- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈക്കോടതിയുടെ വിലക്ക് അവഗണിച്ച് സംസ്ഥാന സർക്കാർ; കോഴിക്കോട്ടും ബാലുശ്ശേരിയിലും നവകേരള സദസ്സിന് ആളെയെത്തിക്കാൻ സ്‌കൂൾ ബസുകൾ; നടപടി, വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ സ്റ്റേ നിലനിൽക്കെ
കോഴിക്കോട്: നവകേരള സദസ്സിൽ പങ്കെടുക്കാൻ ആളുകളെ എത്തിക്കാൻ വീണ്ടും സ്‌കൂൾ ബസ്സുകൾ ഉപയോഗിച്ചത് വിവാദത്തിൽ. കോഴിക്കോട്ടും ബാലുശ്ശേരിയിലുമാണ് നവകേരള സദസ്സ് പരിപാടിയിലേക്ക് സ്‌കൂൾ ബസിൽ ആളുകളെ എത്തിച്ചത്. വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ ഹൈക്കോടതിയുടെ വിലക്ക് നിലനിൽക്കെയാണ് നീക്കം.
നാല് ബസ്സുകളാണ് ബാലുശ്ശേരിയിൽ ആളുകളെ എത്തിക്കാൻ ഉപയോഗിച്ചത്. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്വക്വയറിൽ നടക്കുന്ന പരിപാടിയിലേക്കും ആളുകളെ ബസുകളിൽ എത്തിച്ചു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളുടെ ബസുകളാണ് വിവിധ സ്ഥലങ്ങളിൽനിന്നായി ആളുകളെ എത്തിക്കുന്നതിന് ഉപയോഗിച്ചത്.
നവകേരള സദസ്സിൽ ആളുകളെ എത്തിക്കാൻ സംഘാടക സമിതി അവശ്യപ്പെട്ടാൽ സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ആളുകളെയെത്തിക്കാൻ വീണ്ടും സ്‌കൂൾ ബസ്സുകൾ ഉപയോഗിച്ചിരിക്കുന്നത്.
നേരത്തെ നവകേരള സദസിലേക്ക് സ്‌കൂളുകളിൽനിന്ന് വിദ്യാർത്ഥികളെ എത്തിക്കാനുള്ള നിർദ്ദേശം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നാലെ, വിഷയം കോടതിയിലെത്തിയ സാഹചര്യത്തിൽ നവകേരള സദസ്സിലേക്ക് ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിൻവലിക്കുമെന്ന് അറിയിച്ചിരുന്നു.
നവകേരള സദസിൽ പങ്കെടുപ്പിക്കാൻ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. കുട്ടികളെ വെയിലത്ത് നിർത്തിയെന്നായിരുന്നു ആക്ഷേപം. തലശ്ശേരിയിൽ നിന്നു കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ റോഡിൽ നിർത്തിയത്.
സംഭവം വിവാദമായതോടെ കുട്ടികൾ തണലത്താണ് നിന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. കുട്ടികളെ ഒരു സ്‌കൂളിൽ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിർത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവർത്തിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
കൂടാതെ, നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് തിരൂരങ്ങാടി ഡിഇഒ സ്‌കൂൾ പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയതും വിവാദമായിരുന്നു. ഓരോ സ്‌കൂളിൽ നിന്നും 200 കുട്ടികളെ എങ്കിലും എത്തിക്കണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. നവകേരള സദസിന് സ്‌കൂൾ ബസ് വിട്ടു നൽകണമെന്ന നിർദ്ദേശം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.




