- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രോ വാസുവിന്റെ വിഷയം നിയമസഭയിൽ ഉന്നയിക്കും; അദ്ദേഹത്തിന് എതിരെ എടുത്തിരിക്കുന്നത് കള്ളക്കേസ്; എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎമ്മെന്നും ഗ്രോ വാസുവിനെ ജയിലിൽ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ്
കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോഴിക്കോട് ജില്ലാ ജയിലിൽ സന്ദർശിച്ചു. തീവ്ര വലതുപക്ഷ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും വിഷയം നിയമസഭയിലുന്നയിക്കുമെന്നും സതീശൻ വ്യക്തമാക്കി. 2016ൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് പ്രതിഷേധിച്ച കേസിലാണ് ഗ്രോ വാസു റിമാൻഡിൽ കഴിയുന്നത്.
ഗ്രോ വാസുവിന്റെ പ്രതിഷേധം മൂടിവയ്ക്കാൻ കമ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുകയാണെന്നും വിപ്ലവം പറയുന്ന സർക്കാരിന് യോജിക്കുന്ന നടപടിയല്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരാകുന്നത്. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല. ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. നിയമസഭ തല്ലി തകർത്തവർക്കെതിരായ കേസ് പിൻവലിക്കാൻ തയ്യാറായവർ ഗ്രോ വാസുവിനെതിരായ കേസ് എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും വിഡി സതീശൻ ചോദിച്ചു. ഗ്രോ വാസുവും പുതുപ്പള്ളിയിലെ സതിയമ്മയുമൊക്കെയാണ് സർക്കാരിന്റെ ശത്രുക്കൾ. എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം? നമ്മളാണ് അദ്ദേഹത്തിന് മുന്നിൽ തല കുനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അദ്ദേഹത്തോടുള്ള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ടു.
94 കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്‌ത്തുകയാണ് പൊലീസ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണതെന്നും വി ഡി സതീശൻ കത്തിൽ പറയുന്നു. എന്താണ് ഗ്രോ വാസു ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ മനുഷ്യരെ തോക്കിൻ മുനയിൽ നിർത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റമെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. നാൽപത്തിയൊന്ന് ദിവസമായി റിമാൻഡിൽ തുടരുന്ന ഗ്രോ വാസുവിന്റെ പോരാട്ട വീര്യം ഇല്ലാതാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു.




