- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഗവർണർ ഗോ ബാക്ക്' മുദ്രവാക്യങ്ങളുമായി കാലിക്കറ്റ് സർവകലാശാല പരീക്ഷാ ഭവന് മുന്നിലേക്ക് എസ്എഫ്‌ഐ മാർച്ച്; ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി; പ്രവർത്തകർ കസ്റ്റഡിയിൽ; ബാനറുമായി തിരുവനന്തപുരത്തും പ്രതിഷേധം
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധവുമായി എസ്എഫ്‌ഐ. ഗവർണർ ഗോ ബാക്ക് എന്ന മുദ്രവാക്യങ്ങളുമായി കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷാ ഭവന് മുന്നിലേക്ക് എസ്എഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തി. ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് 50 മീറ്ററിന് അകലെയായുള്ള ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. പരീക്ഷാ ഭവനിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധം അരങ്ങേറിയത്.
കറുത്ത ടീ ഷർട്ട് ഉൾപ്പെടെ ധരിച്ചും കറുത്ത കൊടി ഉയർത്തികാണിച്ചുമാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം. കറുത്ത ബലൂണുകളുമായാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് ഒരുവിഭാഗം ആളുകൾ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി പ്രതിഷേധിച്ചത്.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കുനേരെ പൊലീസ് നടപടിയാരംഭിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. പൊലീസ് വാഹനത്തിലേക്ക് കയറാൻ തയ്യാറാകാതെ പ്രവർത്തകർ പ്രതിഷേധം തുടരുന്നത് സംഘർഷത്തിനിടയാക്കി. പൊലീസ് പ്രവർത്തകർക്കുനേരെ ലാത്തി വീശി. സ്ഥലത്ത് പൊലീസും പ്രവർത്തകരുമായി സംഘർഷം തുടരുകയാണ്.
ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നൂറുകണക്കിന് പ്രവർത്തകർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. അൽപസമയത്തിനകം പരീക്ഷാ ഭവനിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കും. ഗവർണർ ഗസ്റ്റ് ഹൗസിൽനിന്ന് ഇറങ്ങുന്നതിന് അൽപം മുമ്പാണ് വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായത്. എഐഎസ്എഫിന്റെ നേതൃത്വത്തിൽ പ്രധാന കവാടത്തിന് മുന്നിലും പ്രതിഷേധമുണ്ട്. പരിപാടി നടക്കുന്ന പരീക്ഷാ ഹാളിലും പ്രതിഷേധത്തിന് സാധ്യതയുണ്ട്.
അതേ സമയം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറി. 'സിപിയെ വെട്ടിയ നാടാണേ' എന്നെഴുതിയ ബാനറുമായാണ് പ്രവർത്തകരുടെ പ്രതിഷേധം. 'മിസ്റ്റർ ചാൻസലർ ഡോൻഡ് സ്പിറ്റ് പോയിസൻ ആൻഡ് പാൻ പരാഗ് ഓൺ യൂണിവേഴ്‌സിറ്റീസ്' എന്നും കറുത്ത നിറത്തിലുള്ള ബാനറിൽ എഴുതിയിട്ടുണ്ട്. ക്യാംപസിൽ ഗവർണറുടെ കോലവും കത്തിച്ചു.
ശേഷം പ്രകടനമായി യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെത്തിയ പ്രവർത്തകർ, യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിനു പുറത്ത് ബാനർ കെട്ടി. 'ഹിറ്റ്‌ലർ തോറ്റു, മുസോളിനി തോറ്റു, സർ സിപിയും തോറ്റുമടങ്ങി, എന്നിട്ടാണോ ആരിഫ്ഖാൻ' എന്നെഴുതിയ ബാനറാണ് യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിനു പുറത്ത് കെട്ടിയത്. ഇവിടെ പ്രവർത്തകർ പ്രതിഷേധിക്കുന്നു. നിലവിൽ കാലിക്കറ്റ് സർവകലാശാലയിലുള്ള ഗവർണർ ഇന്നു വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തും. ഇതിനു മുന്നോടിയായാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം.
ഇന്നു രാവിലെ, തിരുവനന്തപുരം സംസ്‌കൃത കോളജിലും എസ്എഫ്‌ഐ ബാനർ ഉയർത്തിയിരുന്നു. 'ചാൻസലർ, നിങ്ങളുടെ വിധേയത്വം സർവകലാശാലയോടായിരിക്കണം, സംഘപരിവാറിനോടാകരുത്' എന്നെഴുതിയ കറുത്ത തുണിയിലുള്ള ബാനറാണ് സംസ്‌കൃത കോളജിൽ ഉയർത്തിയത്. പന്തളം എൻഎസ്എസ് കോളജിലും കാലടി ശ്രീശങ്കര കോളജിലും എസ്എഫ്‌ഐ ഗവർണർക്കെതിരെ ബാനർ ഉയർത്തിയിരുന്നു.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ എസ്എഫ്‌ഐ പ്രവർത്തകർ ഉയർത്തിയ ബാനർ ഗവർണർ പൊലീസിനെക്കൊണ്ട് അഴിപ്പിച്ചിരുന്നു. എന്നാൽ, പ്രവർത്തകർ വീണ്ടും ബാനർ കെട്ടി. പൊലീസ് ബാരിക്കേഡിന് മുകളിൽ കയറിനിന്നായിരുന്നു ബാനർ കെട്ടിയത്. ഗവർണറുടെ കോലവും കത്തിച്ചിരുന്നു.




