- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എല്ലാവരുടെയും ഉള്ളിൽ മതമുണ്ട്, ജാതിയുണ്ട്; അത് തെളിഞ്ഞ് കാണുന്നത് മക്കളുടെ വിവാഹം വരുമ്പോഴാണ്; വലിയ മതേതരത്വം പറയുന്നവർ ബലം പിടിക്കും, പ്രശ്‌നം ഉണ്ടാക്കും'; തുറന്നുപറഞ്ഞ് നടൻ കൃഷ്ണകുമാർ
തിരുവനന്തപുരം: സിനിമ മേഖലയിൽ സജീവമായി തുടരുമ്പോഴും സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടാറുണ്ട് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് കൃഷ്ണകുമാറും കുടുംബവും. മാറുന്ന മേൽവിലാസങ്ങൾ എന്ന് തുടങ്ങുന്ന ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജീവിതത്തിൽ സംഭവിച്ച നേട്ടങ്ങളും സന്തോഷങ്ങളും ആദ്യ ജോലിയുമെല്ലാം താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. തങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്ന എല്ലാ രസകരമായ സംഭവങ്ങളും നടനും കുടുംബവും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്.
സിനിമ ജീവിതത്തിനൊപ്പം രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമായ കൃഷ്ണ കുമാർ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. രാഷ്ട്രീയ പ്രവേശനം നടത്തിയതിന് ശേഷം സിനിമയിൽ നിന്ന് തഴയപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രാഷ്ട്രീയത്തിന്റെ പേരിൽ സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഭരണത്തിൽ ഇപ്പോൾ കോൺഗ്രസാണ് ഇരിക്കുന്നതെങ്കിൽ അവരുടെ ആളുകൾക്കല്ലേ കൂടുതലും ലഭിക്കുന്നത്. അതുപോലെ കമ്യൂണിസ്റ്റ് വന്നാലോ ബിജെപി വന്നാലോ അങ്ങനെയല്ലേ. അപ്പോൾ സ്വാഭാവികമായും സിനിമ മേഖലയിലും അത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് കൃഷ്ണകുമാർ പറയുന്നു. മതേതരരാണെന്ന് പറഞ്ഞു നടക്കുന്നവരുടെയൊക്കെ ഉള്ളിൽ സ്വന്തം മതത്തെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടെന്നും അദ്ദേഹം തുറന്നുപറയുന്നു.
കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്
സ്വാഭാവികമാണ്. അതുണ്ടാകുമല്ലോ. കാരണം ഭരണത്തിൽ ഇപ്പോൾ കോൺഗ്രസാണ് ഇരിക്കുന്നതെങ്കിൽ അവരുടെ ആളുകൾക്കല്ലേ കൂടുതലും ലഭിക്കുന്നത്. അതുപോലെ കമ്യൂണിസ്റ്റ് വന്നാലോ ബിജെപി വന്നാലോ അങ്ങനെയല്ലേ. അപ്പോൾ സ്വാഭാവികമായും സിനിമ മേഖലയിലും അത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകും.കാരണം നമ്മളെല്ലാവരും പറയാൻ മടിക്കുന്നത് എന്തെന്നാൽ നമ്മളെല്ലാവരും മതേതരന്മാരായിട്ടാണ് അഭിനയിക്കുന്നത്. എല്ലാവരുടെയും ഉള്ളിൽ മതമുണ്ട്, ജാതിയുണ്ട്. അത് തെളിഞ്ഞ് കാണുന്നത് അവരുടെയൊക്കെ മക്കളുടെ വിവാഹം വരുമ്പോഴാണ്. വലിയ മതേതരത്വം പറയുന്നവരൊക്കെ അവരുടെ മക്കളുടെ കാര്യം വരുമ്പോൾ ബലം പിടിക്കും,പ്രശ്‌നം ഉണ്ടാക്കും.അതുകൊണ്ട് ഇതൊക്കെ എല്ലാ മനുഷ്യരിലും ഉള്ളതാണ്.
പറയുമ്പോൾ കേരളത്തിലുള്ളവർ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെയാണ്. നമ്മൾ എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത് എന്ന് എനിക്കറിയില്ല. സിനിമയിൽ വരുമ്പോൾ ഒരാളുടെ മതമനുസരിച്ച് അയാളുടെ കഥാപാത്രം തീരുമാനിക്കും. ഇതൊക്കെ നമ്മൾ കാണുന്നതാണ്. കാരണം കമ്യൂണിസ്റ്റിന്റെ ആളുകൾ അഭിനയിക്കുന്നത് ഇയാളാണ് എന്ന് പറയുമ്പോൾ അതങ്ങ് മാറ്റിയേക്ക് എന്ന് പറയും. അതിൽ തെറ്റില്ല. ചിലപ്പോൾ അവർക്കെന്നോട് വ്യക്തിപരമായി പ്രശ്‌നങ്ങൾ ഒന്നും കാണില്ല.ഞാൻ രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് തന്നെ എന്റെയുള്ളിൽ ഇതൊക്കെയുണ്ടെങ്കിൽ പോലും ഞാൻ എല്ലാവരോടും നന്നായി സഹകരിച്ചിരുന്ന ഒരാളാണ്. അന്നൊക്കെ കണ്ണൂർ എക്സ്‌പ്രസിലും മദ്രാസ് മെയിലിലും എപ്പോഴും രാഷ്ട്രീയക്കാർ കാണും. അതിലൊക്കെ വച്ച് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.
കാർത്തികേയൻ സാറും മുനീറുമൊക്കെയായിട്ട് അത്തരത്തിലാണ് പരിചയമാകുന്നത്.ഇപ്പോൾ തന്നെ ഫ്ളൈറ്റ് യാത്ര നടത്തിയപ്പോൾ ഇപി ജയരാജൻ സാറുണ്ടായിരുന്നു. ഞങ്ങൾ ഒരുപാട് സംസാരിച്ചിട്ടുണ്ടായിരുന്നു.പക്ഷെ സിനിമയിലേക്ക് വരുമ്പോൾ എന്താണെന്നറിയില്ല.ചിലപ്പോൾ അതൊക്കെ നല്ലതായിരിക്കും.നമ്മളിലേക്ക് ചിലത് വരുന്നതും പോകുന്നതും നല്ലതിനായിരിക്കും.അത് അപ്പോൾ നമ്മുക്കറിയില്ല. ചിലപ്പോൾ ഒഴിവാക്കപ്പെടുന്നതും നല്ലതായിരിക്കും. റിജക്ഷൻ ഈസ് റീഡയറക്ഷൻ എന്നല്ലേ. നമ്മളെ ഒരു സ്ഥലത്ത് നിന്നും ഒഴിവാക്കുന്നത് ചിലപ്പോൾ വേറൊരു സ്ഥലത്തേക്ക് എത്തിക്കാനായിരിക്കും. അതുകൊണ്ട് എന്നെ ആരെങ്കിലും ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതെല്ലാം ഇതിന്റെ ഭാഗമാണ്.
മറുനാടന് മലയാളി ബ്യൂറോ