- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല; ഭാരതം എന്നുകൂടി പഠിപ്പിക്കണമെന്നാണ് നിർദേശിച്ചത്; ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നു'; ആരുടെയും നിർബന്ധത്തിനു വഴങ്ങിയിട്ടില്ലെന്ന് സിഐ. ഐസക്
ന്യൂഡൽഹി: ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഭാരതം എന്നുകൂടി പഠിപ്പിക്കണമെന്നാണ് നിർദേശിച്ചതെന്നും എൻസിഇആർടി സോഷ്യൽ സയൻസ് സമിതി അധ്യക്ഷനും മലയാളിയുമായ പ്രഫ. സിഐ.ഐസക്. ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്‌കൂൾ പാഠപുസ്തകങ്ങളിൽനിന്ന് 'ഇന്ത്യ' ഒഴിവാക്കി 'ഭാരതം' എന്നാക്കി മാറ്റാനുള്ള ശുപാർശ വിവാദമായതിനു പിന്നാലെയാണ് പ്രതികരണം.
''പതിറ്റാണ്ടുകൾ നീണ്ട അദ്ധ്യാപന ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ എന്നും ഭാരതം എന്നും പറയുമ്പോൾ വിദ്യാർത്ഥികൾക്കുണ്ടാകുന്ന വ്യത്യാസം അറിയാം. ഈ രണ്ടു പേരുകളും കുട്ടികളിലുണ്ടാക്കുന്ന അനന്തരഫലവും മനസ്സിലാകും. ഭാരതം എന്നു പറയുമ്പോൾ അവർക്കു വലിയ സന്തോഷമാണ്.
7000 വർഷത്തിലേറെ പഴക്കമുള്ള വിഷ്ണു പുരാണത്തിൽ ഭാരതം എന്നു പരാമർശിച്ചിട്ടുണ്ട്. കാളിദാസനും ഈ പേര് ഉപയോഗിച്ചിട്ടുണ്ട്. 1757ലെ പ്ലാസി യുദ്ധത്തിനു േശഷമാണ് 'ഇന്ത്യ' സജീവമായത്. 12ാം ക്ലാസ് വരെ പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കണമെന്ന ശുപാർശ ഈ സാഹചര്യത്തിലാണു നൽകിയത്. ആരുടെയും നിർബന്ധത്തിനു വഴങ്ങിയിട്ടില്ല. ആത്മസംതൃപ്തി തോന്നുന്നുണ്ട്'' സിഐ.ഐസക് വ്യക്തമാക്കി.
സോഷ്യൽ സയൻസ് സമിതി സമർപ്പിച്ച നിലപാടു രേഖയിലാണ് (പൊസിഷൻ പേപ്പർ) പേരുമാറ്റം ഉൾപ്പെടെയുള്ള നിർദേശങ്ങളുള്ളത്. ചരിത്രത്തെ മൂന്നായി വേർതിരിക്കുമ്പോൾ പൗരാണികം (ഏൻഷ്യന്റ്) എന്നതിനു പകരം 'ക്ലാസിക്കൽ' എന്നുപയോഗിക്കണമെന്നും ഇന്ത്യൻ നോളജ് സിസ്റ്റത്തിനു (ഐകെഎസ്) കൂടുതൽ പ്രാധാന്യം നൽകണമെന്നുമുള്ള രേഖ 4 മാസം മുൻപാണു സമർപ്പിച്ചത്. വിദഗ്ധ സമിതിയും വിവിധ സംസ്ഥാനങ്ങളും നൽകിയ നിലപാടു രേഖകൾ വിലയിരുത്തിയ ശേഷമാകും പാഠ്യപദ്ധതി പരിഷ്‌കരണ സമിതി അന്തിമ തീരുമാനമെടുക്കുക. വിഷയത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് എൻസിഇആർടി പ്രതികരിച്ചു.




