- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭൂരിപക്ഷം കണ്ട് ഏതെങ്കിലും സിപിഎം. നേതാക്കൾക്ക് ഇ.സി.ജി. എടുക്കണമെന്ന് തോന്നിയാൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന ആശുപത്രിയിലേക്ക് സ്വാഗതം'; വി.എൻ. വാസവനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: പുതുപ്പള്ളിയിൽ വൻഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മൻ വിജയം കുറിച്ചതിന് പിന്നാലെ, മണ്ഡലത്തിൽ എൽ.ഡി.എഫ്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മന്ത്രി വി.എൻ. വാസവനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഭൂരിപക്ഷം കണ്ട് ഏതെങ്കിലും സിപിഎം. നേതാക്കൾക്ക് ഇ.സി.ജി. എടുക്കണമെന്ന് തോന്നിയാൽ ഉമ്മൻ ചാണ്ടി സാർ കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രയിലേക്ക് സ്വാഗതംചെയ്യുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു.
'ഭൂരിപക്ഷം കണ്ട് എതെങ്കിലും സിപിഎം. നേതാക്കന്മാർക്ക് ഇ.സി.ജി. എടുക്കണമെന്ന് തോന്നിയാൽ ഉമ്മൻ ചാണ്ടി സാർ കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. മുഹമ്മദ് റിയാസിന്റെ റോഡുകളല്ല, പുതുപ്പള്ളിയും ഉമ്മൻ ചാണ്ടിയും കോൺഗ്രസുമായുള്ള റോഡ്. വളരെ സ്മൂത്താണ്', രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
53 വർഷമായി പുതുപ്പള്ളിക്കാർ അനുഭവിക്കുന്ന വികസനവും കരുതലും സേവനവും ഇല്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചവരുടെ ചെകിട്ടത്തേറ്റ അടിയാണ് തെരഞ്ഞെടുപ്പ് ഫലം. ചാണ്ടി ഉമ്മന്റെ റെക്കോർഡ് ഭൂരിപക്ഷം കണ്ട് മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് അത്യാവശ്യത്തിന് ഇസിജി എടുക്കണമെങ്കിൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രിയിലേക്ക് വരാമെന്ന് അദേഹം പരിഹസിച്ചു.
പൊതുമരാമത്ത് മന്ത്രി പി .മുഹമ്മദ് റിയാസിന്റെ റോഡുകൾ കുറച്ച് കുണ്ടും കുഴിയും നിറഞ്ഞതാണെങ്കിലും, ഉമ്മൻ ചാണ്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം വളരെ സ്മൂത്തായി പോകുന്നുവെന്നതിന്റെ തെളിവാണ് റെക്കോർഡ് ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ കാട്ടിത്തന്നത്. എത്ര ദുഷ്പ്രചാരങ്ങളാണ് ഇവിടെ നടന്നത്. ഇവിടുത്തെ ജനങ്ങൾക്ക് നേരിട്ടു ബോധ്യപ്പെട്ട 53 വർഷത്തെ വികസനവും സേവനവും കരുതലും ഇല്ലായെന്നു സ്ഥാപിക്കാൻ ശ്രമിച്ചവർക്ക് ചെകിട്ടത്തു കിട്ടിയ അടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 2024, 2026 തിരഞ്ഞെടുപ്പുകളുടെ ട്രെയ്ലറും ടീസറുമാണ് ഈ 2023 ഫലമെന്ന് ഭരണത്തിലിരിക്കുന്നവർ മനസിലാക്കിയാൽ നന്നെന്നും അദേഹം കൂട്ടിച്ചേർത്തു.
സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതുപോലെ സർക്കാരിന്റെ വിലയിരുത്തലാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ആലുവ എംഎൽഎ. അൻവർ സാദത്തും പറഞ്ഞു. യഥാർഥ കമ്മ്യൂണിസ്റ്റുകാർപോലും യു.ഡി.എഫിന് വോട്ടുചെയ്തിരിക്കുന്നുവെന്ന് അവകാശപ്പെട്ട അൻവർ സാദത്ത് എംഎൽഎ. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള വിജയമാണിതെന്നും കൂട്ടിച്ചേർത്തു.
മണ്ഡലത്തിന് കോൺഗ്രസും ഉമ്മൻ ചാണ്ടിയുമായുള്ള 53 വർഷത്തിന്റെ ആത്മബന്ധം അതേപടി ദൃഢതയോടുകൂടി തുടരുന്നുവെന്ന് പുതുപ്പള്ളിയിലെ വോട്ടർമാരുടെ മനസ്സ് പ്രഖ്യാപിച്ചിരിക്കുന്നു എന്നായിരുന്നു കെപിസിസി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെ പ്രതികരണം.




