- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വന്ദേഭാരതിൽ ബിജെപിയുടെ തരംതാണ രാഷ്ട്രീയ കളി; ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി; സഹമന്ത്രിമാരുടെ ഡൽഹിയിലെ റോൾ എന്താണെന്ന് അറിയാം; വി മുരളീധരൻ ഇല്ലാത്ത പത്രാസ് കാണിക്കരുത്'; വിമർശിച്ച് കെ. മുരളീധരൻ
തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജെപി തരംതാണ രാഷ്ട്രീയ കളി നടക്കുന്നുവെന്ന് രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പങ്കാളിയായ വടകര എംപി കെ മുരളീധരൻ. ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി. വി മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വി.മുരളീധരന്റെ നേതൃത്വത്തിൽ തരംതാഴ്ന്ന രാഷ്ട്രീയക്കളി നടന്നുവെന്ന് കെ.മുരളീധരൻ ആരോപിച്ചു. കൊടിപിടിച്ച് ട്രെയിനിനകത്ത് ബിജെപി പ്രവർത്തകർ കയറുകയും നേതാക്കൾക്ക് സ്വീകരണം നൽകുന്നതിനായി ട്രെയിൻ വൈകിപ്പിച്ചെന്നും മുരളീധരൻ പറഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥർ നിസ്സഹായരായിരുന്നുവെന്നും അവർ എന്തെങ്കിലും തരത്തിലുള്ള ആക്ഷൻ എടുത്താൽ വി.മുരളീധരൻ ഇടപെടൽ നടത്തിയിരുന്നെന്നും വടകര എംപി പറഞ്ഞു.
രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയതുകൊണ്ട് കൂടിയാണ് അനുവദിച്ചത്. ഉദ്ഘാടന യാത്ര പക്ഷേ ബിജെപി യാത്രപോലെയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ബിജെപി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കേറുന്നു. ഇതെന്താണിത്. ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. റെയിൽവേ ഉദ്യോഗസ്ഥർ പോലും നിസഹായരാണ്. എന്തെങ്കിലും പറഞ്ഞാൽ അവർക്ക് മുകളിൽ നിന്നും വിളി വരും. വികസന പരിപാടികളെ പാർട്ടി പരിപാടികൾ ആക്കുന്നത് മേലാൽ ആവർത്തിക്കരുതെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
'സഹമന്ത്രിമാരുടെ ഡൽഹിയിലെ റോൾ എന്താണെന്ന് എല്ലാവർക്കും അറിയാം. ഇവിടെ വന്നിട്ട് ഇല്ലാത്ത പത്രാസ് കാണിക്കരുത്. പ്രധാനമന്ത്രി വരുമ്പോൾ പിന്നാലെ വരുന്നതാണ് ഇവരുടെ ജോലി. കൂടുതൽ പറയുന്നില്ല', കെ.മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം-കൊല്ലം ബ്രോഡ്ഗേജിന്റെ ഉദ്ഘാടനത്തിന് അടിയന്തരവസ്ഥ കാലത്തായിട്ടുപോലും ഒരാളും കോൺഗ്രസിന്റെ കൊടി പിടിച്ചില്ല. ഒ.രാജഗോപാൽ കേന്ദ്ര മന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം മുൻകൈ എടുത്ത് ജനശതാബ്ദി കൊണ്ടുവരുന്നത്. ഒരു ബഹളവും ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ ഉദ്ഘാടനത്തിന് പോയിരുന്നു. എന്തിനാണ് ബിജെപി ഇപ്പോൾ ഇങ്ങനെ നാടകം കളിക്കുന്നത്. പത്ത് വോട്ട് പോലും കേരളത്തിൽ കിട്ടില്ല. വോട്ടിങ്മെഷീൻ ഓണാക്കുമ്പോൾ തന്നെ പൊട്ടിപ്പോകും.
വികസനം ആര് കൊണ്ടുവന്നു എന്നത് ചർച്ചചെയ്യേണ്ടത് തന്നെയാണ്. അതിൽ എംപിമാരുടെ പങ്കുമുണ്ട്. കേരള സർക്കാരും ശുപാർശ ചെയ്തിട്ടുണ്ട്. റെയിൽവെ സ്റ്റേഷനിൽ വരാം സ്വീകരിക്കുകയും ചെയ്യാം. എന്നാൽ, വന്നവരൊക്കെ കൊടി പിടിച്ച് ട്രെയിനിൽ കയറി നേതാക്കൾക്ക് മുദ്രാവാക്യം വിളിക്കുന്നത് ദൗർഭാഗ്യകരമാണ്.
കേരളത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലാത്ത വി.മുരളീധരൻ കേരളത്തിന് വല്ലതും നൽകുകയാണെങ്കിൽ താനറിയാതെ കൊടുക്കരുതെന്നും മന്ത്രിമാരോട് പറഞ്ഞിട്ടുണ്ട്. ചില മന്ത്രിമാർ ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇരിക്കുന്ന പദവിയിൽ ഒരു മാന്യതയും ഇല്ലാത്ത ആളാണ് വി മുരളീധരൻ. സാധാരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കൊക്കെ ജയിക്കുമോ തോൽക്കുമോ എന്ന ടെൻഷൻ ഉണ്ടാകും. ജയിക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ നന്നായി അറിയാവുന്നതുകൊണ്ട് ഒരു ടെൻഷനുമില്ലാതെ മത്സരിക്കാൻ കഴിയുന്ന ആളാണ് വി മുരളീധരനെന്നും കെ മുരളീധരൻ പരിഹസിച്ചു.