- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സർക്കാർ ജീവനക്കാരൻ ആയിട്ടും പാർട്ടിയുടെ അടിമ; പൊതുപണം വാങ്ങി പുട്ടടിച്ചിട്ട് ചെയ്യുന്ന സേവനം സിപിഎമ്മിന് വേണ്ടിയുള്ള കുഴലൂത്ത്'; രൂക്ഷവിമർശനവുമായി സന്ദീപ് വചസ്പതി
ആലപ്പുഴ: നവകേരള സദസ്സിൽ ആളെക്കൂട്ടാൻ സർക്കാർ ഉദ്യോഗസ്ഥർ നേരിട്ടെത്തി രാഷ്ട്രീയ നേതാക്കളെപ്പോലെ പ്രചാരണം നടത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി രംഗത്ത്. സർക്കാർ ഉദ്യോഗസ്ഥൻ പൊതുവേദിയിൽ പ്രചാരണം നടത്തുന്നതിന്റെ ദൃശ്യം പങ്കുവച്ചാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സി.കെ.ഷിബുവാണ് പ്രായമായവർക്കും സ്ത്രീകൾക്കും ഉൾപ്പെടെയുള്ളവർക്ക് ക്ലാസെടുത്തും സർക്കാരിന്റെ മഹിമ അടിച്ചേൽപ്പിച്ചും നവകേരള സദസിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥർ സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നതിൽ അസ്വാഭാവികത ഇല്ല. എന്നാൽ പരിപാടിക്ക് ആളെ കൂട്ടാൻ പ്രചാരണവുമായി കുടുംബയോഗങ്ങൾ വിളിച്ച് പ്രചാരണം നടത്തുന്നതിലാണ് വിമർശനം ഉയരുന്നത്. പഞ്ചായത്ത് വകുപ്പിൽ ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്നയാൾ പാർട്ടി നേതാക്കളെപ്പോലെ യോഗത്തിൽ പ്രചാരണം നടത്തുന്നതിലാണ് വിമർശനം ഉന്നയിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്ത് വന്നത്.
'പ്രളയം വന്ന നാടാണെന്ന് ഇന്ന് ഓർത്തെടുക്കാൻ പോലും നമ്മൾക്ക് ഇന്ന് കഴിയില്ല. അത്രമാത്രം മാറ്റങ്ങളാണ് കേരളത്തിൽ സംഭവിച്ചിട്ടുള്ളത്. ഒരു വെള്ളത്തിനും വെള്ളപ്പൊക്കത്തിനും എടുക്കാൻ കഴിയാത്തവിധത്തിലാണ് ഇന്നത്തെ റോഡുകൾ മാറിയിരിക്കുന്നത്. കാലിൽ വെള്ളം പറ്റിയ എല്ലാവർക്കും പ്രളയകാലത്ത് സർക്കാരിന്റെ ധനസഹായം ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ വഴി വായ്പ രഹിത ലോൺ ലഭിക്കുന്നു. ഇതൊക്കെ യാഥാർത്ഥ്യമാകുന്ന സംസ്ഥാനമാണ് ഇത്. 'കേരളത്തെ സ്വർഗമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിനായി എന്തൊക്കെ ചെയ്യണമെന്ന് ജനങ്ങളോട് ചോദിക്കാനും പറയാനുമാണ് നവകേരള സദസെന്ന് ഷിബു ജനങ്ങളോട് പറയുന്നു.
നവകേരള സദസിനെ സമ്പൂർണ വിജയമാക്കണമെന്ന് നിർദ്ദേശിക്കുകയും വീടുകൾ കേന്ദ്രീകരിച്ച് ചെറുയോഗങ്ങൾ നടത്താനും സർക്കാർ ഉദ്യോഗസ്ഥനും മുൻ ഡിവൈഎഫ്‌ഐ ഏരിയ സെക്രട്ടറി കൂടിയായിരുന്ന ഷിബു പറയുന്നു. ഷിബുവിന്റെ ക്ലാസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്.
ആലപ്പുഴയിൽ നടത്തിയ ക്ലാസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വചസ്പതി. പരിപാടിക്ക് ആളെ കൂട്ടാൻ ഇറങ്ങുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ തെമ്മാടിത്തമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഡിവൈഎഫ്‌ഐ ഏരിയ സെക്രട്ടറി ആയിരുന്നതിന്റെ ഹാംഗ്ഓവർ മാറിയിട്ടില്ലെങ്കിൽ രാജി വെച്ച് പാർട്ടി വളർത്താൻ ഇറങ്ങണമെന്നും അദ്ദേഹം വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
നവകേരള സദസ് പ്രചരണ ഘോഷയാത്രയ്ക്ക് സർക്കാർ ജീവനക്കാർ അണിനിരക്കണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. സിവിൽ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും പരിപാടിക്ക് എത്തണമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശിച്ചത്.
നവകേരള സദസിന് ആളെ കൂട്ടാൻ സ്‌കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദ്ദേശം നൽകിയത്. ഓരോ സ്‌കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിർദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദ്ദേശിച്ചിരുന്നു.
നവകേരള സദസ്സിൽ ആളെക്കൂട്ടാൻ സ്‌കൂൾ വിദ്യാർത്ഥികളെയും സർക്കാർ ജീവനക്കാരെയും പങ്കെടുപ്പിക്കാനുള്ള നീക്കങ്ങൾ വിവാദമായതിന് പിന്നാലെയാണ് പരിപാടിയിൽ പങ്കെടുക്കണമെന്ന നിർദ്ദേശവുമായി സർക്കാർ ഉദ്യോഗസ്ഥൻ മീറ്റിങ്ങുകളിൽ ആവശ്യപ്പെടുന്നത്. വിഷയം ഉന്നയിച്ച് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായ സി.കെ.ഷിബു പൊതുയോഗത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് സന്ദീപ് വചസ്പതി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
സന്ദീപ് വചസ്പതിയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്.
സർക്കാർ ഉദ്യോഗസ്ഥർ സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നതിൽ അസ്വാഭാവികത ഇല്ല. എന്നാൽ പരിപാടിക്ക് ആളെ കൂട്ടാൻ ഇറങ്ങുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ തെമ്മാടിത്തമാണ്. പഞ്ചായത്ത് വകുപ്പിൽ ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായി ഇരുന്ന് ശമ്പളം വാങ്ങുന്ന സി.കെ.ഷിബു എന്ന മാന്യനാണ് ഇത്. പൊതുപണം വാങ്ങി പുട്ടടിച്ചിട്ട് ഇയാൾ ഇപ്പോൾ ചെയ്യുന്ന സേവനം സിപിഎമ്മിന് വേണ്ടിയുള്ള കുഴലൂത്താണ്.
ഡിവൈഎഫ്‌ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി ആയിരുന്നതിന്റെ ഹാങ്ഓവർ മാറിയിട്ടില്ല എങ്കിൽ രാജി വെച്ച് പാർട്ടി വളർത്താൻ ഇറങ്ങണം. അതാണ് മാന്യത. അല്ലാതെ ഈ നാട്ടിലെ സാധാരണക്കാരന്റെ പണം കൈപ്പറ്റി പാർട്ടി പണി ചെയ്യാമെന്ന് കരുതരുത്. അത് ഈ നാട് ഇത്രകാലവും അനുവർത്തിച്ച് വരുന്ന മര്യാദയുടെ ലംഘനമാണ്. മാത്രവുമല്ല സർക്കാർ ജീവനക്കാരൻ ആയിട്ടും പാർട്ടിയുടെ അടിമ ആയിരുന്നു താങ്കൾ എന്ന തിരിച്ചറിവ് ഭാര്യക്കും മക്കൾക്കും ഉണ്ടാക്കുന്ന അവമതിപ്പ് വളരെ വലുതായിരിക്കും.




