- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു വള്ളത്തിൽ മുന്നോട്ടുപോകാനാകില്ല! ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ല; എൻഡിഎയുടെ ഭാഗമായ ജനതാദൾ എസിന് മുന്നറിയിപ്പു നൽകി സിപിഎം; ദേവഗൗഡയുമായി സംസ്ഥാന നേതൃത്വം കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെ നയിക്കുന്ന എൻഡിഎയുടെ ഭാഗമായി മാറിയ ജനതാദൾ എസിന് കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമായി തുടരാനാകില്ലെന്ന മുന്നറിയിപ്പു നൽകി സിപിഎം. രണ്ടു വള്ളത്തിൽ മുന്നോട്ടുപോകാനാകില്ലെന്ന് ജെ.ഡി.എസിനോട് എൽ.ഡി.എഫ്. വ്യക്തമാക്കിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. നിലപാട് ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യമുയർന്നു.
ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ലെന്ന് സിപിഎം വ്യക്തമാക്കിയെന്നാണ് വിവരം. ഈ വിഷയത്തിൽ അടിയന്തിരമായി പ്രശ്‌നപരിഹാരം ഉണ്ടാകണമെന്ന് ജെഡിഎസ് സംസ്ഥാന നേതൃത്വത്തോട് സിപിഎം നിർദ്ദേശിച്ചു. കേരളം ഭരിക്കുന്നത് എൻഡിഎ ഇടതുമുന്നണി സഖ്യകക്ഷി സർക്കാരെന്ന് പ്രതിപക്ഷം ആരോപിച്ച പശ്ചാത്തലത്തിലാണ് സിപിഎം നിലപാട് കടുപ്പിച്ചത്.
സിപിഎം നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിനായുള്ള നീക്കങ്ങളിലേക്ക് ജെഡിഎസ് നീങ്ങി. ഒക്ടോബർ ഏഴിന് ജെഡിഎസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേരുന്നുണ്ട്. ഇതിന് മുൻപ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ജയിച്ച എംഎൽഎ.മാർക്ക് മറ്റൊരു പാർട്ടിയുണ്ടാക്കിപ്പോകാൻ വലിയ നിയമക്കുരുക്കുകളുണ്ട്. ഇതിന് പരിഹാരം തേടിയാണ് ഒക്ടോബർ ഏഴിന് ജെ.ഡി.എസ്. യോഗം വിളിച്ചത്. യോഗത്തിന് മുൻപ് ദേവഗൗഡയുമായി സംസ്ഥാന നേതൃത്വം കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പാർട്ടി നേതാക്കളായ മന്ത്രി കൃഷ്ണൻകുട്ടി, മാത്യൂ ടി. തോമസ് എംഎൽഎ.എ. എന്നിവർ ഗൗഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമം ആരംഭിച്ചു.
അതിനിടെ എൽ.ജെ.ഡി.യോട് സഹകരിക്കണമെന്നാണ് ജെ.ഡി.എസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഒറ്റയ്ക്കു നിൽക്കാമെന്നാണ് മാത്യൂ ടി. തോമസ് വിഭാഗത്തിന്റെ നിലപാട് എന്നാണ് പുറത്തുവരുന്ന വിവരം. ജെ.ഡി.എസ്. നിലപാട് വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ഭയം സിപിഎമ്മിനുമുണ്ട്.
എംഎൽഎ.മാരുടെ കാലാവധി തീരുന്നതുവരെ ജെ.ഡി.എസിൽത്തന്നെ തുടരുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ജനപ്രതിനിധികളല്ലാത്ത നേതാക്കൾക്ക് ഒരു പ്രത്യേക പാർട്ടിയായി മാറി നിലവിലെ കേരളത്തിലെ ഏതെങ്കിലും സോഷ്യലിസ്റ്റ് പാർട്ടികളുമായി ലയിച്ചുകൊണ്ട് നിൽക്കാം എന്നും ചർച്ചയുണ്ട്. എന്നാൽ പാർട്ടിയും പാർട്ടി പ്രവർത്തകരും ഇടതുമുന്നണിക്കൊപ്പം തുടർന്നുകൊണ്ട് വേറൊരു ബ്ലോക്ക് ആയി നൽക്കുന്നതു സംബന്ധിച്ച അഭിപ്രായവുമുണ്ട്.
ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള ജനതാദൾ (എസ്) ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം അംഗീകരിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പറഞ്ഞിരുന്നു. ബിജെപി വിരുദ്ധ, കോൺഗ്രസ് ഇതര കക്ഷികളുമായി ചേർന്നു പ്രവർത്തിക്കാനാണ് പാർട്ടിയുടെ ദേശീയ പ്ലീനവും ദേശീയ നിർവാഹക സമിതിയും തീരുമാനിച്ചത്.
അതിനു വിരുദ്ധമായ തീരുമാനം ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ട് പ്ലീനം എടുത്ത നിലപാടിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ജെഡിഎസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.




