- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്നലെ കെ.സുരേന്ദ്രനേക്കാൾ സന്തോഷവാനായിരുന്നു പിണറായി വിജയൻ; കാരണം, മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി ജയിച്ചതും കോൺഗ്രസ് പരാജയപ്പെട്ടതുമാണ്; ഇന്ത്യ മുന്നണിയെ ഒറ്റുകൊടുത്ത പിണറായി കോൺഗ്രസിനെ ഉപദേശിക്കേണ്ട'; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ
ഒറ്റപ്പാലം: മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിൽ പാർട്ടി നേതൃത്വത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നലെ കോൺഗ്രസിന്റെ പരാജയത്തിൽ കെ. സുരേന്ദ്രനെക്കാൾ സന്തോഷിക്കുന്നത് പിണറായി വിജയനാണെന്ന് സതീശൻ പരിഹസിച്ചു.
പകൽ ബിജെപി വിരോധം പറയുമ്പോഴും, കേസുകളിൽനിന്ന് രക്ഷപ്പെടാൻ രാത്രി സംഘപരിവാറുമായി സന്ധി ചെയ്യുന്ന വ്യക്തിയാണ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയിലേക്കു പ്രതിനിധികളെ അയയ്‌ക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചതുപോലും കേരളത്തിലെ നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണ്. ബിജെപിക്കായി സംസാരിക്കുന്ന പിണറായി വിജയന്റെ ഉപദേശം കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്ക് ആവശ്യമില്ലെന്ന് സതീശൻ പറഞ്ഞു.
സംഘപരിവാർ നേതൃത്വവുമായി പിണറായി വിജയനുള്ള ബന്ധമാണ് സിബിഐയെ പോലും നിയന്ത്രിക്കുന്ന തരത്തിലേക്ക് വളർന്നത്. കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തിയ എല്ലാ അന്വേഷണവും ഒരു ദിവസം മടക്കിക്കെട്ടി. സംഘപരിവാറും കേരളത്തിലെ സിപിഎം നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണയെ തുടർന്നാണിത്. എന്തുകൊണ്ടാണ് ഇന്ത്യ മുന്നണിയിലേക്ക് സിപിഎം പ്രതിനിധിയെ അയയ്ക്കാൻ തായാറാകാതിരുന്നതെന്നാണ് കോൺഗ്രസിനെ ഉപദേശിക്കുന്ന പിണറായി വിജയനോട് ചോദിക്കാനുള്ളത്.
കേരളത്തിലെ സിപിഎം നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണ് സിതാറാം യെച്ചൂരിക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്. സംഘപരിവാറിന് വേണ്ടി ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താൻ കൂട്ടു നിന്ന ആളാണ് പിണറായി വിജയൻ. പിണറായി ബിജെപിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അങ്ങനെയുള്ള പിണറായിയുടെ ഉപദേശം ഞങ്ങൾക്കു വേണ്ട.
കണ്ണൂർ വി സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട അനധികൃത ഇടപെടൽ നടത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇല്ലാത്ത അധികാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉപയോഗിച്ചെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. നിയമവിരുദ്ധമായി രണ്ട് കത്തുകളാണ് മന്ത്രി ഗവർണർക്ക് നൽകിയത്. ചാൻസലർക്ക് പ്രോ ചാൻസലർ കത്തെഴുതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വി സി നിയമനവുമായി ബന്ധപ്പെട്ട് കത്തെഴുതാൻ മന്ത്രിക്ക് അധികാരമില്ല. മറ്റേതെങ്കിലും കാര്യങ്ങളിൽ വേണമെങ്കിൽ കത്തെഴുതാം.
ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അവിഹിതമായ ഇടപെടലാണ് പുനർനിയമനം റദ്ദാക്കാൻ കാരണമെന്ന് സുപ്രീം കോടതി എഴുതി വച്ചിട്ട്, അതു വായിച്ച് നോക്കാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കോടതി പരാമർശത്തിന്റെ പേരിൽ കെ. കരുണാകരൻ ഉൾപ്പെടെയുള്ളവർ രാജിവച്ചിട്ടുണ്ട്. മന്ത്രി രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. അതിന് മുഖ്യമന്ത്രി തയാറാകില്ലെന്ന് അറിയാം. കാരണം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. ഗവർണറെ കണ്ട് എന്റെ ജില്ലയിലെ സർവകലാശാലയാണെന്ന് പറഞ്ഞതും മന്ത്രിയെ കൊണ്ട് എല്ലാ ചെയ്യിപ്പിച്ചതും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഗവർണർ തെറ്റ് ചെയ്തത്. എന്നിട്ടാണ് മുഖ്യമന്ത്രി ഗവർണറെ തള്ളിപ്പറയുന്നത്. വി സി നിയമനത്തിൽ ചതിയന്റെ റോളിലാണ് മുഖ്യമന്ത്രി.
കേരളം സാമ്പത്തികമായി തകർന്ന് തരിപ്പണമായിരിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് ഇരുന്ന് ഭരണം നടത്തി പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം മന്ത്രിമാരെയും കൂട്ടി 44 ദിവസം ടൂർ പോകുന്ന പരിപാടിയെ അശ്ലീലനാടകം എന്നല്ലാതെ എന്താണ് പറയേണ്ടത്. അശ്ലീലം എന്ന വാക്കിന്റെ അർത്ഥം അറിയില്ലെങ്കിൽ മുഖ്യമന്ത്രി മീഡിയ അഡൈ്വസറായ പ്രഭാവർമയോട് ചോദിച്ചാൽ മതി.
സർക്കാർ കേരളത്തെ കബളിപ്പിക്കുകയാണ്. ഒരു ലക്ഷത്തിൽ കൂടുതലുള്ള ചെക്കുകൾ മാറ്റി നൽകേണ്ടെന്നാണ് ധനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. മുടിഞ്ഞ തറവാടാക്കി കേരളത്തെ മാറ്റിയിട്ട് എന്ത് നവകേരള സദസാണ് സംഘടിപ്പിക്കുന്നത്. അഞ്ച് മാസം മുൻപ് മന്ത്രിമാർ നടത്തിയ താലൂക്ക് തല അദാലിത്തിൽ ലഭിച്ച നിവേദനങ്ങളിൽ ഒന്നെങ്കിലും തുറന്ന് നോക്കിയിട്ടുണ്ടോ? എന്നിട്ടാണ് ഇപ്പോൾ കിട്ടിയ നിവേദനങ്ങളുടെ എണ്ണത്തിൽ മുഖ്യമന്ത്രി അഭിമാനം കൊള്ളുന്നത്.
ഒന്നും നടക്കാത്തതു കൊണ്ടാണ് പരാതികളുടെ എണ്ണം കൂടുന്നത്. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രി തന്നെ നവകേരള സദസ് ഗംഭീരമാണെന്ന് പറയുന്നത്. നവകേരള സദസ് വലിയ സംഭവം ആയിരുന്നോയെന്ന് പറയേണ്ടത് ജനങ്ങളാണ്. അല്ലാതെ മുഖ്യമന്ത്രിയല്ല പറയേണ്ടത്. പാവങ്ങളെ ആട്ടിത്തെളിച്ചാണ് കൊണ്ടു പോകുന്നത്.
കുട്ടികളെ പങ്കെടുപ്പിക്കുന്നതും സ്‌കൂൾ ബസുകൾ ഉപയോഗിക്കുന്നതും വിലക്കിയത് ഉൾപ്പെടെ നാല് ഉത്തരവുകളാണ് കോടതികളിൽ നിന്നുണ്ടായിരിക്കുന്നത്. പഞ്ചായത്തുകളിൽ നിന്നും പണം പിരിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. മന്ത്രിയുടെ ഓഫീസിൽ നിന്നും ഭീഷണിപ്പെടുത്തിയാണ് പറവൂർ മുൻസിപ്പൽ സെക്രട്ടറി പണം നൽകിയത്. ഇപ്പോൾ സെക്രട്ടറിയുടെ കയ്യിൽ നിന്നും പണം പോയി. മന്ത്രി രാജേഷിന്റെ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് കോടതി റദ്ദാക്കി കോടതിയും പിരിഞ്ഞ ശേഷം ഞായറാഴ്ചയാണ് മന്ത്രി വാദം പറയാൻ എത്തിയിരിക്കുന്നത്.
മഹാരാജാവ് എഴുന്നള്ളുമ്പോൾ മതിലുകളും കെട്ടിടങ്ങളുമൊക്കെ പൊളിഞ്ഞുവീഴും. കുട്ടികളെ വെയിലത്ത് നിർത്തിയിട്ടാണ് അവർ അവേശം കൊണ്ടാണ് വന്നതെന്ന് പറയുന്നത്. കറുത്ത വസ്ത്രം ധരിച്ച് വന്ന ശബരിമല ഭക്തരെ വരെ കരുതൽ തടങ്കലിലാക്കിയെന്നും സതീശൻ പരിഹസിച്ചു.




