- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭീമൻ രഘു തന്റെ നാടകത്തിലേക്ക് വലിച്ചു കേറ്റിയത് ചെറുതല്ലാത്ത ഒരാളെ; ഏകപാത്ര നാടകമായിരുന്നത് ഇരുപാത്ര നാടകവും പിന്നീട് ബഹുപാത്ര നാടകവുമായി പരിണമിക്കുന്നു; വേദി എന്തിന് കേന്ദ്രത്തിലേക്കു മാറ്റണം!'; ഇടത് ചിന്തകൻ ഡോ. ആസാദ് പറയുന്നു
മലപ്പുറം: തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ സദസിൽ എഴുന്നേറ്റ് നിന്ന് കേട്ട നടൻ ഭീമൻ രഘു തന്റെ നാടകത്തിലേക്ക് ചെറുതല്ലാത്ത ഒരാളെയാണ് വലിച്ചു കേറ്റിയതെന്ന് ഇടത് ചിന്തകൻ ഡോ. ആസാദ്. അധികാര മൂർത്തിക്കു മുന്നിൽ ഇരിപ്പുറയ്ക്കാതെ നിൽക്കുന്ന സാംസ്‌കാരിക പരിവാരങ്ങളുടെ നേർച്ചിത്രം പ്രതീകാത്മകമായി ഭീമൻ എന്ന നടൻ അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഏകപാത്ര നാടകമായിരുന്നത് ഇരുപാത്ര നാടകവും പിന്നീട് ബഹുപാത്ര നാടകവുമായി പരിണമിക്കുന്നു. മോദിയുടെ മുന്നിൽ ചെയ്യണമെന്നുണ്ടായിരുന്നു ഭീമന്. ഇവിടെത്തന്നെ അവസരമുള്ളപ്പോൾ വേദി എന്തിന് കേന്ദ്രത്തിലേക്കു മാറ്റണം! കൂവുന്നത് പ്രതിഷേധമാണെന്ന് അറിയുന്ന ആൾ നിശ്ശബ്ദതയുടെ തീഷ്ണമായ പ്രതിഷേധം പെട്ടെന്ന് തിരിച്ചറിഞ്ഞുകാണില്ല. സ്‌ക്രിപ്റ്റില്ലാത്ത നാടകത്തിന്റെ ശക്തിയും പ്രത്യേകതയുമാണത്' -ഡോ. ആസാദ് ഫേസ്‌ബുക്കിൽ കുറിച്ചു.
'ഭീമൻ രഘുവിന്റെ സി പി എം പ്രവേശം തുടക്കംമുതൽ ഒരേകപാത്ര നാടകത്തിന്റെ കരുതലോടെയും വിമർശനത്ത്വരയോടെയും ഉള്ളതത്രെ. ബിജെപിയിൽനിന്നാണ് വരവ്. വണങ്ങാനും സ്തുതിക്കാനും (ശബ്ദംകൊണ്ടും ശരീരംകൊണ്ടും) അവസരം കുറവല്ലാത്ത ഇടമാണത്. കേരളത്തിലുണ്ട് അതിലും കുനിയേണ്ടിടമെന്ന് ഒരാൾക്ക് സി പി എമ്മിനെയും പിണറായിയെയും തോന്നുന്നത് എന്തുകൊണ്ടാവും? അധികാര മൂർത്തിക്കു മുന്നിൽ ഇരിപ്പുറയ്ക്കാതെ നിൽക്കുന്ന സാംസ്‌കാരിക പരിവാരങ്ങളുടെ നേർച്ചിത്രം പ്രതീകാത്മകമായി ഭീമൻ എന്ന നടൻ അവതരിപ്പിക്കുന്നു. ഭീമൻ രഘു അഭിനയിക്കുകയാവില്ല. ജീവിക്കുന്നു എന്നു പറയണം. പക്ഷേ, സുരാസുവും മൊകേരിയും രജിതയും ഗോപാലനുമൊക്കെ ചെയ്ത ഏകപാത്ര നാടകങ്ങളെക്കാൾ തീഷ്ണവും ലക്ഷ്യവേധിയുമാണ് ഭീമൻ രഘുവിന്റേതെന്ന് പറയാതെ വയ്യ.
ഒരു നടൻ നാട്യമായി പരിണമിക്കുന്നു. വേർപെടുത്താനാവാതെ അയാളുടെ ചലനങ്ങൾ നയവും അഭിനയവും കലർന്നതാവുന്നു. രണ്ടുപേർ അഭിമുഖമായി എഴുന്നേറ്റ് നിൽക്കുന്ന സദസ്സ്. ഒരാൾ സംസാരിക്കുന്നു. മറ്റേയാൾ സാകുതം കേൾക്കുന്നു. ബാക്കിയെല്ലാവരും ശ്വാസംപിടിച്ച് ഇരിക്കുന്നു. ആളുകൾ സംസാരിക്കുന്ന ആളെ കേൾക്കുന്നു. ആളുകൾ നിശ്ശബ്ദമായ മറ്റൊരു പ്രഭാഷണത്തിലും വഴുതിപ്പോകുന്നു. ഒരാൾ അയാളെത്തന്നെ കാണുന്നപോലെ, ഒരു ദർപ്പണദൃശ്യം പോലെ ഒരു നാടകരംഗം.
ഇരിക്കുന്നവർക്ക് ധർമ്മസങ്കടം. നായകനും പ്രതിനായകനും നിവരുന്ന ചിത്രമാണ്. ഒരാളെ തള്ളണം. ഈ നിവർന്ന കുനിവ് അഥവാ നേർവളവ് നമ്മുടെ പൊതുസമൂഹത്തിൽ സന്നിവേശിപ്പിക്കപ്പെട്ട രാഷ്ട്രീയാധികാര /അടിമത്ത കാലത്തെ നേർചിത്രമാണ്. അവനവനിലേക്കു നോക്കാൻ പ്രേരിപ്പിക്കുന്ന ദീർഘമായ ഒരു നാടകരംഗം. ലക്ഷ്യം കഥാർസിസ് തന്നെ!
സംസാരിക്കുന്നയാളുടെ ഓരോ വാക്കും തൊട്ടമുന്നിലെ ഉടൽപ്രതിമയിൽ ചെന്നു തട്ടുന്നുണ്ട്. അവിടത്തെ നിസ്സംഗഭവ്യത തിരിച്ചു കൊള്ളുന്നുണ്ട്. സ്റ്റേജിൽ രണ്ടുപേർ. നാടകത്തിലേക്ക് അയാൾ ചെറുതല്ലാത്ത ഒരാളെയാണ് വലിച്ചു കേറ്റിയത്. ഏകപാത്ര നാടകമായിരുന്നത് ഇരുപാത്ര നാടകവും പിന്നീട് ബഹുപാത്ര നാടകവുമായി പരിണമിക്കുന്നു. മോദിയുടെ മുന്നിൽ ചെയ്യണമെന്നുണ്ടായിരുന്നു ഭീമന്. ഇവിടെത്തന്നെ അവസരമുള്ളപ്പോൾ വേദി എന്തിന് കേന്ദ്രത്തിലേക്കു മാറ്റണം! കൂവുന്നത് പ്രതിഷേധമാണെന്ന് അറിയുന്ന ആൾ നിശ്ശബ്ദതയുടെ തീഷ്ണമായ പ്രതിഷേധം പെട്ടെന്ന് തിരിച്ചറിഞ്ഞുകാണില്ല. സ്‌ക്രിപ്റ്റില്ലാത്ത നാടകത്തിന്റെ ശക്തിയും പ്രത്യേകതയുമാണത്.' -ആസാദ് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പ്രസംഗിച്ച 15 മിനിറ്റും ഭീമൻ രഘു സദസിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും പിണറായി വിജയനെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്നും ഭീമൻ രഘു പറഞ്ഞു. നല്ലൊരു അച്ഛൻ,? നല്ലൊരു മുഖ്യമന്ത്രി,? നല്ല കുടുംബനാഥൻ. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി താരതമ്യമുണ്ട്. ചില സമയത്ത് തോന്നാറുണ്ട്'- ഭീമൻ രഘു പറഞ്ഞു.
അടുത്തിടെയാണ് ഭീമൻ രഘു ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. ബിജെപിക്കെതിരെ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് സിപിഎമ്മിലേക്ക് പ്രവേശിച്ചത്. 'വിജയിക്കാൻ വേണ്ടിയല്ല ബിജെപിയിൽ ചേർന്നത്. പാർട്ടിയിലേക്ക് ഒരാൾ വന്നുകഴിഞ്ഞാൽ അവരെ ജനങ്ങൾക്ക് ഉപയോഗപ്പെടുന്ന സ്ഥാനത്തേക്ക് കൊണ്ടുവരണം. അത് ചിന്തിക്കാനുള്ള കഴിവ് കേരള ബിജെപിയിൽ ആർക്കും തന്നെയില്ല. അതുതന്നെയാണ് ഞങ്ങളെപ്പോലുള്ള ആൾക്കാർ ഇതിൽ നിന്ന് കൊഴിഞ്ഞുപാേകാന്നുള്ള കാരണവും. കഴിവുകൾ കാണിക്കാനുള്ള അവസരം ബിജെപി തരുന്നില്ല. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്നപ്പോൾ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല. പ്രചാരണത്തിന് എത്താൻ സുരേഷ് ഗോപിയെ വിളിച്ചെങ്കിലും പി എ ആണ് ഫോണെടുത്തത്'- ബിജെപി വിട്ടതിന് പിന്നാലെ ഭീമൻ രഘു പറഞ്ഞത് ഇങ്ങനെയായിരുന്നു.




