തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ പ്രശ്‌ന പരിഹാരത്തിന് സിപിഎം നീക്കം. എകെജി സെന്ററിൽ അടിയന്തര യോഗം ചേരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണനടക്കം പങ്കെടുക്കുന്നുണ്ട്.

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിലാണ് യോഗം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കരുവന്നൂർ വിഷയം രാഷ്ട്രീയ പ്രതിയോഗികൾക്ക് ആയുധമായി നൽകാൻ സിപിഎം ആഗ്രഹിക്കുന്നില്ല.

സഹകരണമേഖലയിലെ ക്രമക്കേടുകൾക്കെതിരെ പാർട്ടിയിൽ ഉയരുന്ന എതിർപ്പും സിപിഎം കണക്കിലെടുക്കുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താനുള്ള സാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു.

പണം നഷ്ടപ്പെട്ടവർക്ക് തുക തിരികെ നൽകി ജനരോഷം തണുപ്പിക്കാനാണ് ശ്രമം. കേരള ബാങ്കിൽനിന്ന് 50 കോടിയോളം രൂപ കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് നൽകാനായി കൈമാറാൻ ആലോചിക്കുന്നുണ്ട്. ഇക്കാര്യം ആലോചനയിലുണ്ടെന്ന് എം.കെ.കണ്ണൻ വ്യക്തമാക്കിയിരുന്നു.

അതേ സമയം സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പണം സമാഹരിച്ച് കരുവന്നൂർ ബാങ്കിൽ എത്തിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ പ്രതികരിച്ചു. സഹകരണ പുനരുദ്ധാരണ നിധിക്ക് ആർബിഐയുടെ നിയന്ത്രണമില്ല. അടുത്ത ആഴ്ചയോട് കൂടി ഒരു പാക്കേജ് കൂടി പ്രഖ്യാപിക്കുമെന്നും വാസവൻ പറഞ്ഞു.

'കരുവന്നൂരിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഫലമായി ഏതാണ്ട് 73 കോടിയിലധികം രൂപ നിക്ഷേപകർക്ക് തിരിച്ചു കൊടുത്തു. 110 കോടി രൂപയോളം പുനക്രമീകരിച്ചിട്ടുണ്ട്. പലിശ കൊടുത്തും, നിക്ഷേപത്തിന്റെ ഒരു ഭാഗം കൊടുത്തുമാണ് പുനക്രമീകരിച്ചത്.

ഏതാണ്ട് 36 കോടി രൂപയോളം അവിടെ തിരിച്ചുവരവുണ്ടായിരുന്നു. അതിനെ സഹായിക്കാൻ വേണ്ടി വിവിധ സംഘങ്ങളിൽ നിന്നുള്ള നിക്ഷേപവും ഒപ്പം ക്ഷേമബോർഡിൽ നിന്നും പണവും കൊടുത്തിരുന്നു. അതുപോലെ ഷെയർ ക്യാപിറ്റൽ പണവും കൊടുത്തിരുന്നു. ഇതെല്ലാം കൂട്ടിച്ചേർത്താണ് നേരത്തെയുണ്ടാക്കിയ പാക്കേജ്. ആ പാക്കജിൽ ഇനി ചില സംഘങ്ങൾക്ക് കൂടി പണം കൊടുക്കാനുണ്ട്. അതുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.