തിരുവനന്തപുരം: ഡി.ജി.പി. ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന്റെ വേദിക്കരികെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ ഒറ്റയാൾ സമരം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മൻ പ്രതിഷേധിക്കുന്നത്.

നവകേരളസദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികിലാണ് കറുപ്പണിഞ്ഞ് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ എംഎ‍ൽഎയുടെ പ്രതിഷേധം. ഡി.ജി.പി. ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിന്റെ വേദിക്കരികെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനെതിരായ പ്രതിഷേധമാണിതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കറുപ്പ് വസ്ത്രം ധരിച്ച് വഴിയരികിൽ നിൽക്കാൻ പാടില്ലെന്ന് പൊലീസ് തന്റെ സഹപ്രവർത്തകനോട് പറഞ്ഞു. വാകത്താനത്ത് കറുപ്പ് വസ്ത്രം ധരിച്ച പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹപ്രവർത്തകരെ നവകേരളസദസ്സിന്റെ തുടക്കം മുതൽ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലടക്കമുള്ള പ്രതിഷേധമാണ് താനുയർത്തുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ചാണ്ടി ഉമ്മന്റെ വസതിക്കു തൊട്ടടുത്താണ് നേമം മണ്ഡലത്തിലെ നവകേരളസദസ്സ് നടക്കുന്നത്. നവകേരള ബസ്സിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കടന്നു പോകുന്ന വഴിയിലായിരുന്നു കറുത്ത വസ്ത്രം ധരിച്ച് ചാണ്ടി ഉമ്മന്റെ പ്രതിഷേധം. ചാണ്ടി ഉമ്മന്റെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തെത്തിയെങ്കിലും എഴുന്നേറ്റു പോകാൻ ചാണ്ടി ഉമ്മൻ തയാറായില്ല. മുഖ്യമന്ത്രിയുടെ അവസാനത്തെ വാഹനവ്യൂഹവും കടന്നു പോയതിനു ശേഷമാണ് ചാണ്ടി ഉമ്മൻ പ്രതിഷേധം അവസാനിപ്പിച്ചത്.

എന്തുകൊണ്ടാണ് ഇവിടെവന്ന് ഇരിക്കുന്നതെന്നും മുഖ്യമന്ത്രി ഇതുവഴി കടന്നു പോകുന്നതുകൊണ്ടാണോ എന്നും മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, ''എന്റെ വീടിന്റെ മുന്നിൽ എനിക്ക് ഇരിക്കാൻ കഴിയില്ലേ, ഒരുപാട് പേർ ഇതുവഴി കടന്നു പോകുന്നുണ്ട്''എന്നാണ്. ''ഇന്ന് എന്റെ ഒരു സഹപ്രവർത്തകൻ കറുപ്പ് വസ്ത്രം ധരിച്ചു വന്നപ്പോൾ സമ്മതിച്ചില്ല. കഴിഞ്ഞ ദിവസം ഒരു പഞ്ചായത്ത് മെമ്പർ കറുപ്പിട്ട് വന്നപ്പോൾ പൊലീസു പിടിച്ച് അകത്തിട്ടു. ഞാൻ പറഞ്ഞിട്ടു പോലും അവർ പുറത്തിറക്കാൻ തയാറായില്ല'' അദ്ദേഹം പറഞ്ഞു.

''എത്ര ദിവസമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചുകൊണ്ട് ഇരിക്കുകയാണ്. ഞാനിപ്പോ ആശുപത്രിയിൽനിന്നാണ് വരുന്നത്. അവിടെ ഞങ്ങളുടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കിരൺ ദേവിന്റെ മൂക്കിന്റെ പാലം തകർത്ത് ചികിത്സയിലാണ്, സംസ്ഥാന ജനറൽ സെക്രട്ടറിയായ അനീഷിനെ ക്രൂരമായി മർദ്ദിച്ചു, അദ്ദേഹത്തിന്റെ കാലോടിഞ്ഞ് ഇരിക്കുകയാണ്. ഇന്ന് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചുകൊണ്ട് ഇരിക്കുമ്പോൾ കണ്ണീർവാതകം പ്രയോഗിച്ച് ആക്രമിക്കുന്നു. പ്രതിഷേധിക്കാനാണോ കാരണമില്ലാത്തത്.'' ചാണ്ടി ഉമ്മൻ പറഞ്ഞു.

കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മൻ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരും രംഗത്തെത്തി. തങ്ങൾ പ്രകോപനത്തിന് വന്ന ആളുകളല്ലെന്ന് ചാണ്ടി ഉമ്മൻ നിൽക്കുന്നിടത്ത് നിന്ന് അൽപം മാറി നിലയുറപ്പിച്ച സിപിഎം. പ്രവർത്തകർക്കൊപ്പമുള്ള ആറ്റുകാൽ നഗരസഭാ കൗൺസിലർ ഉണ്ണി പറഞ്ഞു. മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയെ സ്വീകരിക്കാനാണ് തങ്ങൾ എത്തിയിരിക്കുന്നത്. സെൽഫ് പ്രമോഷനുവേണ്ടിയുള്ള പൊറാട്ടുനാടകമാണ് ചാണ്ടി ഉമ്മന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.