കോഴിക്കോട്: സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്. സിപിഎമ്മുമായുള്ള സഹകരണം അംഗീകരിക്കാത്ത പക്ഷത്തിന്റെ സമ്മർദ്ദമാണ് ഇതിന് കാരണം. യുഡിഎഫിൽ നിന്നുള്ള സമ്മർദ്ദവും കാരണമായി. രാഷ്ട്രീയ വിവാദങ്ങൾക്ക് ഈ ഘട്ടത്തിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നത് കൂടിയാണ് ലീഗ് തീരുമാനം.

നേരത്തെ പ്രത്യേക യോഗം ചേരാതെയാണ് ലീഗ് വിഷയത്തിൽ തീരുമാനമെടുത്തത്. ഫലസ്തീൻ ഐക്യദാർഢ്യം ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ആര് വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാട് എന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ഈ പ്രസ്താവന പുറത്തുവന്ന ഉടൻ തന്നെ സിപിഎം ലീഗിനെ റാലിയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നുമാണ് ഇ ടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം അറിയിച്ചത്.

ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലാണ് സിപിഎം നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന റാലിയിൽ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സിപിഎം തുറന്ന മനസോടെയാണ് എല്ലാവരേയും സ്വാഗതം ചെയ്യുന്നതെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു. എന്നാൽ ഇടിയുടെ പ്രസ്താവന വിവാദമായി. ഇതോടെ ലീഗിന് പിൻവാങ്ങേണ്ടിയും വ്ന്നു.

സിപിഎമ്മിന്റെ റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കൾ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടത്തില്ല. അതിനുപകരം കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇടി മുഹമ്മദ് ബഷീറിന്റെ ഈ പ്രസ്താവന മുസ്ലിം ലീഗ് ഇടതുമുന്നണിയുമായി കൂടുതൽ അടുക്കുന്നുവെന്ന ചർച്ചകൾ സജീവമാക്കി. ഇതിനുപിന്നാലെയാണ് സിപിഎം ഫലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ മുസ്ലിം ലീഗ് യോഗം ചേരാൻ തീരുമാനിച്ചത്.

കോഴിക്കോട് ലീഗ് ഹൗസിൽ ഉച്ചക്ക് രണ്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി പ്രത്യേക യോഗം വേണ്ടെന്നും കൂടിയാലോചനകൾക്കുശേഷം പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിക്കാമെന്നുള്ള തീരുമാനത്തിൽ നേതാക്കളെത്തുകയായിരുന്നു. അതിനിടെ, പ്രസ്താവനയിൽ കൂടുതൽ വിശദീകരണവുമായി ഇടി മുഹമ്മദ് ബഷീർ രംഗത്തെത്തി. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. പാർട്ടിയുടെ തീരുമാനമാണ് അന്തിമം. പ്രസ്താവന മുന്നണി വിട്ട് എൽഡിഫിലേക്ക് പോവുകയാണെന്ന ധ്വനിയുണ്ടാക്കി. അത്തരമൊരു നീക്കം മുന്നണി ബന്ധത്തിൽ ആശങ്കയുണ്ടാക്കും. പാർട്ടി അന്തിമ തീരുമാനം എടുക്കും. സുതാര്യമായ പ്രതികരണം ആണ് താൻ നടത്തിയത്. ഈ വിഷയത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

അതേസമയം, ഫലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം തീരുമാനം. കോൺഗ്രസിനെ സഹകരിപ്പിക്കില്ല. തീവ്ര നിലപാടുള്ള മുസ്ലിംസംഘടനകളേയും മാറ്റി നിർത്തും. പ്രശ്‌നത്തിൽ മുസ്ലിംലീഗ് നിലപാട് ശരിയെന്ന വിലയിരുത്തലും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായി. കോഴിക്കോട് സെമിനാറിൽ ലീഗ് പങ്കെടുത്താലും ഇല്ലെങ്കിലും അവരെ ക്ഷണിച്ചത് ശരിയായ തന്ത്രമാണെന്നും സിപിഎം വിലയിരുത്തുന്നു.