കോഴിക്കോട്: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിപിഎം. നേതാവും മുൻ എംപി.യുമായ പി.കെ.ബിജു. അനിൽ അക്കരയുടെ ആരോപണങ്ങൾ രാഷ്ട്രീയലക്ഷ്യംവെച്ചുള്ളതാണ്. കരുവന്നൂർ കേസിലെ പ്രതിയുമായി ഒരു ബന്ധവുമില്ല. അനിൽ അക്കരയുടെ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി.കെ. ബിജു മാധ്യമങ്ങളോട് പറഞ്ഞു.

എംപിയായിരിക്കെ താൻ താമസിച്ച വീടുകളുടെ വാടക കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ആവശ്യമില്ല. താൻ അന്വേഷണ കമ്മീഷനലില്ല. പാർട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും പികെ ബിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അനിൽ അക്കര ആക്ഷേപിക്കുന്നതുപോലെ കരുവന്നൂർ കേസിലെ പ്രതിയുമായി തനിക്ക് ഒരുബന്ധവുമില്ല. ബന്ധമുണ്ടെങ്കിൽ അതിന്റെ തെളിവ് അനിൽ അക്കര മാധ്യമങ്ങൾക്ക് നൽകണം. തെളിവായി വാട്സാപ്പ്, ഫോൺ രേഖകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയുണ്ടെങ്കിൽ അക്കാര്യം അദ്ദേഹമാണ് വ്യക്തമാക്കേണ്ടത്.

അനിൽ അക്കരയുടെ ആരോപണം കേട്ടപ്പോൾ അദ്ഭുതം തോന്നി. നാളിതുവരെ പറയാത്ത, നട്ടാൽ കുരുക്കാത്ത നുണപ്രചാരണമാണ് അദ്ദേഹം അഴിച്ചുവിടുന്നത്. വടക്കാഞ്ചേരിയിലും മുളങ്കുന്നത്തുകാവിലും താൻ വാടകയ്ക്കാണ് താമസിച്ചത്. തന്റെ അക്കൗണ്ടിൽനിന്നാണ് മാസംതോറും അതിന്റെ വാടക കൊടുത്തതെന്നും പി.കെ.ബിജു പറഞ്ഞു.

''പി.കെ.ബിജു ഇതുവരെ പ്രവർത്തിച്ചത് കള്ളപ്പണക്കാരുടെ മെന്റർഷിപ്പിലാണെന്നാണ് അനിൽ അക്കരയുടെ ആരോപണം. അധിക്ഷേപകരമായ പരാമർശമാണിത്. പാർട്ടിയും ജനങ്ങളുമാണ് ഞങ്ങളുടെ മെന്റർമാർ. ഒരു കള്ളപ്പണക്കാരന്റെയും മെന്റർഷിപ്പിൽ പ്രവർത്തിക്കേണ്ടകാര്യം ഞങ്ങൾക്കില്ല. 2009-ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മുതൽ അനിൽ അക്കര വ്യക്തിഹത്യ നടത്തുന്നുണ്ട്.

എനിക്കെതിരേ ഹൈക്കോടതിയിൽ കേസ് കൊടുത്തു, തഹസിൽദാർക്ക് പരാതി നൽകി. ഇതിനെല്ലാം പിന്നിൽ അക്കരയാണ്. പൊതുപ്രവർത്തകരെ വ്യക്തിഹത്യ ചെയ്യുകയെന്നതാണ് അനിൽ അക്കരയുടെ സമീപനം. സുതാര്യമല്ലാത്ത എന്തെങ്കിലും ഇടപാടുണ്ടെങ്കിൽ അക്കാര്യംകൂടെ വെളിച്ചത്തുകൊണ്ടുവരണം'', അദ്ദേഹം പറഞ്ഞു.

അതിനിടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്നായിരുന്നു പി.കെ. ബിജുവിന്റെ മറുപടി. കരുവന്നൂരിൽ പാർട്ടി പ്രത്യേക അന്വേഷണ കമ്മീഷനെ തീരുമാനിച്ചിട്ടില്ല. പി.കെ. ബിജു ഒരു അന്വേഷണവും നടത്തിയിട്ടില്ല. ആക്ഷേപം വന്നപ്പോൾ അതെല്ലാം പരിശോധിച്ച് ബന്ധപ്പെട്ടവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നതായിരുന്നു പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ എംപി പികെ.ബിജുവിന് പങ്കുണ്ടെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചിരുന്നു. ഇഡിയുടെ റിമാന്റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിലെ മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. മുൻ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്. ഇഡി റിപ്പോർട്ടിൽ പറയുന്ന മുൻ എംപി. പികെ.ബിജുവാണ്. അദ്ദേഹം ആദ്യം ഓഫീസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ്. പിന്നീടത് പാർളിക്കാടേക്ക് മാറ്റി. കൊട്ടാര സദൃശ്യമായ വീടാണ് പർളിക്കാട്ടേത്. ബിജുവിന്റെ മെന്ററാണ് ആരോപണവിധേയനായ സതീശൻ.

സതീശന്റെ പണമാണ് ബിജുവിന്റെ ശ്രോതസ്. കൊള്ളയുടെ പങ്കുപറ്റിയ പികെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്. പികെ ശശി ലൈംഗിക പീഡന കേസ് അന്വേഷിച്ചതു പോലെയാണിത്. പികെ. ബിജുവിന്റെ മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീശനെ സംരക്ഷിക്കുകയായിരുന്നു. പികെബിജുവിനും എസി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണെന്നും അനിൽ അക്കര ആരോപിച്ചിരുന്നു.