കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിധേഷത്തിനിടെ ഓടിയ എസ്എഫ്ഐക്കാരെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഗവർണർ കാർ തുറന്നപ്പോൾ ഓടിപ്പോയ എസ് എഫ് ഐ കാർ തിരിച്ചുവരണം. ആവശ്യമായ കായിക പരിശീലനം കെ എസ് യു നൽകും ഇവരെ ഒളിംമ്പിക്സിൽ മത്സരിപ്പിച്ചാൽ ഇന്ത്യക്ക് മെഡൽ ഉറപ്പാണെന്നും രാഹുൽ പരിഹസിച്ചു.

നവകേരള സദസ്സ് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണ്. നിരവധി കോടതി ഉത്തരവുകൾ ലംഘിച്ചാണ് നവകേരള സദസ്സ് മുന്നോട്ടുപോകുന്നത്. സ്‌കൂൾ കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ഏറ്റവും ദുർബലരായിട്ടുള്ള ആളുകളെയാണ് ഈ പരിപാടിക്കുവേണ്ടി ഉപയോഗിക്കുന്നത്. പ്രഭാതനടത്തം അല്ലാതെ വേറെ റോൾ നവകേരള സദസ്സിൽ മന്ത്രിമാർക്കില്ല. മന്ത്രിമാരുടെ കൊളസ്ട്രോൾ സർക്കാർ ചെലവിൽ കുറയ്ക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.

നവ കേരളസദസ്സ് പരാതിക്കാരെ അധിക്ഷേപിക്കുന്ന ഒന്നാണ്. ക്ഷേമ പെൻഷൻ മുടങ്ങി എന്ന പരാതി കോർപ്പറേഷനുകളിലേക്ക് അയക്കുന്നു. റോഡ്, കളിക്കളം തുടങ്ങിയവ സംബന്ധിച്ച പരാതികൾ ഗ്രാമസഭയിൽ നൽകണം എന്നുപറയുന്നു. വൃക്ക രോഗികളുടെ പരാതി അയച്ചത് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ്. കരിങ്കൊടി പ്രതിഷേധം നടത്തുന്ന പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുകയും മുഖ്യമന്ത്രി അതിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ഇത്തരം ജീവൻ രക്ഷാപ്രവർത്തനം തുടർന്നാൽ ഈ പ്രവർത്തകരെ തെരുവിൽ ആദരിക്കേണ്ടിവരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മുന്നറിയിപ്പ് നൽകി.

ഇന്നലെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചപ്പോൾ അത് നവോന്ഥാന കൊടിയായിരുന്നു. കെ.എസ്.യു കാണിച്ചാൽ അത് ഗറില്ലാ കരിങ്കൊടി. കൊടിക്ക് എന്തെങ്കിലും നിറവ്യത്യാസം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.'ഷൂ പറന്നാൽ ജീവൻ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെടുന്ന മുഖ്യമന്ത്രി വീട്ടിലിരിക്കണം. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ മുന്നൊരുക്കം ഉണ്ടായില്ല. 625 പൊലീസുകാരാണുള്ളത്. കാരണഭൂത വിഗ്രഹത്തിന് 22,000 പൊലീസ്. ഇത് എന്ത് നീതി? തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് പൊലീസ് തന്നെ റിപ്പോർട്ട് നൽകി.

ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെയുള്ളവർ ദർശനം നടത്താനാവാതെ തിരിച്ചുപോകുന്നു. അയ്യപ്പഭക്തരെ കണ്ണീരിലാഴ്‌ത്തി മുഖ്യമന്ത്രി ഇന്നും നല്ല പ്രാതൽ കഴിക്കുന്നു. ബിസ്‌കറ്റ് കിട്ടാൻ കരയുന്ന കുട്ടിപോലും ശബരിമലയിൽ ഉണ്ട്. ഈ അവസ്ഥയിൽ മകരവിളക്ക് എത്തിയാൽ മനുഷ്യ ദുരന്തം ഉണ്ടാവാൻ സാധ്യത ഉണ്ട്', രാഹുൽ പറഞ്ഞു.