തിരുവനന്തപുരം: നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി സജ്ജീകരിക്കുന്ന ബസ്, ആഡംബര ബസ്സല്ലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാധാരണ കെ.എസ്.ആർ.ടി.സി. ബസല്ല, നവകേരളസദസ്സിനായി പ്രത്യേകം ഉണ്ടാക്കിയ ബസാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി. സെന്ററിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഞെരുക്കത്തിൽ സർക്കാർ വീർപ്പുമുട്ടുമ്പോൾ ഒരു കോടിയോളം രൂപ മുടക്കി പുതിയ ആഡംബര ബസ് നിർമ്മിക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.

'ബസ്സുണ്ട്, ആഡംബര ബസ്സൊന്നുമല്ല. പരിപാടി കഴിഞ്ഞാൽ അവർ കൊണ്ടുപോകുകയല്ല, കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കുകയാണ്. അതിനൊക്കെ മൂല്യം കൂടുകയല്ലേ. ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല, ആക്ഷേപം വന്നുകൊണ്ടേയിരിക്കും. ആഡംബരം ഒന്നുമില്ല. നാളെമുതൽ എല്ലാവരും കാണത്തക്ക രീതിയിൽ ബസിന്റെ യാത്ര തുടങ്ങും. അതുവരെ എല്ലാവരും കാത്തിരിക്കുക. അപ്പോൾ ഫോട്ടോയോ എന്തു സംവിധാനം വേണമെങ്കിലും ഉപയോഗിച്ച് കാണിച്ചോളൂ. ഒരു രഹസ്യവുമില്ല. ആ ബസ് ഭാവിയിൽ ഉപയോഗിക്കാൻ കഴിയും. ബസിന് മൂല്യം കൂടുകയാണ് ചെയ്യുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് സാധാരണ മൂല്യത്തേക്കാൾ അപ്പുറമാണ്', എം വി ഗോവിന്ദൻ പറഞ്ഞു.

പ്രത്യേക സംവിധാനങ്ങളോട് കൂടിയ ഭാരത് ബെൻസ് കമ്പനിയുടെ ബസാണ് നവകേരള സദസിനായി ഒരുക്കിയിരിക്കുന്നത്. സിനിമാതാരങ്ങളും മറ്റും ഉപയോഗിക്കുന്ന കാരവൻ മാതൃകയിലുള്ള സജ്ജീകരണങ്ങളാണ് ബസിലുള്ളത്. ഇതിൽ എടുത്തുപറയേണ്ടത് മുഖ്യമന്ത്രിയുടെ സീറ്റാണ്. ഏറ്റവും മുന്നിലായി സൈഡിലേക്കും മുകളിലേക്കും താഴെക്കും അഡ്ജസ്റ്റ് ചെയ്യാനു സാധിക്കുന്ന രീതിയിൽ ഓട്ടോമാറ്റിക് സീറ്റാണ് ഇതിനുള്ളത്. ഡ്രൈവറുടെ വശത്ത് പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനും സൗകര്യമുണ്ടാകും.

25 പേർക്ക് സഞ്ചരിക്കാനാകുന്ന രീതിയിലാണ് ബസിൽ സീറ്റുകൾ വിന്യസിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും. മുഖ്യമന്ത്രിയുടെ സഹായിയും മറ്റ് രണ്ട് സഹായിയും ബസിലുണ്ടാകും. ഇവർക്കായി കെഎസ്ആർടിസി പരിശീലനം നൽകി. ഡ്രൈവർമാർക്കുള്ള പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. നവംബർ 18 മുതലാണ് നവകേരളസദസ്. നവകേരളസദസ് തുടങ്ങുന്ന കാസർകോടേക്കാണ് ബസ് എത്തുക.

44 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഷാസി ഉപയോഗിച്ച് ബംഗളുരുവിൽ കെ എം കണ്ണപ്പ എന്ന പ്രകാശ് ബോഡി ബിൽഡ് വർക്ക് ഷോപ്പിലാണ് ബസിന്റെ നിർമ്മാണം നടന്നത്. ബസിൽ അടുക്കള, ബയോ ടോയ്‌ലറ്റ്, ഫ്രിഡ്ജ്, ഓവ്ൻ, ഭക്ഷണം കഴിക്കാനുള്ള സംവിധാനം എന്നിവയുണ്ടാകും. കൂടാതെ മുഖ്യമന്ത്രിക്കായി റൗണ്ട് ടേബിളോട് കൂടിയ പ്രത്യേക മുറിയും 360 ഡിഗ്രിയിൽ കറങ്ങുന്ന കസേരയുമുണ്ടാകും. 25 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബസിന് 10520000 രൂപയാണ് വില. ബസിന്റെ ഷാസിക്ക് 44 ലക്ഷം രൂപയാണ് വില. ബാക്കി തുക മറ്റ് സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് ചെലവഴിക്കുന്നത്.

ബസാണ് നവകേരള സദസിനായി സജ്ജീകരിക്കുന്ന ഭാരത് ബെൻസ് ബസിന് ബ്രൗൺ നിറമാണ് നൽകിയിരിക്കുന്നത്. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് വെള്ള നിറമാണെങ്കിലും ഗതാഗത വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചാണ് ബോഡിക്ക് ബ്രൗൺ നിറം നൽകിയിരിക്കുന്നത്. 11 ലക്ഷം രൂപ ചെലവഴിച്ച് ബസിനുള്ളിൽ ബയോ ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, വാഷ് ബെയ്‌സിൻ, വിശ്രമിക്കാനുള്ള ഭാഗം എന്നിവയും ബസിലുണ്ടാകും.

ഭാരത് ബെൻസിന്റെ 1624 ഷാസിയിലാണ് ബസ് നിർമ്മിക്കുന്നത്. 12 മീറ്റർ നീളമുള്ള ഈ ഷാസി സാധാരണഗതിയിൽ കാരവനുകളും ബസുകളും നിർമ്മിക്കാനാണ് ഉപയോഗിക്കുന്നത്. ബെൻസിന്റെ ഒ എം 926 എഞ്ചിനാണ് ഈ ബസിന് കരുത്തേകുന്നത്. 7200 സിസിയുള്ള ഈ ആറ് സിലിണ്ടർ എഞ്ചിന് 240 എച്ച്പി പവറും 850 എൻഎം ടോർക്കും പ്രദാനം ചെയ്യാനാകും. ആറ് സ്പീഡ് ഗിയർബോക്‌സുള്ള ബസിന് ഫുള്ളി എയർ സസ്‌പെൻഷനാണ് യാത്രാസുഖത്തിനായുള്ളത്.

ബസിന്റെ പരിപാലന ചുമതല കെഎസ്ആർടിസിക്കാണ്. നവകേരള സദസ് കഴിഞ്ഞാൽ, ബസ് സ്വകാര്യ ടൂറിനും മറ്റും വാടകയ്ക്ക് നൽകാനാണ് പദ്ധതി. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിനും മറ്റും ഈ ബസ് ഉപയോഗിക്കുമെന്നും എം.ഡി ബിജു പ്രഭാകർ പറഞ്ഞു. ബെൻസിനേക്കാൾ വിലയുള്ള വോൾവോ, സ്‌കാനിയ ബസുകൾ കെഎസ്ആർടിസിക്ക് ഉണ്ടെങ്കിലും ഇതാദ്യമായാണ് ബെൻസ് ബസ് വാങ്ങുന്നത്. നവകേരള സദസിനുള്ള ബസ് കൂടാതെ മറ്റ് രണ്ട് ബസുകൾക്ക് കൂടി കെഎസ്ആർടിസി ഭാരത് ബെൻസിന് കരാർ നൽകിയിട്ടുണ്ട്. ഇതിൽ ഒരെണ്ണം സ്ലീപ്പർ ബസും മറ്റൊന്ന് സീറ്റർ ബസുമായിരിക്കും. ബജറ്റ് ടൂറിസത്തിനായാണ് ഈ ബസുകളും ഉപയോഗിക്കുന്നത്.