തിരുവനന്തപുരം: മന്ത്രിയായുള്ള രണ്ടരവർഷത്തെ കാലയളവിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടം ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തീകരിച്ചെന്നും നന്നായി പ്രവർത്തിക്കാനായെന്നും അഹമ്മദ് ദേവർകോവിൽ. വളരെ സന്തോഷത്തോടെയാണ് പടിയിറക്കമെന്നും രാജിയെല്ലാം എൽ.ഡി.എഫിന്റെ തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എൽ.ഡി.എഫ്. ആണ് തന്നെ മന്ത്രിയാക്കിയത്. തന്റെ ടേം പൂർത്തിയാക്കി. നന്നായി പ്രവർത്തിക്കാനായി. വളരെ സന്തോഷം. പ്രത്യേകസമ്മാനം എന്നനിലയ്ക്കാണ് എൽ.ഡി.എഫ്. ഒറ്റ എംഎ‍ൽഎ.യുള്ള പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകിയത്. അത് ആത്മാർത്ഥതയോടെ നന്നായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.

അത് വിലയിരുത്തേണ്ടത് നിങ്ങളാണ്. മാധ്യമ സുഹൃത്തുക്കളിൽനിന്നും ജനങ്ങളിൽനിന്നും വലിയ പിന്തുണ ലഭിച്ചതുകൊണ്ടാണ് നന്നായി പ്രവർത്തിക്കാനായത്. മുന്നോട്ടുള്ള പ്രയാണത്തിൽ ഒരു എംഎ‍ൽഎ. എന്നനിലയ്ക്ക് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സജീവമായി മണ്ഡലത്തിലുണ്ടാകും.

പാർട്ടി സംസ്ഥാന പ്രസിഡന്റ് എന്നനിലയ്ക്ക് സംസ്ഥാനതലത്തിലും സജീവമായുണ്ടാകും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽനിന്നടക്കം വലിയരീതിയിലുള്ള പിന്തുണയുണ്ടായി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നതായും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ഐ.എൻ.എല്ലിന്റെ ആദ്യമന്ത്രിയായ അഹമ്മദ് ദേവർകോവിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തിയത്. തുറമുഖം, മ്യൂസിയം, പുരാവസ്തു അടക്കമുള്ള വകുപ്പുകളാണ് രണ്ടാം പിണറായി സർക്കാരിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടം ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തീകരിച്ചതും ഇക്കാലയളവിലായിരുന്നു.

എൽ.ഡി.എഫിലെ മുൻധാരണപ്രകാരമാണ് രണ്ടരവർഷത്തിന് ശേഷം അഹമ്മദ് ദേവർകോവിൽ മന്ത്രിസ്ഥാനം ഒഴിയുന്നത്. കോൺഗ്രസ്(എസ്) അധ്യക്ഷനും മുന്മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനാകും അഹമ്മദ് ദേവർകോവിലിന് പകരം മന്ത്രിസഭയിലെത്തുക. ഒന്നാം പിണറായി സർക്കാരിലും കടന്നപ്പള്ളി തുറമുഖ മന്ത്രിയായിരുന്നു.