- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖംമിനുക്കാൻ മണ്ഡലപര്യടനത്തിന് തയ്യാറെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും; കരുവന്നൂരിലെ 'വീഴ്ച' തുറന്നുകാട്ടി ജി. സുധാകരൻ; സിപിഎമ്മിനെ വെട്ടിലാക്കിയ മുന്മന്ത്രിയുടെ വിമർശനം പിണറായിക്കെതിരായ പോർവിളി; സിപിഎമ്മിലും ഭിന്ന സ്വരമെത്തുമ്പോൾ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാൻ മണ്ഡലപര്യടനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുങ്ങവെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ മുന്മന്ത്രി ജി. സുധാകരന്റെ വിമർശനത്തിൽ പ്രതികരിക്കാതെ നേതൃത്വം. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള പാർട്ടി അന്വേഷണത്തിൽ പിഴവുസംഭവിച്ചെന്ന സുധാകരന്റെ തുറന്നുപറച്ചിലാണ് പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്.
ഏതെങ്കിലും പാർട്ടി അംഗമോ ഏതാനും പാർട്ടിക്കാരോ ആരോപണത്തിൽ വന്നു വീണതു കൊണ്ടു കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിശുദ്ധി ഇല്ലാതാകില്ലെന്നും ഏതു കൊലകൊമ്പനെ അറസ്റ്റ് ചെയ്താലും പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നുമാണ് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ പറഞ്ഞത്. ഇതോടെ കരുവന്നൂർ കേസിൽ ഉൾപ്പെട്ട നേതാക്കളെ സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ പാർട്ടി നേതൃത്വമാണ് വെട്ടിലായത്.
കരുവന്നൂർ പ്രശ്നത്തിൽ കേന്ദ്രസർക്കാർ നീക്കങ്ങളെ പഴിച്ച് പ്രതിരോധം തീർക്കാനുള്ള സിപിഎം. തന്ത്രങ്ങളെയാണ് ഫലത്തിൽ സുധാകരൻ ചോദ്യംചെയ്തിട്ടുള്ളത്. കേസന്വേഷണത്തിൽ ഇ.ഡി.യെ തടയാനാവില്ലെന്നാണ് മുൻ സഹകരണമന്ത്രിയായിരുന്ന ജി സുധാകരന്റെ അഭിപ്രായം. കരുവന്നൂരിൽ ശക്തമായി നടപടിയെടുത്തു മുന്നോട്ടുപോവേണ്ടതായിരുന്നു എന്ന് കേന്ദ്രകമ്മിറ്റിയംഗവും എൽ.ഡി.എഫ്. കൺവീനറുമായ ഇ.പി. ജയരാജൻ തുറന്നുപറഞ്ഞതിനു പിന്നാലെയാണ് ജി. സുധാകരന്റെ വിമർശനം.
'തെറ്റു ചെയ്യുന്നത് ഏതു കൊലകൊമ്പനായാലും നടപടിയെടുക്കണം. സഹകരണ സ്ഥാപനങ്ങൾ ഒരു പാർട്ടിയുടേതുമല്ല, നിക്ഷേപകരുടേതാണ്. ബാങ്കിൽനിന്നു പണം കൊണ്ടുപോയിട്ടുണ്ടെങ്കിൽ കുറ്റക്കാരുടെ സ്വത്തു കണ്ടുകെട്ടി തിരികെ ഈടാക്കണം' വിഷയത്തിൽ വാർത്താ ചാനലിനു നൽകിയ അഭിമുഖം ചർച്ചയായ സാഹചര്യത്തിലായിരുന്നു ജി സുധാകരന്റെ തുറന്നുപറച്ചിൽ.
''ഇ.ഡി. ഭരണഘടനയുടെ ഉപകരണമാണ്. അവർക്ക് ഇടപെടാൻ അധികാരമുണ്ട്. ഇല്ലെന്ന് എങ്ങനെ പറയാൻ പറ്റും. നമുക്ക് ഉപരിയല്ലേ ഭരണഘടന? ആരു വിചാരിച്ചാലും തടയാൻ പറ്റുമോ. അവരുമായി സഹകരിച്ചു വസ്തുതകൾ ബോധ്യപ്പെടുത്തണം. അവരുടെ നിഗമനം ശരിയല്ലെങ്കിൽ, നിങ്ങൾ ഈ കണ്ടതു തെറ്റാണ്, ഇതാണു ശരി എന്നു കണ്ണനെപ്പോലുള്ളവർക്കു (സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ.കണ്ണൻ) പറഞ്ഞു കൊടുത്തുകൂടേ? അയാളല്ലേ നിർണായകമായ മുൻകയ്യെടുക്കേണ്ടത്? അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ അതു പറയട്ടെ. അല്ലാതെ ഈ നാട്ടിലെ കമ്യൂണിസ്റ്റുകാരും ലക്ഷക്കണക്കിനു ജനങ്ങളും എന്തു പിഴച്ചു'' സുധാകരൻ ചോദിച്ചു.
പാർട്ടിക്കെതിരായല്ല പറയുന്നതെന്നും സിപിഎം എല്ലാ അഴിമതിക്കും എതിരാണെന്നും സുധാകരൻ പറഞ്ഞു. സഹകരണ ബാങ്കുകളിൽ സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ല. ദീർഘകാലം കുഴപ്പം നടന്നാൽ അതു ഭരണസമിതി ശരിയായി പരിശോധിക്കാത്തതു കൊണ്ടാണ്. ഓഡിറ്റ് റിപ്പോർട്ട് ഉണ്ടാകുമല്ലോ. ഓഡിറ്റർമാർ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്? എത്ര സഹകരണ ബാങ്കിൽ പ്രശ്‌നമുണ്ടായാലും സഹകരണ പ്രസ്ഥാനം ഇവിടെയുണ്ടാകും. അതു ജനങ്ങളുടെ വിശ്വാസമുള്ളതാണ്.
പ്രതിപക്ഷം ഭരിക്കുന്നിടത്തു മാത്രം ഇഡി അന്വേഷിക്കുന്നതു പക്ഷേ, ശരിയല്ല. പരാതിയുണ്ടാകുന്ന എല്ലായിടത്തും ഇ.ഡി അന്വേഷണം നടത്തണം. കരുവന്നൂരിൽ ഇഡി എന്താണ് അന്വേഷിക്കുന്നത്, എന്തൊക്കെ കണ്ടെത്തി തുടങ്ങിയ വിവരങ്ങൾ വന്നിട്ടില്ല. അതു വരണം. ഇപ്പോൾ ചില വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തിക്കിട്ടുന്നതാണ്. താൻ മന്ത്രിയായിരിക്കുമ്പോഴാണു സഹകരണ വിജിലൻസ് എന്ന സംവിധാനം കൊണ്ടുവന്നതെന്നും സുധാകരൻ പറഞ്ഞു.
അതേ സമയം കരുവന്നൂർ പ്രശ്നത്തെ രാഷ്ട്രീയമായി നേരിടാനുള്ള സിപിഎമ്മിന്റെയും സർക്കാരിന്റെയും പ്രഖ്യാപിതതീരുമാനത്തിന് പാർട്ടിയിലെ മുതിർന്ന നേതാവിന്റെ വിമർശനം വലിയ പ്രതിരോധമാണ് ഉയർത്തുന്നത്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ വികസനങ്ങളുടെ പേരിലാണ് രണ്ടാംസർക്കാർ വന്നതെന്ന അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ ഉന്നമിട്ടാണെന്നാണ് സിപിഎമ്മിലെ അണിയറച്ചർച്ച.
കരുവന്നൂർ പ്രശ്നത്തിൽ പാർട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന ഒറ്റവരി മാത്രമാണ് മാധ്യമങ്ങളോട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. സുധാകരനെ ഏതെങ്കിലുംതരത്തിൽ പ്രയാസപ്പെടുത്തുന്ന നിലപാട് പാർട്ടിക്കില്ലെന്നു വ്യക്തമാക്കി ആലപ്പുഴയിൽനിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ സജി ചെറിയാനും ഒഴിഞ്ഞുമാറി. മുതിർന്ന നേതാവെന്നനിലയിൽ എല്ലാ പരിഗണനയും നൽകിയാണ് മുന്നോട്ടുപോവുന്നതെന്ന് പറയാനും അദ്ദേഹം മറന്നില്ല.
ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് തർക്കവുമായി ബന്ധപ്പെട്ട് അച്ചടക്കനടപടി നേരിട്ടയാളാണ് സുധാകരൻ. താൻ ആരെയും തോൽപ്പിച്ചിട്ടില്ലെന്ന് വിശദീകരിച്ച് പാർട്ടി നടപടിയെ പരസ്യമായി തള്ളിയിരിക്കുകയാണ് അദ്ദേഹം. താൻ 24 പേജ് വിശദീകരണം എഴുതിക്കൊടുത്തെന്നും പരാതി അന്വേഷിച്ച എളമരം കരീം കമ്മിഷൻ ഒരു വരിപോലും അംഗീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നടന്നതെന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നാണ് വെല്ലുവിളി. ഇതോടെ, ഇപ്പോഴത്തെ വിമർശനത്തിൽ തുടർചലനങ്ങളുണ്ടാവുമെന്നുറപ്പായി. ജി. സുധാകരൻ ഇപ്പോൾ ബ്രാഞ്ച് അംഗം മാത്രമാണെങ്കിലും പരസ്യമായി വെല്ലുവിളിച്ചാൽ സിപിഎമ്മിന്റെ സംഘടനാരീതിയനുസരിച്ച് നടപടിക്ക് ആവശ്യമുയരും.




