ന്യൂഡൽഹി: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിൻ. കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സർവീസ് ശൃംഖലയാണ് ഉണ്ടാവുക. ഈ സർവീസ് ഉടൻ ആരംഭിക്കുമെന്നാണ് റെയിൽവേ അധികൃതർ അറിയിക്കുന്നത്. വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ലക്ഷ്യംവച്ചാണ് പുതിയ സർവീസുകൾ.

ദീപാവലി സ്‌പെഷൽ സർവീസ് ആയിട്ടായിരിക്കും ഇത് ആരംഭിക്കുകയെങ്കിലും യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ സർവീസ് സ്ഥിരമാക്കുമെന്നാണ് സൂചന.

മൂന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് എട്ട് സർവീസുകൾ നടത്താനാണ് ദക്ഷിണ റെയിൽവേ ലക്ഷ്യമിടുന്നത്. ചെന്നൈ -ബെംഗളൂരു, ബെംഗളൂരു -എറണാകുളം സൗത്ത് എന്നിങ്ങനെയാണ് സർവീസ്. വൈകീട്ട് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബെംഗളൂരുവിലെത്തും. പിന്നീട് നാലരയ്ക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്തെുന്ന രീതിയിലാണ് സമയക്രമം. ഇതിൽ മാറ്റം വരാനിടയുണ്ട്.

നിലവിൽ കേരളത്തിൽ രണ്ട് വന്ദേഭാരത് സർവീസുകളാണുള്ളത്. എന്നാൽ വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെയാണ് പുതിയ വണ്ടിയെത്തുന്നത്. വന്ദേഭാരതിന് വേണ്ടി മലബാറിൽ മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു.

വന്ദേഭാരതിന് വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു. പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർ പ്രശ്നം പരിശോധിക്കണമെന്നും പരിഹാരങ്ങൾ നിർദ്ദേശിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സർവീസ് സെപ്റ്റംബർ 26 മുതലാണ് ആരംഭിച്ചത്. 25ന് കാസർകോട് നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത് യാത്ര തുടങ്ങിയ ട്രെയിനിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ്. രാവിലെ 7 മണിയോടെ കാസർകോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ വൈകുന്നേരം 3.05ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

തിരിച്ച് തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.58ന് കാസർകോടെത്തും. 530 സീറ്റുകളാണ് ട്രെയിനിനുള്ളത്. 8 കോച്ചുകളടങ്ങിയ ട്രെയിനിലെ 52 സീറ്റുകൾ എക്സിക്യുട്ടീവ് സീറ്റുകളാണ്. എസി ചെയർ കാറിന് കാസർകോട് നിന്ന് തിരുവനന്തപുരം വരെ 1555 രൂപയും എക്സിക്യുട്ടീവ് ചെയർ കാറിന് 2835 രൂപയുമാണ് നിരക്ക്.