കോഴിക്കോട്: പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെയെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്ന് ജയിൽ മോചിതനായ ശേഷം ഗ്രോ വാസു പ്രതികരിച്ചു. 45 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രോ വാസുവിന് മോചനം ലഭിച്ചത്. ജയിലിന് മുന്നിൽ മുദ്രാവാക്യങ്ങളോടെയാണ് ഗ്രോ വാസുവിനെ മനുഷ്യാവകാശ പ്രവർത്തകർ സ്വീകരിച്ചത്.

കേരള ജനതയ്ക്ക് അപമാനകരമായ സംഭവമാണു പശ്ചിമഘട്ട ഏറ്റുമുട്ടൽ. കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരിയാണു എട്ട് മനുഷ്യരെ വെടിവച്ചിട്ടത്. നമ്മുടെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റാണു വെടിവച്ചിട്ടത്. ചെ ഗവാരയുടെ കൊടി ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കുന്ന മാർക്‌സിസ്റ്റ് ഗവൺമെന്റ്, പിണറായി ഗവൺമെന്റാണ് അതുചെയ്തത്. ഏഴുകൊല്ലം ആ സംഭവത്തെ തമസ്‌കരിക്കാൻ അവർക്കു കഴിഞ്ഞു. നെഞ്ചിനു തന്നെ നോക്കി കൊല്ലാൻ വേണ്ടി അവർ വെടിവച്ചു. ഇവരാണ് കമ്യൂണിസ്റ്റുകാരെന്നു പറഞ്ഞു നാട്ടിൽ നടക്കുന്നത്. ജനത ഇത് തിരിച്ചറിയുന്നില്ല. 

ഈ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം, കൊലപാതകികളെ ശിക്ഷിക്കണം എന്നിവയാണ് ആവശ്യപ്പെടുന്നത്. സഖാവ് വർഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാൻ അഹോരാത്രം പണിയെടുത്തിരുന്നു. രണ്ടു വർഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്‌നമില്ല. അവരെ കൊലപാതകികളാണെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ജനങ്ങൾ അവരെ മനസ്സിലാക്കണം. 94 വയസ്സായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും ഗ്രോ വാസു പറഞ്ഞു.

മുവ്വായിരം കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നിടത്തോളം കാലം, 75ശതമാനം ആളുകൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉണ്ടായിരിക്കുന്നിടത്തോളം കാലം മുദ്രാവാക്യം വിളിക്കും. എട്ടുപേരെ കൊന്നതിനെ തമസ്‌ക്കരിക്കാൻ കഴിയില്ല. ഇത് ജനങ്ങളെ മുന്നിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് കേസിൽ ജാമ്യമെടുക്കാതിരുന്നതെന്നും ഗ്രോ വാസു കൂട്ടിച്ചേർത്തു.

കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. ഈ കേസിൽ ഗ്രോ വാസുവിനെ കോടതി വെറുതെ വിടുകയായിരുന്നു. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു.

പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഗ്രോ വാസുവിനെ വെറുതേവിട്ടത്. 2016 നവംബർ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാറന്റു പുറപ്പെടുവിച്ചതിനെത്തുടർന്ന് കഴിഞ്ഞ ജൂലായ് 29-നാണ് വാസു അറസ്റ്റിലായത്. 94-കാരനായ അദ്ദേഹം അന്നുമുതൽ ജയിലിൽ കഴിയുകയായിരുന്നു.

അറസ്റ്റിലായ ഗ്രോ വാസു ജാമ്യം സ്വീകരിക്കാനോ, പിഴയടച്ച് കേസ് തീർപ്പാക്കാനോ തയ്യാറാവാതിരുന്നതിനെത്തുടർന്നാണ് കേസ് വലിയ രീതിയിൽ ശ്രദ്ധനേടിയത്. കഴിഞ്ഞദിവസം വാസുവിനെ സാക്ഷിമൊഴികൾ വായിച്ചുകേൾപ്പിച്ചശേഷം കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. സാക്ഷികളോ, തെളിവുകളോ ഹാജരാക്കാനുണ്ടോ എന്ന് ചൊവ്വാഴ്ച കോടതി ചോദിച്ചപ്പോൾ ഇല്ലെന്ന് കേസ് സ്വയം വാദിക്കുന്ന വാസു പറഞ്ഞു. തുടർന്നാണ് ബുധനാഴ്ച കേസിൽ വിധി പറഞ്ഞത്.

കേസിലെ മറ്റു പ്രതികൾ എന്തുചെയ്തു എന്നു കോടതി ചോദിച്ചപ്പോൾ ആകെയുള്ള 20 പ്രതികളിൽ 17 പേരെ കോടതി വെറുതേ വിട്ടിരുന്നതായും രണ്ടുപേർ 200 രൂപ വീതം പിഴയടച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക സാക്ഷികൾ മാത്രമല്ലേ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുള്ളത് എന്നും കോടതി ചോദിച്ചു. പ്രകടനം നടക്കുന്നത് കണ്ടു, പ്രകടനത്തിലുള്ളവരെ കണ്ടില്ല എന്നാണ് സ്വതന്ത്രസാക്ഷി പറഞ്ഞതെന്നും കോടതി ഓർമിപ്പിച്ചു. ഔദ്യോഗികസാക്ഷികൾ നിങ്ങൾക്ക് അനുകൂലമായല്ലേ പറയൂ എന്നും കോടതി പരാമർശിച്ചു.

കേസിൽ ഏഴാം സാക്ഷിയായ യു. ലാലു മൊഴിമാറ്റിയതിനെത്തുടർന്ന് കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ഗതാഗതം തടസ്സപ്പെട്ടതായി കാണിച്ച് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. പ്രകടനത്തിന്റെ സി.ഡി. മാത്രമാണ് ഹാജരാക്കിയതെന്നും തെളിവുനിയമ പ്രകാരമുള്ള 65 ബി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു. സിസ്റ്റത്തിനെതിരായാണ് പ്രതി പ്രതിഷേധിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഐ.പി.സി. 283, 143 വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയതെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ രാജശ്രീ അശോക് പറഞ്ഞിരുന്നു.