- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറെ'; കാലടി സംസ്‌കൃത സർവകലാശാല മുഖ്യ കവാടത്തിൽ ഗവർണറെ വിമർശിച്ച് എസ്.എഫ്.ഐയുടെ ബാനർ; കാലിക്കറ്റ് സർവകലാശാലയിൽ നാളെ ഗവർണർ എത്താനിരിക്കെ പരസ്യ വെല്ലുവിളി വീണ്ടും
കൊച്ചി: കാലിക്കറ്റ് സർവകലാശാലയിൽ ശനിയാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിപാടി നടക്കാനിരിക്കെ പരസ്യ വെല്ലുവിളിയുമായി വീണ്ടും എസ് എഫ് ഐ. കാലടി സംസ്‌കൃത സർവകലാശാലയുടെ മുഖ്യ കവാടത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്.എഫ്.ഐയുടെ ബാനർ ഉയർന്നത്. 'ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറെ' എന്നാണ് ബാനറിലെ വാചകം.
ഗവർണർക്കെതിരേ പ്രതിഷേധം കടുപ്പിക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് സർവകലാശാലയുടെ പ്രധാന കവാടത്തിൽ ബാനർ ഉയർന്നത്. സംസ്ഥാനത്തെ സർവകലാശാല കാമ്പസുകളിൽ ഗവർണറെ കാലുകുത്താൻ അനുവദിക്കില്ലെന്നാണ് എസ്എഫ്ഐയുടെ വെല്ലുവിളി.
ശനിയാഴ്ച കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറുടെ പരിപാടി നടക്കാനിരിക്കെയാണ് പരസ്യമായ വെല്ലുവിളി. ഇവിടെ ഗവർണർ ആദ്യം താമസിക്കാൻ നിശ്ചയിച്ചിരുന്ന സ്ഥലം മാറ്റുകയും സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കാൻ അദ്ദേഹം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഇരുവിഭാവും വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് കാലടിയിൽ ഗവർണറെ രൂക്ഷമായി വിമർശിക്കുന്ന ബാനർ ഉയർന്നത്.
കാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ. നേതാക്കളുടെ പ്രസ്താവന തനിക്കെതിരേയുള്ള നീക്കമാണെന്നു ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തുനൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണറുടെ ഔദ്യോഗിക കൃത്യനിർവഹണം തടയുമെന്ന പ്രസ്താവന ഇന്ത്യൻ ശിക്ഷാനിയമത്തിലെ ചട്ടങ്ങൾപ്രകാരം പൊലീസ് മേധാവി നേരിട്ട് കൈകാര്യം ചെയ്യണമെന്നാണ് ഗവർണറുടെ ആവശ്യം.
പ്രസ്താവന ഗവർണറെ ഭയപ്പെടുത്താനും ശാരീരികമായി കൈകാര്യംചെയ്യുകയെന്നത് ലക്ഷ്യംവെച്ചുള്ളതാണെന്നും കത്തിൽ ആരോപിച്ചിട്ടുണ്ട്. അതിനിടെയാണ് ഗവർണറെ വീണ്ടും വെല്ലുവിളിച്ചുകൊണ്ടുള്ള എസ്.എഫ്.ഐയുടെ ബാനർ.
ഗവർണർ- സർക്കാർ പോരിൽ പ്രതിഷേധത്തിനിറങ്ങിയ എസ് എഫ് ഐയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. പിന്നാലെ ചാൻസലറായ ഗവർണറെ സർവകലാശാലകളിൽ കയറ്റില്ലെന്നും എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നു. എസ്എഫ്ഐ വെല്ലുവിളി കഴിഞ്ഞ ദിവസം തന്നെ ഗവർണർ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് എത്തുമ്പോൾ കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കാൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ പൊലീസ് ഇപ്പോൾ ശരിക്കും പുലിവാല് പിടിച്ച മട്ടാണ്. ഇസഡ് പ്ലസ് വിഭാഗ സംരക്ഷണമുള്ള ഗവർണർക്ക് സുരക്ഷയൊരുക്കണം. ഗവർണർക്കെതിരേ നിൽക്കുന്നത് ഭരണപക്ഷ വിദ്യാർത്ഥിസംഘടനയും. അതുകൊണ്ട് തന്നെ രംഗം കൈവിട്ടു പോകാതിരിക്കേണ്ടത് പൊലീസിന്റെ ആവശ്യമാണ്.
തിരുവനന്തപുരത്ത് ഗവർണർക്കെതിരേ എസ്.എഫ്.ഐ. അതിക്രമത്തിൽ ആദ്യം ദുർബലവകുപ്പിടുകയും തുടർന്ന് രാജ്ഭവനിൽനിന്ന് അതൃപ്തി അറിയിച്ചതിനെത്തുടർന്ന് ഗവർണർക്കെതിരായ അക്രമത്തിനുള്ള പ്രത്യേക വകുപ്പ് ചുമത്തുകയുമായിരുന്നു.
ഗവർണറുടെ യാത്രാറൂട്ട് പൊലീസ് ഉദ്യോഗസ്ഥർതന്നെ ചോർത്തി നൽകിയെന്ന ആരോപണവും പൊലീസ് സേനയ്ക്കു നാണക്കേടായിട്ടുണ്ട്. പൊലീസിന്റെ സുരക്ഷയിൽ വീഴ്ചയുണ്ടായാൽ സിഐ.എസ്.എഫ് പോലെയുള്ള കേന്ദ്രസേനയെ ഗവർണറുടെ സംരക്ഷണം ഏൽപ്പിക്കുന്ന സാഹചര്യവുമുണ്ടാകാം. ഇതിന് സംസ്ഥാന പൊലീസിന്റെ അനുമതി വേണ്ടാ. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ തീരുമാനം മതി.
ഗവർണറെ കാംപസുകളിൽ കയറ്റില്ലെന്ന തരത്തിൽ തെരുവിൽ പ്രതിഷേധമുണ്ടായാൽ ആ വഴി തേടാനുള്ള ആലോചനകളും അണിയറയിൽ നടക്കുന്നുണ്ട്. കേന്ദ്രസേന ഗവർണറുടെ സുരക്ഷ ഏറ്റെടുക്കുന്നത് പൊലീസിന് നാണക്കേടാണ്. വെള്ളിയാഴ്ച കോഴിക്കോട്ടെത്തുന്ന ഗവർണർ ശനിയാഴ്ച പാണക്കാട്ടെ വിവാഹത്തിൽ പങ്കെടുത്ത് തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
സെഡ് പ്ലസ് കാറ്റഗറിയിലുള്ള ഗവർണർക്കും മുഖ്യമന്ത്രിക്കും നേരെയുണ്ടാകുന്ന ഒരേ പ്രതിഷേധങ്ങളോട് പൊലീസിന്റെയും സർക്കാരിന്റെയും എൽ.ഡി.എഫിന്റെയും രണ്ടുതരം സമീപനമാണ് രാഷ്ട്രീയമായി പ്രതിപക്ഷം ഉയർത്തുന്നത്. നവകേരള യാത്രയ്ക്കുനേരെ കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അവരിൽമാത്രം ഒതുങ്ങിനിൽക്കുന്ന സ്ഥിതിയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ ഷൂ ഏറുണ്ടായപ്പോഴാണ് ആ പ്രതിഷേധത്തിന് പോലും കനംവെച്ചത്.
യു.ഡി.എഫിലെ യുവനിരയുടെ പ്രതിഷേധം അവഗണിച്ച് നീങ്ങുക എന്നതായിരുന്നു സർക്കാരിന്റെ സമീപനം. പ്രതിഷേധക്കാരെ കായികമായി നേരിട്ട് ഒതുക്കാനാണ് സിപിഎമ്മും ശ്രമിച്ചത്. സമരക്കാരെ കൈകാര്യംചെയ്യാൻ പാർട്ടിക്കാർക്ക് അവസരം നൽകുന്ന സമീപനമാണ് പൊലീസും സ്വീകരിച്ചത്. പൊലീസിന്റെ നിലപാടിനെ കോടതിതന്നെ ചോദ്യംചെയ്തതിന് പിന്നാലെയാണ് ഗവർണർക്ക് നേരെയുള്ള എസ്.എഫ്.ഐ. പ്രതിഷേധത്തിൽ പൊലീസ് പ്രതിക്കൂട്ടിലാകുന്നത്.
തനിക്ക് നേരെ അക്രമം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചെന്നാണ് ഗവർണറുടെ ആരോപണം. പ്രതിഷേധക്കാരെ എത്തിച്ചത് പൊലീസ് വാഹനത്തിലാണെന്നും അദ്ദേഹം പറയുന്നു. ഒരേ കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്കും ഗവർണർക്കും സുരക്ഷാക്രമീകരണത്തിൽ രണ്ടുതരം സമീപനമാണ് പൊലീസ് സ്വീകരിച്ചതും.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് അടുത്തേക്ക് എത്താൻപോലും ആരെയും പൊലീസ് അനുവദിക്കാറില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള കമാൻഡോകൾ സഞ്ചരിക്കുന്ന കാറിന്റെ ഡോർ തുറന്നുപിടിച്ച് പ്രതിഷേധക്കാരുടെ അടുത്തേക്ക് ഓടിച്ചുകയറ്റുന്ന രീതിയും ഉണ്ടാകാറുണ്ട്. ഇതേ സുരക്ഷാവിഭാഗത്തിലുള്ള ഗവർണറാണ് നടുറോഡിൽ താൻ ആക്രമിക്കപ്പെടുകയാണെന്ന് പറഞ്ഞിരിക്കുന്നത്




