കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തി ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മാറുകയാണ് ചാണ്ടി ഉമ്മൻ. ആഘോഷങ്ങളുടെ കൊടുമുടിയിലാണ് കോൺഗ്രസ് പ്രവർത്തകർ. ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിന്റെ ആവേശം എങ്ങും അലതല്ലുകയാണ്. മികച്ച ഭൂരിപക്ഷത്തിൽ ചാണ്ടി വിജയിച്ച് കയറിയപ്പോൾ, ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാർ നൽകിയ സ്‌നേഹ സമ്മാനം കൂടിയായി അത് മാറി. നിരവധി പേരാണ് ചാണ്ടിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ അഭിനന്ദനങ്ങൾക്കൊപ്പം ചില ഓർമപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയുമായ അഖിൽ മാരാർ.

ഉമ്മൻ ചാണ്ടി സാറിനെക്കാൾ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിച്ചു എന്ന് പറയുമ്പോഴും യഥാർത്ഥത്തിൽ ജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണെന്ന് അഖിൽ പറയുന്നു. ഉമ്മൻ ചാണ്ടി സാറിനെ തള്ളിപ്പറഞ്ഞ, പരിഹസിച്ച, എതിർത്തിട്ടുള്ള ഒരുപാട് ഇടതുപക്ഷ അനുഭാവികൾ ആയിട്ടുള്ളവർ പോലും മനസുകൊണ്ട് അതിൽ പശ്ചാത്തപിക്കുകയും അദ്ദേഹത്തിന്റെ മരണ ശേഷം ചാണ്ടി ഉമ്മന് ഒരു പിന്തുണ കൊടുക്കാൻ ഒരുപക്ഷേ തയ്യാറായിട്ടുണ്ടെന്നും അഖിൽ പറയുന്നു.

ഇന്ന് താൻ വിജയിക്കാൻ കാരണമായ എല്ലാ കാര്യങ്ങളെയും കട്ട് ചെയ്താൽ മാത്രമെ അടുത്ത തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് വിജയിക്കാൻ കഴിയൂ. എന്നാലേ ആ വിജയത്തിന്റെ മാറ്റ് മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്നും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

തന്റെ സുഹൃത്തും പുതുപ്പള്ളിക്കാർക്ക് ഏറെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്റെ മകനുമായ ചാണ്ടി ഉമ്മന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ അറിയിക്കുകയാണ് എന്നുപറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ വീഡിയോ ആരംഭിക്കുന്നത്. അഭിനന്ദനങ്ങൾക്കൊപ്പം ചില കാര്യങ്ങൾ ചാണ്ടി ഉമ്മന്റെ ശ്രദ്ധയിൽപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും അഖിൽ പറയുന്നു. അദ്ദേഹത്തിന് കിട്ടുന്ന സമയത്ത് ഇക്കാര്യങ്ങളൊന്ന് മനസ്സിൽ സൂക്ഷിക്കുക. 2019-ൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റ് കോൺഗ്രസിനു ലഭിച്ചപ്പോൾ ഞാൻ ഫേസ്‌ബുക്കിൽ എഴുതിയത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നാണ്. കാര്യകാരണങ്ങൾ നിരത്തിയാണ് അന്നു താൻ ആ ആർട്ടിക്കിൾ എഴുതിയതെന്നും അഖിൽ മാരാർ പറഞ്ഞു.

വിജയിക്കുമ്പോൾ എപ്പോഴും വിജയത്തിന്റെ കാരണം നമ്മൾ മനസിലാക്കിയിരിക്കണം. ഉമ്മൻ ചാണ്ടി സാറിനെക്കാൾ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിച്ചു എന്ന് പറയുമ്പോഴും യഥാർഥത്തിൽ വിജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണ്. ഉമ്മൻ ചാണ്ടി സാറിനോടുള്ള ജനങ്ങളുടെ അതിയായ സ്‌നേഹമാണ് ഇവിടെ ചാണ്ടി ഉമ്മന്റെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി മാറുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിന്റെ കാരണം നമ്മൾ കണ്ടെത്തണം. എന്നാലേ വിജയിച്ച് മുന്നോട്ടുപോകാൻ കഴിയൂ. ഇന്നത്തെ ഈ വിജയത്തിന്റെ പ്രധാന കാരണം ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ അമ്പതു വർഷത്തിലേറെയായുള്ള പൊതുപ്രവർത്തനങ്ങളിലെ നന്മ തന്നെയാണ്. അദ്ദേഹത്തെ തള്ളിപ്പറഞ്ഞ, പരിഹസിച്ച, എതിർത്തിട്ടുള്ള ഇടതുപക്ഷ അനുഭാവികൾ ആയിട്ടുള്ള മനുഷ്യർ പോലും മനസ്സുകൊണ്ട് അതിൽ പശ്ചാത്തപിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം ചാണ്ടി ഉമ്മന് ഒരു പിന്തുണ കൊടുക്കാൻ ഒരുപക്ഷേ അവർപോലും തയാറായിട്ടുണ്ടാകാം.

കമ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ ഭരിക്കുകയാണ്. ഈ ഏഴ് വർഷത്തെ ഭരണത്തോടുള്ള വിരുദ്ധ മനോഭാവവും വിജയത്തിന് കാരണമായി. ഇന്ന് താൻ വിജയിക്കാൻ കാരണമായ എല്ലാ കാര്യങ്ങളെയും കട്ട് ചെയ്താൽ മാത്രമെ അടുത്ത തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് വിജയിക്കാൻ കഴിയൂ. എന്നാലേ ആ വിജയത്തിന്റെ മാറ്റ് മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. അതായത് ഇനി വിജയിക്കാനുള്ള കാരണം ചാണ്ടി ഉമ്മനായി മാറണം. അങ്ങനെ മാറണമെങ്കിൽ അഹങ്കാരങ്ങൾ എല്ലാം മാറ്റിവയ്ക്കണം. പല മനോഭാവങ്ങളും മാറണം. നിങ്ങളുടെ പ്രകടന മികവ് കൊണ്ടാണോ വിജയിക്കാനുള്ള കാരണമെന്ന് ചിന്തിക്കണം. എങ്കിൽ മാത്രമേ നാളെയും നിങ്ങൾക്ക് അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളൂ.

ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹം വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെങ്കിൽ, ജെയ്ക് എന്ന ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ സംസാരങ്ങളിൽ സൃഷ്ടിച്ചെടുക്കുന്ന ചില അഹങ്കാരങ്ങളും സ്റ്റേറ്റ്‌മെന്റുകളും മാറ്റി ജനങ്ങൾക്കിഷ്ടപ്പെടുന്ന രീതിയിൽ സംസാരിച്ചാൽ ജെയ്ക്കിനോടുള്ള വിരോധം കുറയും. ഇനി വരാൻ പോകുന്ന രണ്ട് വർഷം ഇടതുപക്ഷത്തിന്റെ ഭരണം ജനങ്ങൾക്ക് കൂടുതൽ മനോഹരമായി തോന്നിയാൽ അതൊരു വലിയ വോട്ട് ആയി ഇടതുപക്ഷത്തിന് അനുകൂലമായി മാറാൻ സാധ്യതയുണ്ട്. അത് തിരിച്ചറിയാനുള്ള ബോധവും ജനങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ബോധവും നിങ്ങൾക്കുണ്ടാകണം.

എതിരാളിയുടെ പരാജയമാകരുത് നമ്മുടെ നേട്ടവും അംഗീകാരങ്ങളും. ചെസ് കളിക്കുമ്പോൾ നമ്മുടെ നീക്കം കൊണ്ടുവേണം എതിരാളിയെ പരാജയപ്പെടുത്തേണ്ടത്. അല്ലാതെ അവരുടെ മണ്ടത്തരം കൊണ്ടാകരുത്. ഇത് എല്ലായ്‌പ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് നിങ്ങൾ വിശ്വസിക്കുന്നതുപോലെ കേരളത്തിലും എങ്ങനെ അധികാരത്തിലെത്തുമെന്നതിനുള്ള ഉത്തരങ്ങളും കണ്ടെത്തണം.

അതിന് എതിരാളിയുടെ ബുദ്ധിമനസിലാക്കണം. തെരഞ്ഞെടുപ്പെന്നാൽ ശരിതെറ്റുകളുടെ വിലയിരുത്തലല്ല. കേവലം വോട്ടുകൾ മാത്രമാണ്. ആ വോട്ടുകൾ എങ്ങനെ പിടിക്കണമെന്നുള്ള ഒരു രാഷ്ട്രീയനേതാവിന്റെ ബുദ്ധിയാണ് അവിടെ പ്രതിഫലിക്കുന്നതെന്ന് നിങ്ങൾ കൃത്യമായി തിരിച്ചറിയണം. ആ തിരിച്ചറിവായിരിക്കണം മുന്നോട്ടുള്ള ജയത്തിന് പ്രധാനഘടകമെന്ന് പറയുകയാണ്. ഈ വിജയത്തിൽ അഹങ്കരിക്കാൻ പോകാതെ കൂടുതൽ മികച്ച പ്രവർത്തനങ്ങളിലൂടെ ഈ വിജയം നിലനിർത്താൻ പരമാവധി പരിശ്രമിക്കുക. നമ്മുടെ നാട് നന്നാകണമെങ്കിൽ ക്രിയാത്മകമായ പ്രതിപക്ഷവും മികച്ചൊരു ഭരണപക്ഷവും ഉണ്ടാവണമെന്നും അഖിൽ മാരാർ പറഞ്ഞു.