- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ജെ.ഡി.എസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രി; കേരളം ഭരിക്കുന്നത് എൻഡിഎ - എൽഡിഎഫ് സഖ്യകക്ഷി സർക്കാർ; മോദിയോട് പിണറായിക്ക് വിധേയത്വം'; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കേരളം ഭരിക്കുന്നത് എൻഡിഎ - എൽഡിഎഫ് സഖ്യകക്ഷി സർക്കാരെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തയാറാകണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ചേർന്നതായി ജെഡിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയൻ മന്ത്രിസഭയിൽ ജെഡിഎസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്.
ബിജെപി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എൽഡിഎഫോ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതും വിചിത്രമാണ്. ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച 'ഇന്ത്യ' എന്ന വിശാല പ്ലാറ്റ്ഫോമിൽ പാർട്ടി പ്രതിനിധി വേണ്ടെന്ന് സിപിഎം തീരുമാനിച്ചതും കേരള ഘടകത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ്. ലാവലിനും സ്വർണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉൾപ്പെടെയുള്ള അഴിമതികളിലെ ഒത്തുതീർപ്പും മോദിയോടുള്ള പിണറായി വിജയന്റെ വിധേയത്വവുമാണ് കേന്ദ്ര നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എൻഡിഎയ്ക്കൊപ്പം ചേർന്ന ജെഡിഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ട് വേണം സിപിഎം നേതാക്കൾ സംഘപരിവാർ വിരുദ്ധത സംസാരിക്കാൻ. ഇതിനുള്ള ആർജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും ഉണ്ടോയെന്നു മാത്രമെ ഇനി അറിയേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ പറഞ്ഞു. അതേസമയം, ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാതെ പിണറായി സർക്കാർ ജനസദസ്സ് എന്ന തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ തയ്യാറെടുക്കുന്നതിലൂടെ സിപിഎമ്മിന്റെ ഫാസിസ്റ്റ് - സംഘപരിവാർ അനൂകുല മനസ്സ് പ്രകടമായെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി പറഞ്ഞു.
ബിജെപി വിരുദ്ധത സിപിഎമ്മിന് എന്നും അധരവ്യായാമം മാത്രമാണ്. സംഘപരിവാർ വിരോധത്തിൽ സിപിഎമ്മിന് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ, ബിജെപി പാളയത്തിലെത്തിയ ജെഡിഎസിനെ ഉടനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കുകയോ ബിജെപി ബന്ധം ഉപേക്ഷിച്ച് വരുന്നതുവരെ മാറിനിൽക്കാനോ ആവശ്യപ്പെടുമായിരുന്നു
അതിതുവരെ ഉണ്ടാവാത്തതിലൂടെ സംഘപരിവാർ വിരോധികളാണ് തങ്ങളെന്ന് ന്യൂനപക്ഷങ്ങളെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്ന സി പി എമ്മിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്നു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിൽ വിള്ളലുണ്ടാക്കുന്ന സമീപനം സി പി എം സ്വീകരിക്കുന്നതും ഇതേ മാനോഭാവത്തോടെയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
സി പി എമ്മിന്റെ മുഖ്യശത്രു കോൺഗ്രസ് മാത്രമാണ്. സി പി എമ്മിന് ബിജെപിയോട് ഒരിക്കലും അയിത്തം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ബിജെപി ഉന്നത സൗഹൃദത്തിന്റെ ഗുണഫലമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണങ്ങൾ പലതും ആവിയായിപ്പോയത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾ അദ്ദേഹത്തിന്റെ നിഴലിനെ പോലും ഭയക്കുന്നത് സംഘമിത്രത്തോടുള്ള കൂറുകൊണ്ടാണ്. കരുവന്നൂരിലെ നിക്ഷേപതട്ടിപ്പിൽ നടക്കുന്ന ഇ ഡി അന്വേഷണത്തിന്റെ ഗതി വരുംദിവസങ്ങളിൽ അറിയാം. സി പി എം - ബിജെപി ബന്ധം കൂടുതൽ ദൃഢമാക്കുന്ന ബൈപ്പാസായി ജെ ഡി എസിന്റെ ബിജെപി സഖ്യ പ്രവേശനം മാറും. അതിനാലാണ് ബിജെപിയുടെ സഖ്യകക്ഷിയായ ജെ ഡി എസിനെ കേരളത്തിൽ ചുമക്കാൻ സി പി എം തീരുമാനിച്ചത്.
സി പി എമ്മിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനും പണം പിരിക്കാനും വേണ്ടിയുള്ള ഉപാധിയായി കേരളീയം, ജനസദസ്സ് പരിപാടികളെ മാറ്റുകയാണ് ലക്ഷ്യം. സ്പോൺസർമാരെ കണ്ടെത്തി കോടികൾ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പിരിക്കുക എന്ന നിഗൂഢലക്ഷ്യമാണ് മന്ത്രിമാരുടെ മണ്ഡലപര്യടനത്തിന് പിന്നിലെ ഉദ്ദേശം. നാളിതുവരെ ജനങ്ങളിൽ നിന്നും അകലം പാലിച്ച എൽ ഡി എഫ് സർക്കാരും മുഖ്യമന്ത്രിയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളോട് അമിത താൽപ്പര്യം കാട്ടുന്നതിലെ പിന്നിലെ ചതി തിരിച്ചറിയാനുള്ള വിവേകം കേരളജനതക്ക് ഉണ്ടെന്നും സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ