തിരുവനന്തപുരം: പ്രസംഗിക്കുന്നതിനിടെ മൈക്ക് ഉച്ചത്തിൽ ഹൗൾ ചെയ്തതിൽ മൈക്ക് ഓപ്പറേറ്റർക്ക് മന്ത്രി കെ.രാധാകൃഷ്ണന്റെ വക ഉപദേശം. മൈക്ക് ടെസ്റ്റ് ചെയ്തിട്ടു കൊണ്ടുവരണമെന്നും ചിലപ്പോൾ ആളുകൾക്ക് ദേഷ്യം വരുന്നത് ഇതുകൊണ്ടാണെന്നും മൈക്ക് ഓപ്പറേറ്ററോട് മന്ത്രി പറഞ്ഞു. നേരത്തെ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ശാസിച്ചത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം.

തിരുവനന്തപുരത്ത് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ ആസ്ഥാന മന്ദിരത്തിനു തറക്കല്ലിടൽ ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ മൈക്ക് ഉച്ചത്തിൽ ഹൗൾ ചെയ്തപ്പോഴാണ്, മന്ത്രിയുടെ പ്രതികരണം. ''മൈക്ക് ഒന്നു ടെസ്റ്റ് ചെയ്തിട്ടു വരണം കേട്ടോ. ചിലപ്പോൾ ആളുകൾക്ക് ദേഷ്യം വരുന്നത് ഇതുകൊണ്ടാണേ. എന്നിട്ട് വേറെ രീതിയിൽ ഇതിനെ പറയരുത്'' പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു.

''എന്തായാലും ഞാൻ കൂടുതൽ പറയുന്നില്ല. മന്ത്രി പറഞ്ഞല്ലോ, ഇന്നലെ തൃശൂരായിരുന്നു. വൈകുന്നേരം വരെ നവകേരള സദസ്സിന്റെ വിവിധങ്ങളായ ചർച്ചകളായിരുന്നു. ഇപ്പോൾ ഇത് ഉദ്ഘാടനം ചെയ്തില്ലെങ്കിൽ ഒന്നര മാസം സമയമുണ്ടാകില്ല. പെട്ടെന്നു പണി ആരംഭിക്കണം എന്നുള്ളതുകൊണ്ടാണ് ഇത് നടത്തുന്നത്. ഇതു കഴിഞ്ഞിട്ട് എനിക്ക് ശബരിമല പോകണം. നാളെ നട തുറക്കും. ശബരിമലയിൽനിന്ന് തൃശൂരു വന്ന് കാസർകോടിനു പോകണം.

ഈ തറക്കല്ലിടൽ കർമത്തിൽ പങ്കെടുക്കുമ്പോൾ വലിയ സന്തോഷമുണ്ട്. ഒട്ടേറെ നൂലാമാലകളുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചാണ് പണി ആരംഭിക്കുന്നത്. ഏകദേശം 13 കോടിയോളം രൂപ ചെലവഴിച്ചാണ് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്.' മന്ത്രി പറഞ്ഞു.

നേരത്തേ ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോടു ചേർന്നുനിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററായ യുവാവിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ശാസിച്ചത് വിവാദമായിരുന്നു. ജനകീയ പ്രതിരോധ ജാഥയുടെ തൃശൂർ ജില്ലയിലെ പര്യടനത്തിനിടെ, മാളയിൽ നൽകിയ സ്വീകരണ യോഗത്തിലാണ് ജാഥാ ക്യാപ്റ്റൻ കൂടിയായ ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത്. ''നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി'' എന്നും ഗോവിന്ദൻ യുവാവിനോടു ചോദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിന് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയിൽ മൈക്ക് തകരാറിലായതിനു പൊലീസ് കേസെടുത്തതും വിവാദമായിരുന്നു. പ്രതി ആരെന്നു വെളിപ്പെടുത്താതെയായിരുന്നു കേസ്. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മൈക്ക് സെറ്റ് പൊലീസ് പിടിച്ചെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തിരികെ നൽകി കേസ് അവസാനിപ്പിക്കുകയായിരുന്നു.