- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ശിവരാമൻ തൊടുപുഴയിലാണ്; അയാൾക്ക് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ല; കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാൾക്കില്ല'; സിപിഐ നേതാവിനെതിരെ വീണ്ടും എം എം മണി; വാക്‌പോര് മുറുകുന്നു
തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം.എം മണി എംഎൽഎയും സിപിഐ നേതാവ് കെ.കെ ശിവരാമനും തമ്മിലുള്ള വാക്‌പോര് കടുക്കുന്നു. തൊടുപുഴയിലുള്ള ശിവരാമന് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ലെന്നും കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാൾക്കില്ലെന്നും എം.എം മണി വിമർശിച്ചു. ഇവിടെ കയ്യേറ്റമുണ്ടെങ്കിൽ ശിവരാമൻ വന്ന് കാട്ടിത്തരട്ടെയെന്ന് നേരത്തെ മണി നടത്തിയ പ്രതികരണത്തിന് താൻ വന്നുകാട്ടിത്തരാൻ തയ്യാറാണെന്ന് ശിവരാമൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് മണിയുടെ പ്രതികരണം.
'എൽഡിഎഫിന്റെ നേതാവാണ് അങ്ങേര്. ചുമ്മാ അങ്ങേരുമായി നമ്മൾക്ക് ഒരു ഉടക്കുമില്ല. പുള്ളി ഇങ്ങനെ ഇടയ്ക്കിടെയ്ക്ക് എന്റെ പേര് പറയുകയാണ്. ശിവരാമൻ തൊടുപുഴയിലാണ്. ആയാൾക്ക് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ല. ഇവിടെ താമസിക്കുന്ന ആളുകളുടെ കൂടെയാ എംഎം മണി. ഞങ്ങള് മലയിലാ. കാലങ്ങളായി ഇവിടെ ജീവിതം മുഴുവൻ തുലച്ചു. അവിടെ തൊടുപുഴ താലൂക്കിൽ ഇരുന്നുകൊണ്ട് ഇവിടുത്തെ കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാൾക്കില്ല'- എംഎം മണി പറഞ്ഞു.
ഇരുവരും തമ്മിലുള്ള ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി സിപിഐ ഇടുക്കി ജില്ല നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. വിഷയത്തിൽ കെ.കെ. ശിവരാമനെ അനുകൂലിച്ച സിപിഐ ജില്ല നേതൃത്വം എം.എം. മണിയുടെ നിലപാടിനെ തള്ളി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കയ്യേറ്റം ഇല്ല എന്ന എം.എം മണിയുടെ നിലപാടിനോട് സിപിഐക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കി. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലീംകുമാറാണ് ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് തുറന്നുപറഞ്ഞത്. കെ.കെ. ശിവരാമൻ പറഞ്ഞത് സിപിഐയുടെ ഔദ്യോഗിക നിലപാടാണെന്നും കയ്യേറ്റം ഒഴിപ്പിക്കുക എന്നത് തന്നെയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു.
കയ്യേറ്റം ഇല്ല എന്ന എംഎം മണിയുടെ നിലപാടിനോട് സിപിഐക്ക് യോജിപ്പില്ല. റവന്യൂ വകുപ്പ് സിപിഐയിൽ നിന്നും മാറ്റണമെന്ന നിലപാട് എം.എം മണി മുഖ്യമന്ത്രിയോടാണ് പറയേണ്ടതെന്നും തങ്ങളോട് അല്ലെന്നും സലീംകുമാർ പറഞ്ഞു.ഇടുക്കിയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എംഎം മണിയുടെ അഭിപ്രായം ചിലപ്പോൾ സിപിഎമ്മിന്റെ അഭിപ്രായം കൂടിയാകാം. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നിലപാടും സിപിഐക്കില്ല. കയ്യേറ്റ വിഷയത്തിൽ ഒഴിപ്പിക്കണമെന്ന് തന്നെയാണ് സിപിഐയുടെ നിലപാട്.
ഇക്കാര്യത്തിൽ എംഎം മണിയുടെ നിലപാടിനോട് യോജിക്കാൻ സിപിഐക്ക് ആവില്ല. കൊട്ടക്കാപൂരിൽ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ചിലർക്ക് പ്രയാസങ്ങളുണ്ടായിരിക്കാം. ചിന്നക്കനാലിൽ ഉൾപ്പെടെ ജില്ലയിൽ റവന്യു ഭൂമി കയ്യേറി റിസോർട്ടുകൾ ഉൾപ്പെടെ നിർമ്മിച്ചത് ഒഴിപ്പിക്കണമെന്നതാണ് സിപിഐയുടെ നിലപാട്. മുന്നണിയിൽ മൂന്നാർ കയ്യേറ്റം വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. അതിനാൽ തന്നെ പരസ്പരം പരിഹസിക്കുന്ന രീതി ഒഴിവാക്കണൊ എന്നത് എംഎം മണി ആലോചിക്കേണ്ടതാണെന്നും 2007ലെ പോലെയുള്ള ഒരു ദൗത്യസംഘം ആയിരിക്കില്ല ഇനിയുണ്ടാകുകയെന്നും സലിംകുമാർ കൂട്ടിചേർത്തു.
ജില്ലയിൽ വൻകിട കയ്യേറ്റമുണ്ടെങ്കിൽ ശിവരാമൻ വന്ന് കാണിച്ചുകൊടുക്കട്ടെയെന്ന് എം.എം മണി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കയ്യേറ്റം കാണിച്ചുതരാമെന്ന് കെ.കെ. ശിവരാമനും തിരിച്ചടിച്ചു. മൂന്നാർ മേഖലയിൽ സിപിഎം നേതാക്കളും ബന്ധുക്കളും വരെ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് പ്രചരിക്കുന്നുണ്ടെന്നും ആർക്ക് കയ്യേറ്റം ഉണ്ടെങ്കിലും ഒഴിപ്പിക്കണമെന്നും കെ.കെ. ശിവരാമൻ വ്യക്തമാക്കിയിരുന്നു. കയ്യേറ്റം കാണിച്ചുകൊടുക്കാൻ മണിയാശാൻ ആവശ്യപ്പെട്ടതിനാൽ കാണിച്ചു കൊടുക്കാമെന്ന് താൻ പറഞ്ഞതോടെ ആ തർക്കം അവിടെ വച്ച് തീർന്നുവെന്നും ശിവരാമൻ പറഞ്ഞിരുന്നു. മൂന്നാറിൽ കയ്യേറ്റമില്ലെന്നാണ് സിപിഎം ജില്ല നേതാക്കളുടെ നിലപാടെങ്കിൽ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് സിപിഐ ജില്ല നേതൃത്വം. സിപിഐ ജില്ല സെക്രട്ടറിയുടെ പ്രസ്താവന വന്നതോടെ വിഷയത്തിൽ ഇരുമുന്നണികൾക്കുമിടയിൽ ആരോപണ പ്രത്യാരോപണം തുടരാനുള്ള സാധ്യതയുമേറി.




