- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംവിആറിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിനൊപ്പം മുസ്ലിംലീഗില്ല; കണ്ണൂരിലെ പരിപാടിയിൽ നിന്നും പിന്മാറി കുഞ്ഞാലിക്കുട്ടി; കോൺഗ്രസും സിഎംപിയും നടത്തിയ സമ്മർദ്ദം വെറുതെയായില്ല; ഫലസ്തീൻ റാലിക്ക് പിന്നാലെ അനുസ്മരണത്തിലും ലീഗ് തിരിച്ചറിവ് ചർച്ചകളിൽ
കണ്ണൂർ: എംവി രാഘവന്റെ അവകാശം ഏറ്റെടുക്കാനുള്ള സിപിഎം നീക്കത്തിനും മുസ്ലിംലീഗ് പിന്തുണയില്ല. കോൺഗ്രസിന്റേയും സിഎംപിയുടേയും സമ്മർദ്ദം ഫലം കണ്ടു. സിപിഎം. അനുകൂല എം വിആർ. ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം വി രാഘവൻ അനുസ്മരണ പരിപാടിയിൽനിന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറിയത് യുഡിഎഫ് നിർദ്ദേശം അനുസരിച്ചാണ്.
കേരളനിർമ്മിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യപ്രഭാഷകനായിട്ടായിരുന്നു അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്നത്. യു.ഡി.എഫ്. ഘടകക്ഷിയായ സി.എംപി. സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കില്ല. ദുബായിൽ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിട്ടുനിൽക്കുന്നത്. അതിനിടെ കോൺഗ്രസാണ് ഇതിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഏതായാലും യുഡിഎഫിലെ സിഎംപിക്ക് ആശ്വാസമാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം.
ഒരേസമയം തങ്ങളും സിപിഎമ്മും സംഘടിപ്പിക്കുന്ന ഇരുപരിപാടികളിലും പങ്കെടുക്കാം എന്ന് കുഞ്ഞാലിക്കുട്ടി സമ്മതമറിയിച്ചതിൽ സി.എംപി. എതിർപ്പ് അറിയിച്ചിരുന്നു. സിപി ജോൺ തന്നെ വിയോജിപ്പ് വ്യക്തമാക്കി. ഇതോടെ കോൺഗ്രസും പ്രശ്‌നത്തിൽ ഇടപെട്ടു. എംവിആറിന്റെ കുടുംബത്തിൽ നിന്നൊരാളെ കണ്ണൂരിലെ ലോക്‌സഭാ സ്ഥാനാർത്ഥിയായി സിപിഎം പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മുസ്ലിംലീഗിനെ അടക്കം പങ്കെടുപ്പിച്ച് എംവിആർ അനുസ്മരണം പദ്ധതിയിട്ടത്. ഇത് തിരിച്ചറിഞ്ഞാണ് കോൺഗ്രസും സിഎംപിയും കരുതൽ എടുത്തത്.
സിപിഎം. അനുകൂല എം വിആർ. ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം വി രാഘവൻ അനുസ്മരണ പരിപാടിയിൽനിന്ന് പിന്മാറിയതിൽ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടിയും രംഗത്തു വന്നുവിവാദത്തിനും ചർച്ചയ്ക്കും താത്പര്യമില്ലാത്തിനാലാണ് പിന്മാറുന്നത്. എം വി രാഘവനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് സെമിനാറിൽ പങ്കെടുക്കാമെന്ന് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ നടക്കുന്ന എം വിആർ. അനുസ്മരണ സെമിനാറിൽ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന്റെ മകൻ എം വി നികേഷ് കുമാർ ക്ഷണിച്ചിരുന്നു. എം വി ആറുമായുള്ള അടുപ്പംവെച്ച് താനത് സമ്മതിക്കുകയും ചെയ്തിരുന്നു. പരിപാടിയിൽ കോൺഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള അടക്കമുള്ളവർ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'മാധ്യമങ്ങൾ ഞാൻ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എം വി ആറിന്റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ടുകൊടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് എന്റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുത്തു. എനിക്കേറെ പ്രിയപ്പെട്ട എം വിആറിന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം അതീവ ദുഃഖത്തോടെ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്', കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ദുബായിൽ സി.എച്ച്. അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി എംവിആർ പരിപാടിയുടെ സംഘാടകരെ അറിയിച്ചിരിക്കുന്നത്. സിപിഎമ്മുമായി ലീഗ് അടുക്കുന്നുവെന്ന് പ്രചാരണം നടക്കുന്നതിനിടയിലായിരുന്നു സിപിഎം. അനുകൂല ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാനൊരുങ്ങിയത്. പാണക്കാട്ടെത്തി കെപിസിസി. അധ്യക്ഷൻ കെ. സുധാകരനും വി.ഡി. സതീശനും ഇരുപാർട്ടികൾക്കിടയിലെ ആശയക്കുഴപ്പം നീക്കാൻ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റം.
എം വിആർ. അനുസ്മരണവും സെമിനാറും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സിപിഎം. നേതാക്കളായ പാട്യം രാജൻ, എം വി ജയരാജൻ, എം.കെ. കണ്ണൻ തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖർ. കോൺഗ്രസിന്റെ സഹകരണ ജനാധിപത്യവേദി ചെയർമാനായ കരകുളം കൃഷ്ണപിള്ളയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പാർട്ടിയിൽ കാര്യമായ പദവികളൊന്നുമില്ല. യു.ഡി.എഫിൽനിന്ന് കുഞ്ഞാലിക്കുട്ടിയെ മാത്രം ക്ഷണിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം വി രാഘവനുമായി അടുപ്പമുള്ളതിനാലാണെന്നായിരുന്നു സംഘാടകരുടെ മറുപടി.
ഏറ്റവും അടുപ്പമുണ്ടായിരുന്ന കെ. സുധാകരനെ ക്ഷണിക്കാതിരുന്നതെന്തെന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. മുസ്ലിം ലീഗുമായി സിപിഎം. സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് തയ്യാറാക്കിയ ബദൽരേഖയുടെ പേരിലാണ് എം വി രാഘവനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. എം വിആറിന്റെ മകനും മാധ്യമപ്രവർത്തകനുമായ എം വി നികേഷ്‌കുമാറാണ് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചതെന്നാണ് ട്രസ്റ്റ് ഭാരവാഹി പ്രൊഫ. ഇ. കുഞ്ഞിരാമൻ അറിയിച്ചത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി നികേഷ് മത്സരിച്ചിരുന്നു.




