ആലപ്പുഴ: കടബാധ്യതയാൽ കുട്ടനാട്ടിൽ നെൽ കർഷകൻ ആത്മഹത്യ ചെയ്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടനും കർഷകനുമായ കൃഷ്ണ പ്രസാദ്. ഇതുപോലെ ഒന്ന് സംഭവിക്കരുതെന്ന പ്രാർത്ഥന മാത്രമാണ് ഉള്ളത്. വളരെ വേദയുണ്ട്. കർഷകരെ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് നീങ്ങുമ്പോൾ മറ്റുള്ളവരോട് സംസാരിച്ച് പരിഹാരത്തിന് ശ്രമിക്കണമെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.

കർഷകർക്ക് സഹായം ചെയ്യേണ്ടത് സർക്കാരല്ലേ. സർക്കാരിന് ഇങ്ങനൊരു വകുപ്പുണ്ട്. നാലായിരം കോടിയോളം രൂപ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ ഈ വകുപ്പിലുണ്ട്. രണ്ടായിരം കോടിക്ക് താഴെ രൂപയ്ക്ക് നെല്ല് ശേഖരിച്ചിട്ട് അതിൽ നാലിൽ മൂന്ന് നൽകുന്നത് കേന്ദ്ര സർക്കാരാണ്.

ആ ഫണ്ട് നേരിട്ട് കർഷകരുടെ അക്കൗണ്ടിൽ തരാൻ ആവശ്യപ്പെട്ടാൽ അത് ചെയ്യില്ല. അത് സംസ്ഥാന സർക്കാർ വാങ്ങി വക മാറ്റി ചെലവഴിക്കും. എന്നിട്ടാണ് പിആർഎസ് ലോൺ എടുക്കാൻ പറയുകയാണ്. ലോൺ എടുത്ത് കഴിഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ കൺസോർഷ്യവുമായുള്ള സർക്കാർ ധാരണയെന്താണെന്ന് കർഷകർക്ക് അറിയില്ല.

ഇന്നും മന്ത്രി പറയുന്നത് കൃഷ്ണപ്രസാദിന് രണ്ട് മാസത്തിനുള്ളിൽ പണം ലഭിച്ചുവെന്നാണ്. ജയസൂര്യ വിമർശിച്ചതിന് പിന്നാലെ തന്നേ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ ആത്മഹത്യ ചെയ്ത പ്രസാദിനെ എങ്കിലും വെറുതെ വിടണം. രാഷ്ട്രീയവും മറ്റ് കാര്യങ്ങളും പറഞ്ഞ് അയാളെ എങ്കിലും തേജോവധം ചെയ്യാതിരിക്കണം.

ഒരാളെ നഷ്ടപ്പെട്ടു. ഇനിയിങ്ങനെ സംഭവിക്കരുത്. കൃഷി ഇവിടെ ആവശ്യമില്ല എന്ന് ഒറു പ്രമുഖൻ മന്ത്രിയടക്കമുള്ള വേദിയിൽ പറയുന്ന നാടാണ് ഇത്. ഇങ്ങനെയുള്ള ഒരു നാട്ടിൽ എങ്ങനെ കൃഷി ചെയ്യും. ബാങ്കിനോടല്ലാതെ മറ്റൊരാളോട് വായ്പ ചോദിച്ചാൽ കൃഷിക്കാരന് കിട്ടുന്ന സാഹചര്യമില്ല. മുൻ വർഷങ്ങളിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിരുന്നില്ല. ഈ വർഷം രണ്ടാംകൃഷി ചെയ്തത് വളരെ കുറവാണ്. കൃഷിമന്ത്രി എവിടെയാണ്. ധൂർത്തിന്റെ മറ്റൊരു വകഭേദം കാണിച്ച് കൃഷിക്കാരനെ ഇല്ലായ്മ ചെയ്യരുത്.

കടബാധ്യതയെ തുടർന്ന് ഇന്നലെ കുട്ടനാട്ടിൽ നെൽ കർഷകൻ ജീവനൊടുക്കി. തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ച് പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു.

എന്നാൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്ന് കിസാൻ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ് പറയുന്നു. സർക്കാരും മറ്റ് മൂന്ന് ബാങ്കുകളുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. പിആർഎസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം.

അതേ സമയം പി.ആർ.എസ് വായ്പയുടെ ബാധ്യത കർഷകന് വരുന്നില്ലെന്ന് വ്യക്തമാക്കി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ രംഗത്ത് വന്നിരുന്നു. കടക്കെണിമൂലം ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എല്ലാ കർഷകർക്കും സമയബന്ധിതമായി പണം നൽകാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. 170-ഓളം കോടി രൂപ അവർക്ക് നൽകാൻ സജ്ജമാണ്. 200 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും ചേർന്നുള്ള പദ്ധതിയാണ് നെല്ല് സംഭരണമെന്ന് മന്ത്രി പറഞ്ഞു. 28.20 രൂപയിൽ 20.60 രൂപ കേന്ദ്രവും 7.50 രൂപ സംസ്ഥാന സർക്കാരുമാണ് നൽകുന്നത്. നെല്ല് സംഭരണം കഴിഞ്ഞ് അതിന്റെ നടപടികൾ എല്ലാം പൂർത്തിയായി റേഷൻ കടയിൽ നിന്നും ജനങ്ങൾക്ക് അരി വിതരണം കഴിഞ്ഞതിന് ശേഷമാണ് കേന്ദ്രം പണം നൽകുന്നത്. ഇതിന് ആറ് മാസത്തോളം സമയമെടുക്കും. ഈ കാലാവധി കർഷകനെ ബാധിക്കാതിരിക്കുന്നതിനാണ് പി.ആർ.എസ് വായ്പ വഴി നെല്ല് സംഭരിച്ചാലുടൻ പണം നൽകാൻ തീരുമാനിച്ചത്.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം കൃത്യമായി കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ പലഘട്ടങ്ങളിലും അഞ്ച് കിലോ, മൂന്ന് കിലോ സ്പെഷ്യൽ അരി നൽകിയിട്ടുണ്ട്. ഇത് കേന്ദ്ര സർക്കാരിന്റെ മാനദണ്ഡത്തിന് വ്യത്യസ്തമായി നടന്നിട്ടുള്ള വിതരണമാണ്. ഇത്തരത്തിലുള്ള അരി വിതരണത്തിന്, അതിൽ ഓരോ കിലോയുടെയും മാർക്കറ്റ് വില നിശ്ചയിച്ചതിന് ശേഷം ആ വില പിഴയായി കണക്കാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.