- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒരു സിനിമാ നടൻ ഇതുപോലെ പ്രതികരിച്ചല്ലോ; വസ്തുത അതായിരുന്നില്ല എന്ന് ബോധ്യമായില്ലേ? പിആർഎസ് വായ്പയുടെ ബാധ്യത കർഷകന് വരുന്നില്ല; കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ പ്രതികരണവുമായി മന്ത്രി ജി.ആർ.അനിൽ
തിരുവനന്തപുരം: പി.ആർ.എസ് വായ്പയുടെ ബാധ്യത കർഷകന് വരുന്നില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ. കടക്കെണിമൂലം ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പിആർഎസ് വായ്പ എടുക്കുന്ന കർഷകന് അതുമായി ബന്ധപ്പെട്ട് ഒരു പൈസയുടെ ബാധ്യതയും ഉണ്ടാകുന്നില്ല, പിആർഎസ് വായ്പ പൂർണമായും സർക്കാരാണ് അടയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ കടബാധ്യത കാരണം ആത്മഹത്യ ചെയ്ത കർഷകന്റെ സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്നു പുലർച്ചെയാണ് നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) ആത്മഹത്യ ചെയ്തത്. ശബ്ദസന്ദേശം പുറത്തുവന്നത് എന്താണെന്ന് കേട്ടില്ലെന്നും അത് കേട്ടതിനു ശേഷം അതേക്കുറിച്ച് സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും ചേർന്നുള്ള പദ്ധതിയാണ് നെല്ല് സംഭരണമെന്ന് മന്ത്രി പറഞ്ഞു. 28.20 രൂപയിൽ 20.60 രൂപ കേന്ദ്രവും 7.50 രൂപ സംസ്ഥാന സർക്കാരുമാണ് നൽകുന്നത്. നെല്ല് സംഭരണം കഴിഞ്ഞ് അതിന്റെ നടപടികൾ എല്ലാം പൂർത്തിയായി റേഷൻ കടയിൽ നിന്നും ജനങ്ങൾക്ക് അരി വിതരണം കഴിഞ്ഞതിന് ശേഷമാണ് കേന്ദ്രം പണം നൽകുന്നത്. ഇതിന് ആറ് മാസത്തോളം സമയമെടുക്കും. ഈ കാലാവധി കർഷകനെ ബാധിക്കാതിരിക്കുന്നതിനാണ് പി.ആർ.എസ് വായ്പ വഴി നെല്ല് സംഭരിച്ചാലുടൻ പണം നൽകാൻ തീരുമാനിച്ചത്. എല്ലാ കർഷകർക്കും സമയബന്ധിതമായി പണം നൽകാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. 170-ഓളം കോടി രൂപ അവർക്ക് നൽകാൻ സജ്ജമാണ്. 200 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ഒരു സിനിമാ നടൻ തന്നെ പറഞ്ഞത് വസ്തുതയല്ലെന്ന് നിങ്ങൾക്ക് ബോധ്യമായില്ലേ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. '' കഴിഞ്ഞ തവണ ഒരു സിനിമാ നടൻ ഇതുപോലെ പ്രതികരിച്ചല്ലോ. വസ്തുത അതായിരുന്നില്ലേ എന്ന് നിങ്ങൾക്ക് ബോധ്യമായില്ലേ? വസ്തുതയും അയാൾ പ്രതികരിച്ചതും തമ്മിൽ യാതൊരു ബന്ധമില്ലാത്ത സാഹചര്യം നമുക്ക് കാണാൻ കഴിഞ്ഞു. പിആർഎസ് വായ്പ ഒന്നരമാസം മുൻപ് കൈപ്പറ്റിയ ആളായിരുന്നു അയാൾ. എന്നിട്ടാണ് പണം കിട്ടാത്തതിന്റെ കഥകൾ മുഴുവൻ പ്രചരിപ്പിക്കുന്ന രീതിയിലേക്ക് വന്നത്. അതുകൊണ്ട് എന്താണെന്ന് മനസ്സിലാക്കിയിട്ട് പറയാം.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്നുള്ള പദ്ധതിയാണ് നെല്ല് സംഭരണം. 28 രൂപ 20 പൈസയിൽ 20 രൂപ 60 പൈസ കേന്ദ്രവും 7 രൂപ 80 പൈസ സംസ്ഥാന സർക്കാരും ഇൻസെന്റീവായി കൊടുത്തുകൊണ്ടാണ് 28 രൂപ 20 പൈസയ്ക്ക് നെൽ കർഷകരിൽനിന്ന് നെല്ലു സംഭരിക്കുന്നത്. നെല്ല് സംഭരണം കഴിഞ്ഞ് അതിന്റെ നടപടികളെല്ലാം പൂർത്തിയായി പ്രോസസ് ചെയ്ത് എൻഎഫ്എസ്എ ഗോഡൗണിലൂടെ റേഷൻ കടയിലെത്തി അവിടെനിന്ന് ജനങ്ങൾക്ക് അരി വിതരണം ചെയ്തതിനു ശേഷമാണ് ഇതിന്റെ പണം കേന്ദ്ര സർക്കാർ സെറ്റിൽ ചെയ്യുന്നത്. അതിന് ഒരു ആറു മാസക്കാലത്തോളം സമയമെടുക്കും. അതുകൊണ്ട് കർഷകന് പണം ലഭിക്കുന്നത് വൈകാതിരിക്കാനാണ് പിആർഎസ് വായ്പയിലൂടെ ഉടൻ പണം കൊടുക്കാൻ തീരുമാനിച്ചത്.
ഇത്തവണയും സംഭരിച്ച നെല്ലിന്റെ പണം 13ാം തീയതി മുതൽ വിതരണം ചെയ്യാനുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അവസാന സീസണിൽ കുറച്ച് വൈകിയ ഒരു സാഹചര്യത്തിലാണ് അത് ഉണ്ടാകാതിരിക്കാൻ ശ്രദ്ധാപൂർവമായ ഇടപെടൽ ഇപ്പോൾ നടത്തിയിട്ടുള്ളത്. എല്ലാ കർഷകർക്കും സമയബന്ധിതമായി പണം കൊടുക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. 170 ഓളം കോടി രൂപ ഇപ്പോൾ കൊടുക്കാൻ സജ്ജമാണ്. 200 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക കേന്ദ്ര സർക്കാരിൽനിന്ന് വൈകിയാലും എന്തു വേണമെന്ന് അതിനെ സംബന്ധിച്ച് ആലോചിക്കാം.'' ജി.ആർ.അനിൽ പറഞ്ഞു.




