- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കോടതി വളപ്പിൽ നീതി തേടി ഒരമ്മയുടെ ചങ്കുപൊട്ടിയുള്ള നിലവിളി മുഖ്യമന്ത്രിയും സർക്കാരും കേൾക്കണം; പ്രതിയുടെ സിപിഎം ബന്ധത്തിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടോയെന്ന് സംശയം'; വണ്ടിപ്പെരിയാർ പോക്സോ കേസിൽ ബാഹ്യഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ കേസ് കോടതിയിൽ പരാജയപ്പെട്ടതിന് പിന്നിൽ ബാഹ്യഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാളയാറിന് സമാനമായ അവസ്ഥ വണ്ടിപ്പെരിയാർ കേസിലും ഉണ്ടാകരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. വാളയാറിലെ പ്രതിക്ക് പാർട്ടി ബന്ധം ഉള്ളതിനാൽ തെളിവുകൾ നശിപ്പിക്കപ്പെട്ടു. വണ്ടിപ്പെരിയാറിലെ പ്രതിയുടെ ഡിവൈഎഫ്ഐ ബന്ധമാണ് തെളിവ് നശിപ്പിക്കപ്പെടാൻ കാരണമെന്ന് പൊതുസമൂഹം സംശയിക്കുന്നതായും സതീശൻ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി. കേസിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടിരുന്നു.
വണ്ടിപ്പെരിയാർ പോക്സോ കേസിലെ കോടതിവിധി കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കേസുകളിൽ സർക്കാരിന് അൽപം പോലും ഗൗരവം ഇല്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട്. അപ്പീൽ പോയതുകൊണ്ട് മാത്രം പരിഹാരമാകില്ല. പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് പകൽ പോലെ വ്യക്തമായി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പ്രോസിക്യൂഷൻ അങ്ങേയറ്റം ദുർബലമായിരുന്നു. പ്രതിക്ക് ഒളിവിൽ പോകുന്നതിനുള്ള സഹായം നൽകിയത് സിപിഎം പ്രാദേശിക നേതൃത്വമാണെന്ന ആരോപണം നേരത്തേയുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുൻപ് അടക്കാൻ ശ്രമിച്ചതും കേസ് അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു. എസ്.സി എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള വകുപ്പ് കൂടി ചേർക്കണമെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പൊലീസ് അവഗണിച്ചത് ദുരൂഹമാണ്.
പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാതരത്തിലുള്ള പിന്തുണയും നിയമ സഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടിപ്പെരിയാർ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നിട്ടും ഗൗരവമുള്ള നടപടികൾ ഉണ്ടായില്ലെന്നത് അപലപനീയമാണ്.
കുട്ടിയുടെ അമ്മ കോടതി വളപ്പിൽ നീതി തേടി നിലവിളിക്കുമ്പോൾ ആ ശബ്ദം കേരളത്തെ ഒന്നാകെ പൊള്ളിക്കുന്നുണ്ട്. മകളെ നഷ്ടപ്പെട്ട കുടുംബത്തിന് നീതി കിട്ടിയേ തീരൂ. പൗരപ്രമുഖരുടെ പ്രശ്നങ്ങൾ മാത്രം ഇരുന്ന് കേൾക്കുന്ന മുഖ്യമന്ത്രിയും സർക്കാരും ഈ അമ്മയുടെ ചങ്കുപൊട്ടിയുള്ള വേദന കൂടി കാണണമെന്നും സതീശൻ പറഞ്ഞു. അതേസമയം, കേസിൽ അപ്പീൽ പോകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കട്ടപ്പന അതിവേഗ സ്‌പെഷൽ കോടതിയാണ് അർജുനെ വെറുതേ വിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. തീർത്തും വൈകാരിക നിമിഷങ്ങളാണ് കട്ടപ്പന അതിവേഗ സ്‌പെഷൽ കോടതിയിൽ തുടർന്ന് അരങ്ങേറിയത്. വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ ചുരക്കുളം എസ്റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ടതിനെ തുടർന്നായിരുന്നു നാടകീയ രംഗങ്ങൾ.
നീതികിട്ടിയില്ലെന്നാരോപിച്ച് പൊട്ടിക്കരഞ്ഞ കുഞ്ഞിന്റെ അമ്മ കോടതി വളപ്പിൽ കരഞ്ഞ് നിലത്തരുണ്ടു. പൊലീസുകാർ ഏറെ പണിപ്പെട്ടാണ് ഇവരെ കോടതിപരിസരത്ത് നിന്ന് നീക്കിയത്. ''നാട്ടുകാർക്ക് മുഴുവൻ അറിയാം അവൻ ചെയ്ത കാര്യങ്ങൾ, അവനെ വെറുതെവിട്ടു. അവൻ സന്തോഷമായി ജീവിക്കാൻ പോകുവാ. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടില്ലേ... പൂജാമുറിയിൽ ഇട്ടാണ് കൊന്നത്. അലമാരയ്ക്ക് അകത്തിരുന്ന ഷർട്ട് എടുത്താണ് കെട്ടിത്തൂക്കിയത്. കുഞ്ഞിനു ചോറുകൊടുത്ത് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് അവൻ വീട്ടിൽ കയറിയത്. എന്നെ കൊല്ല്, എന്നെ കൊല്ല്, എന്റെ കൊച്ചിനു നീതി കിട്ടാതെ ഞാൻ വരുകേലാ, എന്നെ കൊല്ലണമെങ്കിൽ കൊല്ല്... എന്റെ പൊന്നുമോളേ... എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ, അവൾക്ക് നീതി കിട്ടിയില്ല...'' എന്നായിരുന്നു ആ അമ്മയുടെ കണ്ണീരോടെയുള്ള വാക്കുകൾ.
2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പെൺകുട്ടിക്കു മൂന്ന് വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
അതേസമയം, കോടതിയിൽ പൊലീസ് നിരത്തിയത് കൃത്രിമസാക്ഷികളെയാണെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. പട്ടികജാതിക്കാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ ചുമത്തേണ്ടിയിരുന്ന എസ്‌സിഎസ്ടി പീഡനനിരോധന നിയമപ്രകാരമുള്ള 325ാം വകുപ്പ് ചേർക്കണമെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പൊലീസ് അവഗണിച്ചു. ഇതോടെ പെൺകുട്ടിയുടെ കുടുംബത്തിനു സർക്കാരിൽനിന്നു ലഭിക്കേണ്ട ധനസഹായവും ലഭിച്ചിരുന്നില്ല.




