മലപ്പുറം: കോഴിക്കോട്ട് 11-ന് സിപിഎം. നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യറാലിയിലേക്കുള്ള ക്ഷണം മുസ്ലിംലീഗ് നിരസിച്ചേക്കും. ഈ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ഉപയോഗിക്കുന്നതു കൊണ്ടാണ് ഇത്. സിപിഎം നേതാവ് എകെ ബാലൻ കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ പ്രകടനമാണ് ലീഗിനെ ഈ തീരുമാനത്തിലേക്ക് എത്തിക്കുന്നത്. യുഡിഎഫ് കെട്ടുറപ്പ് തകരാതിരിക്കാനാണ് ഇത്.

യോഗത്തിൽ പങ്കെടുക്കുന്നതിൽ അന്തിമതീരുമാനം ശനിയാഴ്ച കോഴിക്കോട്ടു ചേരുന്ന യോഗത്തിൽ ഉണ്ടാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കണ്ട സലാം നിർണ്ണായക തീരുമാനം ഉണ്ടാകുമെന്ന സൂചന നൽകിയിട്ടുണ്ട്. ''ഇ.ടി. മുഹമ്മദ് ബഷീർ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹം പറഞ്ഞത് മുഖവിലയ്‌ക്കെടുക്കും. നേതാക്കന്മാർ തമ്മിൽ ആശയവിനിമയം നടത്തിയിരുന്നു. യോഗത്തിൽ കൂടിയാലോചിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകും''-അദ്ദേഹം പറഞ്ഞു.

സിപിഎം വേദിയിൽ പോകരുതെന്ന കോൺഗ്രസിന്റെ അഭ്യർത്ഥനയും, പാർട്ടിക്കുള്ളിൽ ഇക്കര്യത്തിലുള്ള ഭിന്നതയും പരിഗണിച്ച് വിഷയത്തിൽ പുനരാലോചനയുണ്ടാകും. റാലിയിൽ പങ്കെടുക്കാൻ സിപിഎം ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പി.എം.എ സലാം പറഞ്ഞു. ക്ഷണം ലഭിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ അഭിപ്രായം വ്യക്തിപരമാണ്. ഫലസ്തീനിലെ നരഹത്യ പൊതുവിഷയമാണ്. അത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ മുന്നണിയിൽ കൂടിയാലോചിക്കേണ്ട കാര്യമില്ലെന്നും സലാം വ്യക്തമാക്കിയിരുന്നു.

യുഡിഎഫിൽ നിന്നു വലിയ സമ്മർദം ലീഗിനുണ്ട്. ഇതു കൂടി പരിഗണിച്ച് ഇന്ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിൽ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. വിഷയം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ സിപിഎമ്മിന്റെ ഏക വ്യക്തി നിയമത്തിനെതിരായ സെമിനാറിൽ നിന്നു വിട്ടു നിന്ന പോലെ വിട്ടു നിൽക്കാനാണു സാധ്യത.

ഫലസ്തീൻ എന്നതു മതവിഷയമോ സാമുദായികവിഷയമോ അല്ല. എല്ലാവരും ഐക്യപ്പെടേണ്ടുന്ന മനുഷ്യാവകാശ പ്രശ്നമാണ്. ഞങ്ങൾ ലോകമനസ്സാക്ഷിയുടെ കൂടെയാണു നിൽക്കുന്നത്. രാഷ്ട്രീയവേദിയിലേക്കല്ല, പൊതുകാര്യത്തിനാണ് സിപിഎം. ക്ഷണിച്ചത്. യു.ഡി.എഫിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സലാം കൂട്ടിച്ചേർത്തിരുന്നു. എന്നാൽ സിപിഎം ഈ യോഗത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വാദം ശക്തമാണ്. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗിൽ രണ്ടഭിപ്രായം സജീവമാണ്. അതുകൊണ്ട് തന്നെ പരിപാടിയിൽ ലീഗ് പങ്കെടുക്കില്ല.

കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പി.എം.എ. സലാം പറഞ്ഞു. സിപിഎമ്മിന്റെ ഫലസ്തീന്റാലിയിൽ ലീഗ് പങ്കെടുക്കുമെന്ന ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയെ പരിഹസിച്ച കെ. സുധാകരൻ, 'വരുന്ന ജന്മം പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കണോ' എന്നു പറഞ്ഞതാണ് വിവാദമായത്. മൃഗങ്ങളുടെ കാര്യത്തിൽ സംസാരിക്കാനില്ലെന്നും കെ. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും സലാം പറഞ്ഞു. പരാമർശം വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി സുധാകരനും രംഗത്തു വന്നു.

തന്റെ പ്രസ്താവന ലീഗിന് എതിരാണെന്ന് വളച്ചൊടിക്കുകയായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. ഇപ്പോഴത്തെ വിവാദം സിപിഎമ്മിനെ വെള്ളപൂശാൻ വേണ്ടിയാണ്. കോൺഗ്രസും ലീഗും തമ്മിൽ സുദൃഢമായ ബന്ധമാണുള്ളതെന്ന് വ്യക്തമാക്കിയ സുധാകരൻ വളച്ചൊടിച്ച വാർത്ത നൽകി അത് തകർക്കാമെന്ന് കരുതേണ്ടെന്നും പറഞ്ഞു. തന്റെ രാഷ്ട്രീയം എന്താണെന്ന് കൃത്യമായ ബോധ്യം ലീഗ് നേതൃത്വത്തിനുണ്ടെന്നും സുധാകരൻ പറഞ്ഞു.