- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇഡിയുടെ നടപടികൾ ബാങ്കിന്റെ തിരിച്ചുവരവിനെ ബാധിച്ചു; 50 കോടി ഉടൻ കിട്ടും; അമ്പതിനായിരത്തിൽ താഴെയുള്ള നിക്ഷേപം ഉടൻ തിരികെ നൽകും'; കരുവന്നൂരിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മന്ത്രി വാസവൻ
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് കഴിയുന്നത്ര വേഗത്തിൽ പണം തിരികെ നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. നിക്ഷേപകരിൽ ഒരാൾക്കും ഒരുരൂപ പോലും നഷ്ടമാകില്ലെന്നും 50 കോടി രൂപ ബാങ്കിന് ഉടൻ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. നിക്ഷേപകർക്ക് എത്രയും പെട്ടെന്നു പണം തിരികെ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങൾ നവംബറിനുള്ളിൽ നൽകും. കല്യാണം, ചികിത്സ തുടങ്ങി ആവശ്യങ്ങൾ പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'മുമ്പ് എടുത്ത തീരുമാനം പൂർണ അർഥത്തിൽ നടപ്പാക്കും. കേരള ബാങ്കിലെ പഴയ നിക്ഷേപമായി കിട്ടാനുള്ള 12 കോടി രൂപ കരുവന്നൂർ ബാങ്കിന് നൽകും. 25 ലക്ഷം രൂപ കൺസ്യൂമർ ഫെഡിലെ നിക്ഷേപം തിരികെ കിട്ടും. ഇരിങ്ങാലക്കുട ആശുപത്രിക്ക് കൊടുത്ത 10 ലക്ഷം തിരികെ ലഭിക്കും. സഹകരണ ക്ഷേമനിധി ബോർഡിൽനിന്ന് അഞ്ചു കോടി കൂടി കൊടുക്കും. തൃശ്ശൂർ ജില്ലയിലെ സഹകരണ ബാങ്കുകളിൽനിന്നായി 15 കോടിയുടെ നിക്ഷേപം കൂടി വാങ്ങിനൽകും. ഇതെല്ലാം ചേർത്ത് 41.75 കോടി രൂപ അടിയന്തരമായി ബാങ്കിന് കിട്ടും. ഇതിനൊപ്പം റിക്കവറി നടത്തി കിട്ടുന്ന ഒമ്പത് കോടി രൂപ കൂടി ചേർത്ത് ആകെ 50 കോടി രൂപ ബാങ്കിന് ലഭിക്കും'- മന്ത്രി പറഞ്ഞു.
കരുവന്നൂരിൽ 2011 മുതൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും 2019ൽ ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നെന്നും ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് 18 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
''കരുവന്നൂർ ബാങ്കിനെ തകർച്ചയിൽനിന്നു രക്ഷിക്കാൻ വേണ്ടി അന്ന് സർക്കാരുണ്ടാക്കിയ പാക്കേജിൽ ഏതാണ്ട് 73 കോടി രൂപ നിക്ഷേപകർക്കു തിരിച്ചുകൊടുത്തിരുന്നു. 110 കോടി രൂപയോളം നിലവിലുണ്ടായ നിക്ഷേപങ്ങൾ, കുറേയൊക്കെ പലിശ കൊടുത്തും ഒരു വിഹിതം കൊടുത്തും പുനഃക്രമീകരിച്ചു. അതോടൊപ്പം തന്നെ പാക്കേജിന്റെ ഭാഗമായി സഹകരണ ക്ഷേമനിധി ബോർഡിൽനിന്ന് 10 കോടി രൂപ കൊടുക്കാനും തൃശൂർ ജില്ലയിലെ സഹകരണസംഘങ്ങൾ നിക്ഷേപമായി 20 കോടി രൂപ കൊടുക്കാനും ഒപ്പം അവർക്ക് ലഭിക്കാനുണ്ടായിരുന്ന ചില ഓഹരികൾ വാങ്ങിയെടുക്കാനുമാണ് അന്നു പാക്കേജിൽ നിർദേശിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ, തിരിച്ചടവ് ഉൾപ്പെടെ കിട്ടിയ 73 കോടി രൂപയാണ് നിക്ഷേപകർക്ക് കൊടുത്തത്.
അതുപോലെ സ്വർണപ്പണയം അവർ സാധാരണഗതിയിൽ എടുത്തുതുടങ്ങി. ഏതാണ്ട് അഞ്ചു കോടിയിൽപ്പരം വായ്പ കൊടുത്തുകഴിഞ്ഞു. വായ്പപ്രവർത്തനങ്ങളിലേക്ക് അവർ തിരികെ വന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം ഒരു ഘട്ടത്തിൽ ഇഡി വന്ന് അവിടുത്തെ ഫയലുകൾ എല്ലാം കൊണ്ടുപോയി. 162 ആധാരത്തിന്റെ കോപ്പിയാണ് ഇഡി കൊണ്ടുപോയത്. പ്രധാനപ്പെട്ട ചില രേഖകളും എടുത്തുകൊണ്ടു പോയി. ഈ 162 ആധാരങ്ങളിൽനിന്നായി 182.5 കോടി രൂപ ബാങ്കിന് ലഭിക്കാനുണ്ട്. അതു തിരിച്ചടയ്ക്കാൻ വേണ്ടി പലരും വന്നപ്പോൾ ആധാരം ഇല്ലാത്തതു കൊണ്ട് പണം കൊടുക്കാതെ പോയി.
അങ്ങനെ ഗൗരവമേറിയ ഒരു പ്രശ്‌നം ഇഡി മുഖാന്തരം ബാങ്കിന് ഉണ്ടായി എന്നത് വിഷമിപ്പിക്കുന്ന കാര്യമാണ്. അതു തിരിച്ചുപിടിക്കാൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. നമുക്ക് കിട്ടേണ്ട പൈസ നഷ്ടപ്പെടുത്തുന്നതിന് ഇതു കാരണമായി. ബാങ്കിൽ പിരിച്ചു കിട്ടാനുള്ളത് 506.61 കോടി രൂപയാണ്. ബാങ്കിനു കൊടുത്തു തീർക്കാനുള്ളത് സ്ഥിരനിക്ഷേപം ഉൾപ്പെടെ 282.6 കോടി രൂപയും. ഇതിനു പുറമേ ബാങ്കിനു നല്ല ആസ്തിയുണ്ട്. സ്വന്തമായി ഏതാണ്ട് പതിനേഴോളം സ്ഥലമുണ്ട്, മാത്രമല്ല ഒരു അഞ്ചു വസ്തുവകകൾ കൂടി ലേലത്തിൽവച്ച് ഇവരുടെ കൈവശം വന്നിട്ടുണ്ട്. ഇതിൽ ചിലതെല്ലാം കേരള ബാങ്കിലും മറ്റു ബാങ്കുകളിലുമെല്ലാം പണയപ്പെടുത്തിയതും പണയപ്പെടുത്താത്തതും ഉണ്ട്. ഇഡിയുടെ നടപടികൾ ബാങ്കിന്റെ തിരിച്ചുവരവിനെ കാര്യമായി ബാധിച്ചു. ഇഡി കള്ളപ്പണം പിടിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ ഈ അന്വേഷണങ്ങൾ വളഞ്ഞ വഴിയിലൂടെ ആകരുത്'' വാസവൻ പറഞ്ഞു.
ബാങ്കിന്റെ വരുമാനേതര ആസ്തികൾ വരുമാനമുള്ള ആസ്തികളാക്കി മാറ്റാനുള്ള നടപടിയും സ്വീകരിക്കും. സാധാരണക്കാരുടെ അമ്പതിനായിരത്തിൽ താഴെയുള്ള നിക്ഷേപം ഉടൻ തിരികെ നൽകാൻ കഴിയും. ഒരു ലക്ഷത്തിന് മുകളിൽ നിക്ഷേപമുള്ളവർക്ക് അമ്പതിനായിരം രൂപയും തിരികെ നൽകും. 31-9-2023 വരെ മെച്വർ ആകുന്ന നിക്ഷേപങ്ങളിൽ 50 ശതമാനം പലിശയും നിക്ഷേപത്തിന്റെ 10 ശതമാനം വിഹിതവും നൽകും. ഇതിനുപുറമേ ആശുപത്രി, വിവാഹം എന്നീ അത്യാവശ്യ കാര്യങ്ങൾക്ക് നിക്ഷേപകരെ സഹായിക്കാൻ കോടതി അനുമതിയോടെ പണം നൽകാൻ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ആർബിഐയുടെ അനുമതി വേണ്ട ഒരു കാര്യവും ഇപ്പോൾ പ്രഖ്യാപിച്ച കാര്യത്തിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി
ഉദ്യോഗസ്ഥ തലത്തിൽ കൃത്യമായി കാര്യങ്ങൾ ശ്രദ്ധിക്കാൻ കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥനെ കരുവന്നൂർ സഹകരണ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവായി നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. നാല് ആർബിട്രേറ്റർമാരെയും നിശ്ചയിച്ചിട്ടുണ്ട്. 506 കോടി രൂപയോളം കിട്ടാനുള്ളിടത്ത് റിക്കവറി സെൽ ശക്തിപ്പെടുത്തേണ്ടതിന്റെ ഭാഗമായി ഒറ്റത്തവണ തീർപ്പാക്കൽ ഡിസംബർ 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായും സഹകരണ മേഖലയ്ക്ക് ഒരു കളങ്കവുമില്ലാത്ത രീതിയിൽ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.




