തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പ്രതികരിച്ച് ആന്റണി രാജു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാരുടെയും ഇന്നലെ വരെയുള്ള മുഴുവൻ ശമ്പളവും കൊടുത്തു തീർത്തെന്നും വകുപ്പ് ഒരിക്കലും മുൾക്കിരീടമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഉയർന്നു വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ചാരിതാർത്ഥ്യത്തോടെയാണ് മന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതെന്നും ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ കുടുംബസമേതമാണ് ആന്റണി രാജു എത്തിയത്.

'കെ.എസ്.ആർ.ടി.സി. ഉൾപ്പെടുന്ന ഗതാഗത വകുപ്പായിരുന്നു ഞാൻ ഭരിച്ചിരുന്നത്. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വകുപ്പാണ് അത്. എങ്കിലും ഇന്നെനിക്ക് ചാരിതാർത്ഥ്യം ഉണ്ട്. കാരണം കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം പൂർണ്ണമായി കൊടുക്കാൻ കഴിഞ്ഞു. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 30-നാണല്ലോ കൊടുക്കേണ്ടത്. പക്ഷേ ഇന്നലെക്കൊണ്ടുതന്നെ മുഴുവൻ ജീവനക്കാർക്കും മുഴുവൻ ശമ്പളവും കൊടുത്തു. ഒരുരൂപ പോലും ശമ്പള കുടിശ്ശിക ഇല്ലാതെയാണ് മന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങാൻ കഴിയുന്നത് എന്നതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്.' -ആന്റണി രാജു പറഞ്ഞു.

'ഇന്ന് അവധിയാണ്. ഇന്നലെ ശമ്പളം കൊടുക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ക്രിസ്മസിന് ശമ്പളം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. ശരിക്ക് 30-ാം തിയ്യതി കൊടുത്താൽ മതി. പക്ഷേ പ്രത്യേക ക്രമീകരണങ്ങൾ നടത്തിക്കൊണ്ടാണ് ഗവൺമെന്റ് പ്രത്യേകമായ സഹായം നൽകി ഇന്നലെ രാത്രിക്ക് മുമ്പ് തന്നെ കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാർക്കും ഇതുവരെയുള്ള മുഴുവൻ ശമ്പളവും കുടിശ്ശികയും കൊടുത്തുതീർത്തു. കെ.എസ്.ആർ.ടി.സി ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരാണെന്നാണ് ജനങ്ങളുടെ ധാരണ. ഈ മാസം കെ.എസ്.ആർ.ടി.സിക്ക് 121 കോടി രൂപയുടെ സഹായമാണ് നൽകിയത്. കെ.എസ്.ആർ.ടി.സിക്ക് നല്ലൊരു ബേസ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇനി കുറച്ചുകൂടെ മെച്ചപ്പെട്ട അന്തരീക്ഷത്തിൽ മുന്നോട്ടുപോകാൻ കഴിയുന്ന അവസ്ഥയിലാണുള്ളത്.'

കെ.എസ്.ആർ.ടി.സി. എന്നെങ്കിലും രക്ഷപ്പെടുമോ എന്ന ചോദ്യത്തിന് കെ.എസ്.ആർ.ടി.സി. ഇപ്പോഴും രക്ഷപ്പെട്ട് തന്നെയാണ് നിൽക്കുന്നത് എന്നാണ് ആന്റണി രാജു മറുപടി നൽകിയത്. ഇതൊരു മുൾക്കിരീടമായിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലുമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'സുഗമമായി പ്രവർത്തിക്കുന്ന വകുപ്പാണെങ്കിൽ മന്ത്രിക്ക് എന്താണ് പണി. എന്നെ സംബന്ധിച്ച് ഒരിക്കലും അതൊരു മുൾക്കിരീടമായിരുന്നില്ല.' -ആന്റണി രാജു പറഞ്ഞു.

'ലോകമെമ്പാടും സർക്കാരിന്റെ സഹായത്തോടെയാണ് പൊതുഗതാഗത സംവിധാനം നിലനിൽക്കുന്നത്. കേരളത്തിൽ മാത്രമല്ല. കേരളത്തിൽ സഹായം അൽപ്പം കുറവാണെന്ന് പറയാം തമിഴ്‌നാടിലും കർണാടകയിലുമൊക്കെ ഇതിനെക്കാളും വലിയ സാമ്പത്തിക സഹായം കൊടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാ കോർപ്പറേഷനുകളെയും പോലെ കെ.എസ്.ആർ.ടി.സിയെ കാണാൻ കഴിയില്ല. മറ്റേത് കോർപ്പറേഷൻ അടച്ചുപൂട്ടിയാലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല. പൊതുഗതാഗത സംവിധാനം നിലനിന്നില്ലെങ്കിൽ ജനങ്ങളെ വല്ലാതെ ചൂഷണം ചെയ്യുന്ന ഏർപ്പാടുണ്ടാകും.

അതൊഴിവാക്കാൻ പൊതുഗതാഗത സംവിധാനം നിലനിൽക്കുന്നത് തന്നെയാണ് നല്ലത്. അതിനുവേണ്ടി സർക്കാർ ഇപ്പൊ ചെലവാക്കുന്നതിലും കൂടുതൽ ചെലവാക്കിയാലും നഷ്ടമില്ല. 70 കോടി രൂപ പെൻഷനാണ് കൊടുക്കുന്നത്. അത് മാറ്റിവച്ചാൽ 20 കോടി രൂപയുടെ സഹായം മാത്രമേ പ്രതിമാസം സർക്കാർ നൽകുന്നുള്ളൂ. 20 കോടി മാത്രം കൊടുത്തുകൊണ്ട് ഇന്ത്യയിൽ ഏത് പൊതുഗതാഗതസംവിധാനമാണ് നിലനിൽക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മെച്ചപ്പെട്ട സ്ഥിതിയല്ലേ കെ.എസ്.ആർ.ടി.സിയുടേത്.' -ആന്റണി രാജു പറഞ്ഞു.