- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ല; മിശ്രവിവാഹം നാടിന്റെ മാറ്റത്തിന്റെ ഭാഗം; പൊതുസമൂഹത്തിൽ ആർക്കും അതൊന്നും തടയാനാകില്ല'; സമസ്തയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
കൊച്ചി: മിശ്രവിവാഹം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി വരുന്നതാണെന്നും ആർക്കും അത് തടയാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കാലഘട്ടത്തിൽ ഇതൊന്നും തടയാൻ ആർക്കും കഴിയില്ല. നവകേരള സദസ്സിൽ നാസർ ഫൈസി കൂടത്തായിയുടെ ആരോപണത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി മിശ്രവിവാഹം തടയാൻ ആർക്കും ആവില്ലെന്നും വ്യക്തമാക്കി. മിശ്രവിവാഹത്തിനെതിരെ പരാതി എക്കാലത്തും ഉണ്ടാകും. കുടുംബങ്ങൾ പരാതി ഉയർത്തും.
മിശ്രവിവാഹം സമൂഹത്തിൽ എല്ലാകാലത്തും പൊതുവായി നടക്കുന്ന മാറ്റത്തിന്റെ ഭാഗം. മിശ്രവിവാഹം തടയാൻ ഒരു കൂട്ടർക്കും ആവില്ല. ഞങ്ങൾ തടഞ്ഞു കളയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് സാധ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ ചാലക്കുടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
''മിശ്രവിവാഹം നടക്കുമ്പോഴൊക്കെ ഈ പറയുന്ന പരാതി എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. ഇപ്പോ ധാരാളം വിവാഹം നടക്കുകയല്ലേ. പുതിയ കാലഘട്ടത്തിൽ പൊതുസമൂഹത്തിൽ അതൊന്നും തടയാനാകില്ല. എതെങ്കിലുമൊരു സംഘടന വിവാഹദല്ലാളും ബ്യൂറോയുമായി പ്രവർത്തിക്കുന്നില്ല. ഈ മിശ്രവിവാഹ ബ്യൂറോ തുറക്കുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും.
അത് നമ്മുടെ ചെറുപ്പത്തിന്റെ ഭാഗമായി നാടിന്റെ മാറ്റത്തിന്റെ ഭാഗമായി വരുന്ന കാര്യമാണ്. അതൊന്നും ലോകത്ത് ആർക്കും തടയാൻ കഴിയില്ല. ഞങ്ങള് തടഞ്ഞു കളയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതൊന്നും സാധിക്കുന്ന കാര്യമല്ലെന്ന് അവരെല്ലാം മനസ്സിലാക്കുന്നത് നല്ലതാണ്'' മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മിശ്രവിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്നും, മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്നുവെന്നുമാണ് എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ആരോപിച്ചത്. ഹിന്ദു, മുസ്ലിമിനെ വിവാഹം കഴിച്ചാൽ മതേതരത്വമായെന്നാണ് ചിലർ കരുതുന്നെന്നും ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി ആവശ്യപ്പട്ടിരുന്നു. ഇതിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
ബഫർ സോൺ വിഷയത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. 2022 ജൂൺ മൂന്നിലെ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകിയിരുന്നു. ഈ ആവശ്യം കോടതി അനുവദിച്ചു. ജനവാസ മേഖല പൂർണ്ണമായും ഒഴിവാക്കാൻ കഴിയും. കരട് വിജ്ഞപനത്തിൽ നേരത്തെ ജനവാസ മേഖല പെട്ടിട്ടുണ്ടോ എന്ന് വീണ്ടും പരിശോധിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
നാടിന്റെ വികസനം തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന കാര്യം ജനങ്ങളിലേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിന്റെ ഭാഗമായി 3,00571 പരാതികൾ ഇന്നലെ വരെ ലഭിച്ചുവെന്ന് പിണറായി വിജയൻ അറിയിച്ചു. വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ തന്നെ പരാതികൾ പരിഹരിക്കാൻ ശ്രമിക്കുന്നു. കാസർഗോഡ് 14701 പരാതികൾ ലഭിച്ചു. 256 എണ്ണം പൂർണ്ണമായും പരിഹരിച്ചു കണ്ണൂരിൽ 28801 നിവേദനങ്ങൾ ലഭിച്ചു, 312 എണ്ണം തീർപ്പാക്കി. നിവേദനങ്ങളുടെ എണ്ണം കൂടുന്നത് സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം കൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് മന്ത്രിസഭ എടുത്ത തീരുമാനം വ്യവസായ മേഖലയ്ക്ക് അനുകൂലമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പ്രതിപക്ഷ എംഎൽഎമാർക്ക് വിമർശനം നവകേരള സദസിന്റെ വേദിയിൽ തന്നെ പറയാമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർ മാധ്യമങ്ങളിലൂടെയല്ല തന്നെ ക്ഷണിക്കേണ്ടത് തന്നോട് പറയാനുള്ളത് നേരിട്ട് പറയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.




