- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എ.സി. മൊയ്തീനെതിരെ തെളിവുണ്ടാക്കുന്നതിനായി ഇ.ഡി. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി; ചോദ്യംചെയ്യാൻ വിളിപ്പിച്ചവരെ മർദിച്ചു; കൊല്ലുമെന്ന് പറഞ്ഞു'; കരുവന്നൂർ കേസിൽ സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീനെതിരെ തെളിവുണ്ടാക്കുന്നതിനായി ഇ.ഡി. ഉദ്യോഗസ്ഥർ ചോദ്യംചെയ്യാൻ വിളിപ്പിച്ചവരെ ഭീഷണിപ്പെടുത്തിയെന്നും മർദിച്ചതായും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കും. കരുവന്നൂരിലെ ഇ.ഡി. ഇടപെടൽ യഥാർത്ഥത്തിൽ ഇടതുപക്ഷത്തിനും സഹകരണ പ്രസ്ഥാനത്തിനുമെതിരായ ശക്തമായ കടന്നുകയറ്റമാണ്. ഇതിനെ ശക്തിയായി എതിർത്ത് മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്ത് ഇടത് മുന്നണി സർക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നുവെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും നേതാക്കൾക്കുമെതിരെ കള്ള പ്രചാരവേല നടക്കുന്നുണ്ട്. സംസ്ഥാന സഹകരണ മേഖലയിലെ ഇഡി പരിശോധനയും ആ രൂപത്തിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം എല്ലാ മേഖലയിലും ഇടപെടുന്നുണ്ട്. സഹകരണ മേഖലയെ ഒതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തുണ്ട്. കരുവന്നൂരിൽ സംസ്ഥാന സർക്കാർ സമഗ്ര അന്വേഷണം നടത്തിയതാണ്. ഇതിന് ശേഷം പാർട്ടിക്ക് ബന്ധമുണ്ടെന്ന് തെളിവുണ്ടെന്ന് വരുത്തിത്തീർക്കാൻ ഇഡി ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസി മൊയ്തീൻ ചാക്കിൽ പണം കെട്ടി കൊണ്ടുപോകുന്നത് കണ്ടുവെന്ന് പറയാൻ കൗൺസിലർമാരെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിക്കുകയാണ്. ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തുന്നത്. മകളുടെ വിവാഹ നിശ്ചയം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'സഹകരണ പ്രസ്ഥാനത്തിന്റെ പേരിൽ തൃശൂർ കരുവന്നൂരിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്. സംസ്ഥാന സർക്കാർ ഫലപ്രദമായി അന്വേഷണം നടത്തിയിട്ടുള്ളതുമാണ്. അതിന് ശേഷം ഇ.ഡി. അന്വേഷണത്തിന്റെ പേരിൽ, പ്രശ്നത്തിന് പിന്നിൽ പാർട്ടി നേതൃത്വമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തേക്ക് വന്നു. പാർട്ടി സംസ്ഥാന സമിതി അംഗമായ എ.സി.മൊയ്തീന്റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ഒരു തെളിവും അവർക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. തെളിവുണ്ടാക്കാനായി ചില ആളുകളെ ചോദ്യംചെയ്യാൻ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് എ.സി. മൊയ്തീന്റെ പേര് പറയണമെന്ന് ഭീഷണിപ്പെടുത്തി. മൊയ്തീൻ പണം ചാക്കിൽക്കെട്ടി കൊണ്ടുപോകുന്നത് കണ്ടെന്ന് പറയാനാണ് ആവശ്യപ്പെട്ടത്.
ഒരു മുറി കാണിച്ച് നൽകി, അവിടെവെച്ച് എന്തുംചെയ്യാൻ സാധിക്കുമെന്നും പുറംലോകം കാണില്ലെന്നും ഭീഷണിപ്പെടുത്തി. മകളുടെ വിവാഹ നിശ്ചയം നടക്കില്ലെന്നാണ് അരവിന്ദനോട് പറഞ്ഞത്. ഇ.ഡി.ബലപ്രയോഗം നടത്തി. കൊല്ലുമെന്ന് പറഞ്ഞു. ചരിത്രത്തിലില്ലാത്ത സംഭവമാണ് നടന്നത്. ആളുകളെ ആക്രമിക്കുകയും കുതിരകയറുകയും ചെയ്തു. ഉത്തരേന്ത്യയിൽ നിന്ന് വന്ന ഉദ്യോഗസ്ഥരുടെ അടക്കമുള്ള ഒരു കൂട്ടായ ശ്രമമായാണ് ഇതിനെ കാണുന്നത്', സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സഹകരണ സംഘങ്ങളെ കൈപ്പിടിയിലൊതുക്കുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ മുൻകൈയെടുത്ത് കേന്ദ്ര സർക്കാർ നടത്തിവരികയാണ്. സുപ്രീംകോടതി ഇടപെടൽ കൊണ്ടാണ് ഒരു ഘട്ടത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ പിടിച്ചുനിന്നത്. നോട്ട് നിരോധന ഘട്ടത്തിൽ സഹകരണസംഘങ്ങളിൽ നിന്ന് നിക്ഷേപം പിൻവലിക്കാനുള്ള പ്രവണത ശക്തിപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, കേരളത്തിലെ മുഴുവൻ സഹകരണ പ്രസ്ഥാനങ്ങളേയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ കൈകാര്യം ചെയ്യും. അതോടെയാണ് ആ പ്രതിസന്ധി അവസാനിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.
എല്ലാവർക്കും വീട് എന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണം. കെ. ഫോൺ, എഐ ക്യാമറകൾ യാഥാർത്ഥ്യമായത് നേട്ടമാണ്. ദേശീയപാതാ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ കഴിയണം. കേന്ദ്ര സർക്കാർ പണം നൽകാതെ സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ പരിധി വെട്ടിക്കുറയ്ക്കുന്നത് കേരളത്തിലെ ജനങ്ങൾക്കെതിരായ യുദ്ധമാണ്. ഭൂപതിവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചു. 518 കോടി ദേവസ്വം ബോർഡിന് നൽകി. സർക്കാരിന്റെ പ്രവർത്തനം മൂന്നായി തിരിക്കും. കഴിഞ്ഞ സർക്കാർ തുടങ്ങിയത് പൂർത്തിയാക്കും, ഈ സർക്കാരിന്റെ പദ്ധതികൾ പൂർത്തിയാക്കും. പുതിയ പദ്ധതികൾ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിൽ വലിയ തർക്കമാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി മുൻ പ്രതിപക്ഷ നേതാവ് വലിയ അമർഷമാണ് ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തിയത്. കാലം സാക്ഷിയിൽ പറയുന്നത് ഹൈക്കമാൻഡിന്റെ ഇടപെടൽ കൊണ്ടാണ് രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതാവായി തുടരാനാകാഞ്ഞതെന്നാണ്. അതിലെ അമർഷമാണ് ചെന്നിത്തല ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തി പിന്നെ പിൻവലിച്ചത്. വാർത്താ സമ്മേളനത്തിൽ നേതാക്കൾ മൈക്കിന് വേണ്ടി പിടിവലി കൂടിയത് കണ്ടതാണ്. കോൺഗ്രസ് ഉന്നതരുമായി ബന്ധമുള്ള എബിൻ എന്ന പ്രതിയാണ് സിപിഎം നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. വേണ്ട മാറ്റങ്ങൾ വരുത്തും. എല്ലാ വകുപ്പും നല്ല രീതിയിലാണ് പോകുന്നത്. അധികാര കേന്ദ്രമാകാനുള്ള നീക്കം എല്ലാ തലത്തിലുമുണ്ട്. സ്വയം വിമർശനം നടത്തുന്ന കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായത് കള്ള പ്രചാരണമാണെന്ന കാര്യത്തിൽ തർക്കമില്ല. വിശദമായി പരിശോധിച്ച ശേഷമാണ് പാർട്ടി തീരുമാനത്തിലെത്തിയത്. സഹകരണ മേഖലയിൽ ആക്ഷേപം ഒറ്റപ്പെട്ടതാണ്. കരുവനൂരിൽ സിപിഎമ്മിന് ഒന്നും മറച്ചുവെക്കാനില്ല. നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ ശ്രമം നടക്കുന്നുണ്ട്. കരുവന്നൂരിന്റെ പേരിൽ സഹകരണ മേഖല മുഴുവൻ അഴിമതിയാണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാർട്ടി അധ്യക്ഷനല്ലേ കാര്യങ്ങൾ പറയേണ്ടത്? അത് അനുവദിക്കാതെ മൈക്ക് പിടിച്ചുവാങ്ങുന്നത് ശരിയാണോയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. വികസന വിശദീകരണ യോഗത്തിൽ പ്രതിപക്ഷം എതിർക്കുന്നത് അവർക്ക് പേടിയുള്ളതുകൊണ്ടാണ്. P V പിണറായിയല്ലെന്നും അത് പാർട്ടി പരിശോധിച്ച് ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. താൻ ചോദിച്ച 7 ചോദ്യങ്ങൾക്ക് മാത്യു കുഴനാടൻ കൃത്യമായ മറുപടി നൽകിയിട്ടില്ല. അത് പറഞ്ഞ ശേഷമാകാം ബാക്കിയെന്നും അദ്ദേഹം പറഞ്ഞു.




