- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുദ്രാവാക്യം വിളിക്കുന്നതിനിടെ കണ്ണീർ വാതക ഷെൽ തൊട്ടരികെ, ഓട്ടത്തിനിടെ അതെടുത്ത് പൊലീസിന് നേരെ തിരിച്ചെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; ചിതറിയോടി പൊലീസ് സംഘം; മാർച്ചിൽ സംഘർഷം, പൊലീസിനുനേരെ കല്ലേറ്
കോഴിക്കോട്: കെ എസ് യു പ്രവർത്തകന്റെ കഴുത്തു ഞെരിച്ച കോഴിക്കോട് ഡിസിപി കെ.ഇ ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് എറിഞ്ഞ കണ്ണീർ വാതക ഷെൽ പ്രവർത്തകർ പിടിച്ചെടുത്ത് പൊലീസിന് നേർക്ക് തന്നെ തിരിച്ചെറിഞ്ഞു. പിരിഞ്ഞു പോകാൻ മൂന്നു തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതതടസം നേരിട്ടു.
കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് എറിഞ്ഞ കണ്ണീർ വാതക ഷെൽ നിലത്തുനിന്ന് എടുത്ത് പൊലീസിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തിരിച്ചെറിയുകയായിരുന്നു. പൊലീസ് പ്രയോഗിച്ച കണ്ണീർ വാതക ഷെല്ലാണ്, ഒരു പ്രവർത്തകൻ നിലത്തുനിന്നെടുത്ത് തിരിച്ചെറിഞ്ഞത്. സംഭവത്തിന്റെ വിഡിയോ വൈറലായി.
മാർച്ച് തടയുന്നതിനായി പൊലീസ് നിരത്തിവച്ച ബാരിക്കേഡിനു സമീപം നിന്ന ബഹളം വച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാനാണ് പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. ബാരിക്കേഡിനു സമീപം നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ കണ്ണീർ വാതക ഷെൽ എറിഞ്ഞതോടെ പ്രവർത്തകർ നാലുപാടും ചിതറി. ഇതിനിടെ കയ്യിൽ തുണിയുമായി ഓടിയെത്തിയ ഒരു പ്രവർത്തകൻ, അതെടുത്ത് തിരിച്ച് പൊലീസിനു നേരെ എറിയുകയായിരുന്നു.
ഇതോടെ പൊലീസ് സംഘം ചിതറിയോടി. സമരത്തെ നേരിടുന്നതിനായി എത്തിച്ച ജലപീരങ്കിയുമായെത്തിയ വാഹനവും പിന്നിലേക്കു മാറ്റി. കണ്ണീർ വാതകം സൃഷ്ടിച്ച വൈഷമ്യത്തെ തുടർന്ന് പൊലീസുകാർ റോഡിൽനിന്ന് ഓടി മാറുന്നത് വിഡിയോയിൽ കാണാം. പ്രവർത്തകൻ കണ്ണീർ വാതക ഷെൽ തിരിച്ചെറിയുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദാരവം മുഴക്കുന്നതും വിഡിയോയിലുണ്ട്. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് സംഘം കണ്ണീർ വാതകത്തെ നിർവീര്യമാക്കിയത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു പ്രവർത്തകരെ മാറ്റുന്നതിനിടയിൽ ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളജ് യൂണിറ്റ് പ്രസിഡന്റ് ജോയൽ ആന്റണിയെ ഡിസിപി കെ.ഇ.ബൈജു കഴുത്തിനു പിടിച്ചു ഞെരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ മാർച്ച്.
കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കമ്മീഷണർ ഓഫീസിന് മുന്നിൽ പൊലീസ് തടയുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഇപ്പോൾ കണ്ണീർ വാതകം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് പൊലീസുകാർക്ക് ശരിക്കും മനസ്സിലായിക്കാണുമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് പ്രതിഷേധം കാണാതെ ഒരു കിലോമീറ്റർ പോലും മുഖ്യമന്ത്രിയുടെ നവകേരള യാത്രക്ക് മുന്നോട്ട് പോകാനാകില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിഷേധം കാണാതെ യാത്ര പൂർത്തായാക്കാനാവുമോ എന്ന് നോക്കാം. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ സർക്കാർ ചെയ്യാനാവുന്നതൊക്കെ ചെയ്യട്ടേയെന്നും അന്വേഷണം നെഞ്ചും വിരിച്ച് നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
'മാർച്ച് തുടങ്ങിയപ്പോൾത്തന്നെ പൊലീസുകാർ കണ്ണീർ വാതകം പ്രയോഗിച്ചു. ഇപ്പോൾ ഞങ്ങളുടെ സമരത്തിന്റെ രീതിയൊക്കെ മനസ്സിലായിക്കാണുമല്ലോ. കണ്ണീർ വാതകം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് പൊലീസുകാർക്ക് ഇപ്പോൾ ശരിക്കും മനസ്സിലായിക്കാണും. എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്നും സമരം എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും ഞങ്ങൾക്ക് ശരിക്കും ബോധ്യമുണ്ട്. ഇനി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസുകാരന്റെ പ്രതിഷേധമില്ലാതെ ഈ നവകേരള നരാധമ സദസ് പൂർത്തീകരിക്കാനാകുമോയെന്ന് പിണറായി വിജയനൊന്നു നോക്കട്ടെ. ഞങ്ങളെയും കൊണ്ടു പറ്റുന്ന പണി ഞങ്ങളും നോക്കാം.' രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ