- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര സർക്കാരിന്റെ അതി തീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നു; കേന്ദ്ര സഹായത്തിലും വായ്പാനുപാതത്തിലും 57,400 കോടിയുടെ കുറവ്; ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറില്ല; അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അതി തീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്ടി ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്ക് നികുതി പിരിക്കുന്നതിൽ വലിയ അധികാര നഷ്ടമാണുണ്ടായത്. നികുതി അവകാശം പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി ചുരുങ്ങി. ജിഎസ്ടി നിരക്കിൽ തട്ടുകൾ നിശ്ചയിച്ചതും, റവന്യു നൂട്രൽ നിരക്ക് ഗണ്യമായി കുറച്ചതും കേരളത്തിന്റെ വരുമാനത്തിന് തിരിച്ചടിയായി.
ഈ വർഷം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അർഹതപ്പെട്ട വായ്പാനുമതിയിൽ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം ഇല്ലാതായി.
കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാന സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറില്ല. സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയർത്തും. അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. നികുതി പിരിവ് ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യങ്ങൾ പാടില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ സംസ്ഥാനം അംഗീകരിക്കുന്നില്ല. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു കുറവും വരുത്താതെ സംസ്ഥാനത്തെ വികസന ലക്ഷ്യങ്ങളിലേക്ക് നയിക്കാനാണ് ശ്രമം. തനത് വരുമാനം ഉയർത്തിയും അതീവ ശ്രദ്ധയാർന്ന ധന മാനേജുമെന്റുവഴിയും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാനം. നികുതി പിരിവ് ഊർജിതപ്പെടുത്തിയും അധികച്ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ദൃഡീകരണത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിനിന്നാണ് സംസ്ഥാനത്തിന്റെ ധന മാനേജ്മെന്റ്.
കഴിഞ്ഞവർഷം മുൻവർഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനം 23,000 കോടി വർധിപ്പിക്കാനായി. 2021-22ൽ തനത് നികുതി വരുമാന വർദ്ധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവർഷം ഇത് 23.36 ശതമാനമായി വീണ്ടും ഉയർത്തി. റവന്യുകമ്മി 0.9 ശതമാനത്തിലെത്തിച്ചു. റവന്യു കമ്മി ഒരു ശതമാനത്തിൽ താഴേയെത്തിയത് ചരിത്രത്തിൽ ആദ്യമാണ്. ഇതെല്ലാം ധന കമ്മിഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്റെ ധനദൃഡീകരണ പ്രവർത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞവർഷങ്ങളിൽ കേരളം തനത് വരുമാന സ്രോതസുകൾ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിർവഹിച്ചത്. ഈവർഷവും ചെലവിന്റെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്. എന്നിരുന്നാലും സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള ആലോചനകളും ആസൂത്രണവും മാറ്റി വെക്കാൻ കഴിയില്ല. സാംസ്കാരിക മേഖലയിൽ ചെലവിടുന്ന പണത്തെ ധൂർത്തെന്നും അനാവശ്യമെന്നും ചിത്രീകരിക്കാനുള്ള ശ്രമം ജനാധിപത്യവും സാംസ്കാരിക ഔന്നത്യവും പുലരുന്ന നാടിന് അംഗീകരിക്കാനാവില്ല. പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും ചുട്ടുകരിക്കുന്ന രീതിയും പാരമ്പര്യവും ഫാസിസത്തിന്റേതാണ്. അതിന്റെ നേർവിപരീത ദിശയിൽ സഞ്ചരിക്കുന്നവരാണ് നാം. സാംസ്കാരിക രംഗത്തെ ഇടപെടലും നിക്ഷേപവും വരും തലമുറയോട് ചെയ്യുന്ന നീതിയാണ്.
മറുനാടന് മലയാളി ബ്യൂറോ