- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കയിലെ ചികിൽസ രാഹുലിന്റെ സമ്മർദ്ദത്തിൽ; മയോ ക്ലീനിക്കിലെ പരിശോധനയ്ക്ക് യുഎസ് വിസയ്ക്ക് അപേക്ഷ നൽകിയ അധ്യക്ഷനെതിരെ പാളയത്തിൽ പട; തൽകാലം സുധാകരനെ മാറ്റുന്നതിനെ ഹൈക്കമാണ്ട് അനുകൂലിക്കില്ല; കേരള യാത്രയുടെ തീയതികൾ മാറ്റിയേക്കും
തിരുവനന്തപുരം: പരിശോധനക്കും ചികിത്സയ്ക്കുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഈ മാസം അമേരിക്കയിലേക്ക് പോകും. വിദേശ ചികിൽസയോട് സുധാകരന് താൽപ്പര്യമില്ലായിരുന്നു. എന്നാൽ പോയേ മതിയാകൂവെന്ന് രാഹുൽ നിർബന്ധിക്കുകയായിരുന്നു. അമേരിക്കയിലെ മയോ ക്ലീനിക്കിലാകും ചികിൽസ എന്നാണ് സൂചന. കോൺഗ്രസ് ഹൈക്കമാണ്ട് തന്നെയാണ് എല്ലാം ഒരുക്കി നൽകിയത്.
ഈ സാഹചര്യത്തിൽ രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളിൽ നിന്ന് മാറി നിൽക്കേണ്ടിവരുമെന്ന് കെപിസിസി ഭാരവാഹികളെ സുധാകരൻ അറിയിച്ചു. അധ്യക്ഷന്റെ ചുമതല തത്കാലം മറ്റാർക്കും നൽകില്ല.ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ മാസങ്ങളായി കെ സുധാകരൻ കേരളത്തിൽ ചികിത്സ തേടുന്നുണ്ട്. ഇത് പോരെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം കൂടി കണക്കിലെടുത്താണ് അമേരിക്കയിലേക്കുള്ള യാത്ര. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. വീസ ലഭിക്കുന്ന മുറയ്ക്ക് യാത്ര തീയതി തീരുമാനിക്കും.
അതിനിടെ സുധാകരനെ മാറ്റണമെന്ന ആവശ്യവം കോൺഗ്രസിൽ ശക്തമാണ്. ഗവർണറെ പിന്തുണച്ച് സെനറ്റ് നിയമനങ്ങളെ സുധാകരൻ അനുകൂലിച്ചതാണ് ഇതിന് കാരണം. സുധാകരന്റെ പ്രസ്താവനകൾ പാർട്ടിക്ക് തലവേദനയാകുന്നുവെന്നാണ് ആക്ഷേപം. എന്നാൽ തൽകാലം സുധാകരനെ മാറ്റില്ല. ഹൈക്കമാണ്ട് നിർദ്ദേശത്തിൽ ചികിൽസയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് ഇത്. അനാവശ്യ ചർച്ചകൾ ഒഴിവാക്കാൻ കൂടിയാണ് ഇത്. എന്നാൽ അമേരിക്കയിലെ ചികിൽസ നീണ്ടു പോയാൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റവും വരും.
ചികിത്സയ്ക്ക് പോകുന്നുവെന്ന അഭ്യൂഹം നിലനിൽക്കെ വീസയ്ക്ക് അപേക്ഷിച്ച കാര്യം ഓൺലൈനായി നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ കെ സുധാകരൻ തന്നെ വ്യക്തമാക്കി. ആർക്ക് ചുമതല നൽകുമെന്ന ചർച്ചകൾ പാർട്ടികേന്ദ്രങ്ങളിലുണ്ട്. എന്നാൽ, കെപിസിസി പ്രസിഡന്റിന്റെ ചുമതല തത്കാലം ആർക്കും കൈമാറില്ല. അറ്റാച്ച്ഡ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സഹഭാരവാഹികൾ ചേർന്നാവും പാർട്ടിയെ ചലിപ്പിക്കുക.
അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന ഡിജിപി ഓഫിസ് മാർച്ചിന് കെ സുധാകരൻ തന്നെ നേതൃത്വം നൽകും. എന്നാൽ ജനുവരിയിൽ നടത്താനിരിക്കുന്ന കെപിസിസി പ്രസിഡന്റിന്റെ കേരളയാത്രയുടെ തീയതി ചെലപ്പോൾ മാറിയേക്കും. അതിനിടെയാണ് സുധാകരന്റെ നിരന്തരമുള്ള വിവാദ പ്രസ്താവനകൾ പാർട്ടിയെ വെട്ടിലാക്കിയെന്നാണ് പാർട്ടി നേതാക്കളുടെ വിമർശനം. എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുന്ന പ്രസ്താവനകളാണ് സുധാകരൻ നടത്തുന്നതെന്നാണ് പരാതി.
പ്രസ്താവന പിൻവലിച്ചെങ്കിലും സംഘപരിവാർ അനുകൂല പരാമർശം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതായാണ് വിലയിരുത്തൽ. സുധാകരന് ചികിത്സാർത്ഥം അവധി നൽകി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദത്തിൽ താത്കാലിക നേതൃത്വം വരണമെന്നും പാർട്ടിയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. കേരള സർവകലാശാല സെനറ്റ് നിമനത്തിൽ യോഗ്യതയുള്ള സംഘപരിവാർ അനുകൂലികളെ നാമനിർദ്ദേശം ചെയ്യുന്നതിനെ താങ്ങൾ എതിർക്കുന്നില്ലെന്നും അവർ ജനാധിപത്യത്തിളെ ഭാഗമായ പാർട്ടിയാണെന്നുമായിരുന്നു സുധാകരന്റെ പ്രസ്താവന.
പിന്നാലെ സിപിഎം ഇത് ആയുധമാക്കി രംഗത്ത് വന്നു. മുതിർന്ന നേതാക്കൾ കെ. സുധാകരനെ വിമർശിച്ചപ്പോൾ പാർട്ടി അനുഭാവികൾ സമൂഹമാധ്യമങ്ങളിൽ സുധാകരനെതിരേ രൂക്ഷമായ പരിഹാസമുയർത്തിയിരുന്നു. പിന്നാലെ 'സെനറ്റിലേക്ക് യോഗ്യതയില്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യുന്നതെങ്കിൽ അതിനെ ശക്തമായി വിമർശിക്കും എന്നാണ് ഞാൻ വ്യക്തമാക്കിയത്. സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തവരുടെ മെറിറ്റ് നോക്കി നിയമിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതല്ലാതെ, സംഘപരിവാർ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം എന്റെ ശൈലിയല്ലെന്നും സുധാകരൻ വിശദീകരിച്ചിട്ടുണ്ട്.
പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറൽപോലും ഏൽപ്പിക്കാൻ സാധ്യമല്ല. സംഘപരിവാർ ആശയങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗവർണ്ണറെ ഒരുകാലത്തും കോൺഗ്രസ് പിന്തുണച്ചിട്ടില്ല. ഗവർണ്ണറെ പിൻവലിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടവരാണ് ഞങ്ങൾ. എന്നാൽ അതിനെ അനുകൂലിച്ചില്ലെന്ന് മാത്രമല്ല, ആ ആവശ്യത്തെ പരാജയപ്പെടുത്തിവരാണ് പിണറായി വിജയനും കൂട്ടരും' - എന്ന് അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിക്കുകയായിരുന്നു.