തിരുവനന്തപുരം: ക്ഷേമപെൻഷൻ വിഷയത്തിൽ സർക്കാരിനെതിരേ വിമർശനം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്ത മറിയക്കുട്ടിക്കെതിരേ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. മറിയക്കുട്ടിയാണ് ഇപ്പോൾ ഏറ്റവും വലിയ ചർച്ചയെന്നും മറിയക്കുട്ടിക്കൊന്നും തങ്ങൾ എതിരല്ലെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയം പറയേണ്ട എന്നു വിചാരിച്ചാണ് തുടങ്ങിയത്. എന്നാൽ പ്രതിപക്ഷം എടുത്ത നിലപാടുകൊണ്ട് രാഷ്ട്രീയം പറഞ്ഞുപോകുകയാണെന്നും സജി ചെറിയാൻ പറഞ്ഞു. കേരളത്തിൽ വി എസ്. അച്യുതാനന്ദന്റെ കാലത്തു കൊടുത്തിരുന്ന 500 രൂപ പെൻഷനിൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് 100 രൂപയേ വർധിപ്പിച്ചുള്ളൂ. 600 രൂപയാക്കി. മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായം അവർക്കുണ്ട്. ഞാൻ അവരെ വേറെയൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. എന്തിനാ ഇത്ര തുള്ളുന്നത്, സജി ചെറിയാൻ ചോദിച്ചു.

നിങ്ങളെ തുള്ളിക്കുന്ന, നിങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവരോട് ചോദിക്കണം, 100 രൂപയല്ലേ അവരുടെ കാലത്ത് കൂട്ടിത്തന്നുള്ളൂ എന്ന് മന്ത്രി പറഞ്ഞു. ഈ മറിയക്കുട്ടി അമ്മമാരോട് സ്നേഹമുള്ള പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ക്ഷേമപെൻഷൻ എത്രയാക്കി? 1600 രൂപയാക്കി വർധിപ്പിച്ചു, മന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസം കുടിശ്ശികയായിരുന്നു. ഈ കുടിശ്ശികയടക്കം പിറണായി സർക്കാർ വീട്ടിയെന്നും സജി ചെറിയാൻ പറഞ്ഞു.

അതിനു ശേഷം ഒരു കുടിശ്ശികയുമില്ലാതെ വീട്ടി. 60,000 കോടി രൂപ ഇവിടെ തരേണ്ടത് തരാതെ വന്നപ്പോൾ മൂന്നുമാസം കുടിശ്ശിക വന്നിട്ടുണ്ട്. ഞങ്ങൾ കുടിശ്ശിക വരുത്തിയതല്ല, ഞങ്ങൾക്ക് തരാനുള്ള പണം തന്നാൽമതി. കേന്ദ്രസർക്കാരിന്റെ ഔദാര്യമൊന്നും ചോദിച്ചിട്ടില്ല. കേന്ദ്രസർക്കാർ കേരളത്തിന് തരണ്ടേ പണം തരാതെ വരുമ്പോൾ ഉണ്ടാകുന്ന ബാധ്യത, അത് പെൻഷനെ ബാധിക്കും.

സർക്കാർ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും. സർക്കാർ ജീവനക്കാരായി പെൻഷൻ പറ്റിയവരെ ബാധിക്കും. ജനപ്രതിനിധികളുടെ അലവൻസിനെ ബാധിക്കും. നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കും. ലൈഫ് പദ്ധതിയെ ബാധിക്കും. പുനർഗേഹം പദ്ധതിയെ ബാധിക്കും, സജി ചെറിയാൻ പറഞ്ഞു.

സാമ്പത്തികമായി സംസ്ഥാനത്തെ തകർക്കുക അതുവഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സാമ്പത്തിക തകർച്ച കൂടാതെ ഗവർണ്ണറെ ഉപയോഗിച്ച് ഉള്ള നീക്കവും നടക്കുന്നു. ഇങ്ങനെ ഭരണരംഗത്ത് സ്തംഭനം ഉണ്ടാക്കാനാണ് കേന്ദ്ര ശ്രമം. നിയസഭ പാസാക്കുന്ന നിയമങ്ങൾ ഒപ്പിടേണ്ടത് ഗവർണ്ണറുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബഹിക്കരിച്ചവർക്ക് അവരുടെ വഴിയേ പോയാൽ പോര. ഞങ്ങളുിടെ പുറകെ നടക്കുന്നത് എന്തിനാ? നവകേരള സദസ് ആരംഭിച്ച ദിവസം തന്നെ ഞങ്ങളുടെ വണ്ടിയുടെ മുന്നിൽ ചാടി ഒരു ചെറുപ്പക്കാരൻ മരിക്കേണ്ടതായിരുന്നു. മരിക്കാൻ എത്രയോ നല്ല സൗകര്യപ്രദമായ സ്ഥലങ്ങൾ ഈ രാജ്യത്തുണ്ട്, ഈ പാവപ്പെട്ട ഞങ്ങൾ കയറിപ്പോകുന്ന വണ്ടിയുടെ മുന്നിൽ തന്നെ വേണോയെന്നും മന്ത്രി ചോദിച്ചു.