- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബസിന് മുന്നിലേക്ക് ചാടിയ ആളുകളെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്; അത് ജീവൻരക്ഷാപ്രവർത്തനം തന്നെ; കഴിഞ്ഞ ഒരുമാസമായി ഞാൻ ഇത് കാണുന്നതല്ലേ'; കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐ ആക്രമിച്ചതിനെ ന്യായികരിച്ച് വീണ്ടും മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരള സദസിന്റെ ബസിനുനേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തെ വീണ്ടും ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ നടന്നത് ജീവൻരക്ഷാ പ്രവർത്തനം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. ബസിനുമുന്നിലുള്ളവരെ രക്ഷിക്കുക തന്നെയാണ് ചെയ്തത്.
ബസിനുമുന്നിൽ ചാടിയാൽ അപകടം പറ്റും. അപകടം സംഭവിച്ചാൽ പിന്നീട് പ്രശ്നങ്ങളുണ്ടാക്കാം. ഇങ്ങനെ ഹീനബുദ്ധി പാടുണ്ടോ. എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുതയെന്നും കെപിസിസി പ്രസിഡന്റാണ് നിങ്ങൾ ആരാണ് ഇവരെ രക്ഷിക്കാൻ എന്ന് ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിൽ തന്നെ അതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അപകടമെന്നെ താൻ പറയുന്നുള്ളു. അതിന്റെ ഉദ്ദേശ്യം മറ്റേത് തന്നെ. അതിലപ്പുറം സംഭവിച്ചിട്ട്് പിന്നീട് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. ബസിന് മുന്നിൽ ചാടിയ ആളെ രക്ഷിക്കുകയാണ് അവിടെയുണ്ടായത്.
കഴിഞ്ഞ ഒരുമാസമായി താൻ ഇത് കാണുന്നതല്ലേയെന്നും കണ്ട കാര്യങ്ങളാണ് താൻ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസിന് മുന്നിലേക്ക് ചാടിയ ആളുകളെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്. ആ തള്ളിമാറ്റലിന് ഒരു പ്രശ്നമുണ്ടായാതായി തനിക്ക് തോന്നിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആ തള്ളിമാറ്റലിൽ എന്താണ് പ്രശ്നം. തങ്ങൾ എല്ലാവരും ബസിൽ യാത്ര ചെയ്ത് പോകുമ്പോൾ യാതൊരു പ്രകോപനവും ഉണ്ടാകുന്നില്ലല്ലോ?. എന്തിനാണ് ഇത്ര വലിയ അസഹിഷ്ണുത. നാടിനെ മുന്നോട്ടു പോകാൻ അനുവദിക്കാത്ത തരത്തിലുള്ള ഇടപെടലുകൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും വരുന്നുണ്ട്. മറ്റുകാര്യങ്ങളുടെ കൂടെ അതുംകൂടി ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുക എന്നതാണു ഞങ്ങളുദേശിച്ച കാര്യം. പ്രതിപക്ഷം അടക്കം അതിനായി യോജിക്കണമെന്നാണ് തങ്ങൾ അഭ്യർത്ഥിച്ചത്. ആ അഭ്യർത്ഥനയല്ലേ അവർ സ്വീകരിക്കാതെ ഇരുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിലൂടെ എന്താണ് ഇവർക്ക് നേടാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് തന്നെ അടിക്കും അടിക്കും ആവർത്തിച്ച് പറയുകയാണല്ലോ. ഇത്തരമൊരൂ സ്ഥാനത്ത് ഇരിക്കുന്ന ആളിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തെല്ലാം ചെയ്തിട്ടും അവർ ഉദ്ദേശിച്ച ഫലം നടക്കാതെ പോകുമ്പോൾ കൂടുതൽ കൂടുതൽ നിരാശയിലേക്ക് പോകുന്നു. അതിന്റെ ഭാഗമായി അവർ സ്വയം പ്രകോപിതരാകുകയാണ്. അതിന് ഇതല്ല പ്രതിവിധിയെന്ന് അവർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഉദ്ദേശം നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും പ്രസ്ഥാനത്തിന് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാൻ പറ്റുമോ. എന്തെല്ലാം ചെയ്തിട്ടും ലക്ഷ്യം കാണുന്നില്ലായെന്ന് വരുമ്പോൾ അവർ സ്വയം പ്രകോപിതരാവുകയാണ്. കെ.എസ്.യു മാർച്ച് നടത്തുന്നതിന് എന്തിനാണെന്നും ഏത് വിദ്യാർത്ഥി പ്രശ്നമാണ് അവർക്ക് ഉന്നയിക്കാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രകോപനം സൃഷിടിച്ച് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് ഗവർണറും ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നാടിന്റെ സമാധാനം തകർത്ത് സംഘർഷം ഉണ്ടാക്കാൻ ഗവർണർ ശ്രമിച്ചെങ്കിലും സമൂഹം സംയമനം പാലിച്ചു. എസ്.എഫ്.ഐ പ്രതിഷേധങ്ങൾ നടത്തിയതും സംയമനം പാലിച്ചുകൊണ്ടാണ്.
ഗവർണർ ആഗ്രഹിച്ചപോലെ സംഘർഷ അന്തരീക്ഷം ഉണ്ടായില്ല. ചാൻസിലറുടെ നിലവാരതകർച്ചയിലേക്ക് വിദ്യാർത്ഥികൾ പോയില്ല. വിദ്യാർത്ഥികളെ പറയാൻ ഇനി മോശം വാക്കുകളൊന്നുമില്ല. ഗവർണറുടെ കെണിയിൽ വിദ്യാർത്ഥികൾ വീണില്ലെന്നും ഉയർന്ന ബോധത്തോടെ വിദ്യാർത്ഥികൾ നിന്നെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തുനൽകിയതിനെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. അക്കാര്യങ്ങളെല്ലാം നാളെ പറയാമെന്നായിരുന്നു പ്രതികരണം.




