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി പി.പി.ഇ കിറ്റ്, ഗൗസ് ഉൾപ്പെടെയുള്ളവ വാങ്ങിയതിലെ അഴിമതിക്ക് മുഖ്യമന്ത്രി എന്തുകൊണ്ടാണ് അംഗീകാരം നൽകിയത്.
5. മുഖ്യമന്ത്രി ചെയർമാനായി ലൈഫ് മിഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായിട്ടും സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം പാതിവഴിയിൽ മുടങ്ങിപ്പോയത് എന്തുകൊണ്ട്? ചെയർമാനായ മുഖ്യമന്ത്രിക്ക് അഴിമതിയിൽ ഉത്തരവാദിത്തമില്ലേ?
6. കേരള പൊലീസ് ഇരട്ട നീതിയാണ് കാട്ടുന്നത്. തിരുവമ്പാടി എംഎൽഎ ജോർജ് എം. തോമസ് പോക്‌സോ കേസ് പ്രതിയെ മാറ്റി മറ്റൊരാളെ നൽകിയതിൽ പാർട്ടി മാത്രമാണ് നടപടി എടുത്തത്. എന്തുകൊണ്ടാണ് കേസെടുക്കാത്തത്. സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ തൃശൂർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെയും കേസെടുക്കാത്തത് എന്തുകൊണ്ടാണ്? ആലപ്പുഴയിലും അരഡസനിലേറെ നേതാക്കളാണ് സ്ത്രീ, ലഹരി വിഷയങ്ങളിൽ പെട്ടുകിടക്കുന്നത്. അവർക്കെതിരെ പാർട്ടി മാത്രം നടപടി എടുത്താൽ മതിയോ? പാർട്ടിയാണോ പൊലീസ് സ്റ്റേഷനും കോടതിയും? ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?
7. ഓണക്കാലമായിട്ടും രൂക്ഷമായ വിലക്കയറ്റവും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. നെൽ കർഷകർക്ക് പണം നൽകുന്നില്ല, കാർഷിക മേഖല പൂർണമായും തകർന്നു, സപ്ലൈകോ അടച്ചു പൂട്ടൽ ഭിഷണിയിലും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കിട്ടാത്ത അവസ്ഥയിലുമാണ്. 87 ലക്ഷം പേർക്ക് കിറ്റ് കൊടുക്കുമെന്ന് പറഞ്ഞവർ 6 ലക്ഷ പേർക്കായി ചുരുക്കി. ഓണക്കാലത്ത് ജനജീവിതം ദുരിതപൂർണമാക്കി മാറ്റിയതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും മറുപടിയില്ലേ?
പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മിണ്ടാത്ത മുഖ്യമന്ത്രിക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലെ വോട്ടർമാരോടെങ്കിലും മറുപടി പറയാനുള്ള ബാധ്യതയുണ്ട്. സ്വന്തം കുടുംബത്തിനെതിരെ പോലും ആരോപണം ഉയർന്നിട്ടും ചോദ്യങ്ങളിൽ നിന്നും ഓടിയൊളിക്കുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന പേരാണ് പിണറായി വിജയനുള്ളത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നാണ് സിപിഎം ഇതുവരെ പറഞ്ഞിരുന്നത്. സിപിഎം ഏരിയാ കമ്മിറ്റിക്കും ജില്ലാ- സംസ്ഥാന നേതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ട്. തട്ടിപ്പ് സംബന്ധിച്ച പരാതി വർഷങ്ങൾക്ക് മുൻപെ പാർട്ടിക്ക് മുൻപാകെ വന്നിട്ടും നടപടിയെടുക്കാൻ ശ്രമിക്കാതെ പാർട്ടിക്കുള്ളിൽ ഒതുക്കി തീർത്തുകൊള്ളയടിക്കാനുള്ള അവസരം സിപിഎം ഒരുക്കിക്കൊടുത്തു. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒഴിഞ്ഞ് മാറാനാകില്ല. ഇക്കാര്യം പുറത്ത് വരണം. അന്വേഷണം ജീവനക്കാരിൽ മാത്രം ഒതുക്കി നിർത്താൻ ശ്രമിക്കുകയാണ്. കെപിസിസി അധ്യക്ഷനെതിരായ കള്ളക്കേസിൽ ഇ.ഡി അന്വേഷിക്കുന്നത് കുഴപ്പമില്ലെന്ന് പറഞ്ഞവർ സിപിഎം നേതാക്കൾക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നത് എന്തിനാണ്? ഇതിനൊക്കെയുള്ള തിരിച്ചടിയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. കരുവന്നൂരിൽ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. തെളിവിന്റെ അടിസ്ഥാനത്തിലാണ് എ.സി മൊയ്തീന്റെ വീട്ടിൽ പരിശോധന നടത്തിയത്.
ഹെൽമറ്റ് വയ്ക്കാത്തവരെ പിടിക്കുന്ന പൊലീസ് ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്ന ഡിവൈഎഫ്ഐക്കാരെ പിടിച്ചാൽ പാർട്ടി ജില്ലാ സെക്രട്ടറി പൊലീസുകാരെ വിരട്ടും. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സെക്രട്ടറി പൊലീസിനെ പരസ്യമായി പുലഭ്യം പറഞ്ഞു. ഒരു കുട്ടിയെ അന്യായമായി അറസ്റ്റ് ചെയ്തതിന് പൊലീസ് സ്റ്റേഷനിലെത്തിയ റോജി എം. ജോൺ എംഎൽഎയ്‌ക്കെതിരെ പിണറായിയുടെ പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷെ പൊലീസുകാരെ അസഭ്യം പറഞ്ഞ പാർട്ടി ജില്ലാ സെക്രട്ടറിയായ എംഎൽഎയ്‌ക്കെതിരെ കേസില്ല. അങ്ങനെയെങ്കിൽ സിപിഎമ്മുകാർക്ക് ഹെൽമറ്റ് ബാധകമല്ലെന്ന സർക്കുലർ ഇറക്കണം. ഇതൊക്കെ അനീതിയാണ്. കേരള പൊലീസിനെ ഏറ്റവും ദുർബലമാക്കുന്നതിന്റെ ഉദാഹരണമാണിത്. പാർട്ടി നേതാക്കൾക്ക് ദാസ്യവേല ചെയ്യുന്ന സംവിധാനമാക്കി പൊലീസിനെ മാറ്റി.
കെ.കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാലയിലെ പി.ജി വിദ്യാർത്ഥകൾക്ക് പഠിക്കാനുള്ള നിലവാരത്തിലുള്ളതാണോയെന്ന് അറിയില്ല. പക്ഷെ കണ്ണൂർ സർവകലാശാലയിൽ സിപിഎമ്മുകാർ തന്നെ ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ നിർബന്ധമായും പഠിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു പ്രസക്തിയാണ് ശൈലജയുടെ ആത്മകഥയ്ക്കുള്ളതെന്ന് സർക്കാരും സർവകലാശാലയുമാണ് വ്യക്തമാക്കേണ്ടത്. 9 സർവകലാശാലകളിൽ വി സിമാരും 66 സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരുമില്ല. രണ്ട് ലക്ഷം രൂപ നൽകിയാൽ ഡിഗ്രി സർട്ടിഫിക്കറ്റ് ചന്തയിൽ നിന്നും വാങ്ങാനാകും. ഇതൊന്നും കൂടാതെയാണ് എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ്. സർവകലാശാലകളുടെ വിശ്വാസ്യത തകർത്തിന് പിന്നാലെയാണ് ഇത്തരം പുസ്തകങ്ങൾ കൂടി പഠിപ്പിക്കുന്നത്.
സിപിഎം- ബിജെപി ധാരണയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തിൽ കേസെടുക്കാത്തത്. കെ.സുധാകരനെതിരെ ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാർ കെണി ഒരുക്കിക്കൊടുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് നൽകിയ പണം സർവീസിന് വേണ്ടിയാണെന്ന് പറഞ്ഞിരിക്കുന്നത്. ബിജെപിയും പിണറായിയും തമ്മിലുള്ള ധാരണയെ തുടർന്നാണ് ഇക്കാര്യം ഇ.ഡി അന്വേഷിക്കാത്തത്. അന്വേഷിച്ചാൽ മുഖ്യമന്ത്രിയിലെത്തും. ശിവശങ്കർ വരെ ജയിലിലായിട്ടും ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിക്കെതിരെ ഒരു അന്വേഷണവും ഉണ്ടായില്ല. ഇതൊക്കെ ധാരണയാണ്. മാസപ്പടി വിവാദത്തിൽ പ്രതിപക്ഷം കോടതിയെ സമീപിക്കും.
സപ്ലൈകോയിൽ ഒരു സാധനവുമില്ലെന്ന പ്രതിപക്ഷ ആരോപണം യാഥാർത്ഥ്യമാണെന്ന് ബോധ്യമായില്ലേ? ഒണത്തിന് സപ്ലൈകോ 750 കോടി ആവശ്യപ്പെട്ടിട്ട് 70 കോടി മാത്രമാണ് നൽകിയത്. പെൻഷൻ പരിഷ്‌ക്കരണം നടത്തിയെങ്കിലും ആ പണം വാങ്ങാതെ 77000 പേരാണ് മരിച്ചു പോയത്. ആറ് ഡി.എയാണ് ജീവനക്കാർക്ക് നൽകാനുള്ളത്. സംസ്ഥാന ചരിത്രത്തിൽ ഇത്രയും ഡി.എ കുടിശിക ഉണ്ടായിട്ടില്ല. കെട്ടിട നിർമ്മാണ് തൊഴിലാളി ക്ഷേമനിധി തകർന്നു. തളർന്ന് കിടക്കുന്നവരെ പരിചരിക്കുന്നവർക്കുള്ള സഹായമായ ആശ്വാസ കിരണവും മാസങ്ങളായി നൽകുന്നില്ല. ട്രഷറിയിൽ 5 ലക്ഷത്തിൽ കൂടുതലുള്ള ചെക്കുകൾ മാറാനാകില്ല. ഓട പണിയാനുള്ള പണം പോലും നൽകാൻ സാധിക്കാത്തവരാണ് വികസനത്തെ കുറിച്ച് ചർച്ച ചെയ്യാമെന്ന് പറഞ്ഞ് വെല്ലുവിളിക്കുന്നത്.
കേന്ദ്രത്തിൽ നിന്നുള്ള ജി.എസ്.ടി വിഹിതവും കമ്മിയുടെ ഡെഫിസിറ്റായ 53000 കേടിയും സംസ്ഥാനത്തിന് ലഭിച്ചു. കിഫ്ബിയുടെയും പെൻഷൻ ഫണ്ടിന്റെയും പേരിൽ എടുത്ത പണമാണ് ഇപ്പോൾ കടമെടുപ്പിന്റെ പരിധി കുറച്ചത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് പ്രതിപക്ഷം നേരത്തെ തന്നെ നൽകിയിരുന്നതാണ്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സത്യമായിരിക്കുകയാണ്. തോമസ് ഐസക്കിന്റെ കാലത്ത് തോന്നിയതു പോലെ കടം വാങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അടുത്ത സർക്കാർ യു.ഡി.എഫിന്റേതാകുമെന്ന് കരുതിയാണ് പരിധിവിട്ട് കടമെടുത്തത്. യു.ഡി.എഫായിരുന്ന അധികാരത്തിൽ വന്നിരുന്നതെങ്കിൽ ഈ പ്രതിസന്ധിയെ മറികടന്നേനെ. നികുതി പിരിവിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. പക്ഷെ ധൂർത്തിന് മാത്രം ഒരു കുറവുമില്ല. ഇതെല്ലാം മറ്റാരെയെങ്കിലും ഏൽപ്പിച്ച് മുഖ്യമന്ത്രി മാറി നിൽക്കുകയാണോ? അതുകൊണ്ടാണോ ഒന്നും അറിയാത്ത രീതിയിൽ നിൽക്കുന്നത്.




