തിരുവനന്തപുരം: ഗവർണർ പരിണിതപ്രജ്ഞനായ രാഷട്രീയ നേതാവാണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ അഭിപ്രായം സിപിഎം അംഗീകരിക്കില്ല. സ്പീക്കറുടെ പ്രസ്താവന തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തു വന്നു. ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ അദ്ദേഹത്തിൽ നിന്നും ഉണ്ടാകുന്നതെന്നും വി.ശിവൻകുട്ടി ചോദിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പ്രതികരണം.

സംസ്‌കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എസ്എഫ്ഐ വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് വിളിച്ചത്. വിദ്യാർത്ഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ്. കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

കേരളം ബഹുമാനിക്കുന്ന രാജ്യത്തെ മതേതര മനസുകൾ നിലപാടുകൾക്ക് ഉറ്റു നോക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടർഭരണം നേടിയ കേരള മുഖ്യമന്ത്രിക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയ വ്യക്തിയാണ് ഗവർണർ. ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ ഇവ? അതെ, ഗവർണർ എന്ന നിലയിലും ചാൻസലർ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഇദ്ദേഹം...! എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഗവർണർ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണെന്ന് സ്പീക്കർ ചൊവ്വാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനാസ്ഥാനത്ത് ഇരിക്കുന്ന ഒരാളാണ്. എംഎ‍ൽഎ. എന്ന നിലയ്ക്ക് പ്രതികരിക്കുന്നതുപോലെ തനിക്ക് സ്പീക്കറായാൽ പ്രതികരിക്കാൻ കഴിയില്ലെന്നും ഷംസീർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് സിപിഎമ്മിനെ അതൃപ്തരാക്കുന്നത്. പരിണിതപ്രജ്ഞനായ രാഷട്രീയ നേതാവായി ഗവർണറെ ചിത്രീകരിച്ചത് ശരിയായില്ലെന്നതാണ് പാർട്ടി നിലപാട്. ഇക്കാര്യം സ്പീക്കറേയും സിപിഎം അറിയിച്ചുവെന്നാണ് സൂചന.