തിരുവനന്തപുരം: നവകേരള സദസിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയന് കൊലയാളി മനസാണെന്നും ക്രൂരതയുടെ പര്യായമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോകുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവർക്കെതിരെ കേസെടുക്കാൻ പറയുമ്പോൾ എന്ത് നിയമവും നീയമവാഴ്ചയുമാണ് ഇവിടെയുള്ളതെന്ന് കെ. സുധാകരൻ ചോദിച്ചു. യൂത്ത് കോൺഗ്രസിനെതിരെ വധശ്രമത്തിന് കേസെടുത്തതിനേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പിണറായി വിജയനെ നിലയ്ക്ക് നിർത്താൻ സിപിഎമ്മിൽ ആളില്ലെന്ന സ്ഥിതിയാണ്. ജനാധിപത്യപരമായി സമരം നടത്താൻ കഴിയുന്നില്ല. കേരളത്തിൽ കരിങ്കൊടി കാണിക്കാൻ പോലും പറ്റുന്നില്ല. വാർത്തസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി പുച്ഛിക്കുന്നു. കെ എസ് യു- യുത്ത് കോൺഗ്രസ് കുട്ടികളെ അടിക്കുകയും അവർക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു. ഇവിടെ നിയമ വാഴ്ചയുണ്ടോ.

കോടതി പറഞ്ഞ ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ് എടുക്കാൻ തയ്യാറായത്. കുറ്റം ചെയ്ത പിണറായിക്കെതിരെ കേസ് ഇല്ല, ഒന്നും ചെയ്യാത്ത എനിക്കെതിരെ കേസെന്ന സ്ഥിതിയാണ് കേരളത്തിൽ.

'പിണറായി വിജയൻ ഒരു കൊലയാളിയാണെന്നും കൊലയാളിയുടെ മനസാണ് അയാൾക്കുള്ളതെന്നും ഞാൻ എത്രയോ കാലമായി പറയുന്നു. എനിക്ക് ചില ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെയാണ് ഗ്രനേഡും മറ്റു വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു, സുധാകരൻ ആരോപിച്ചു.

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ രാമകൃഷ്ണന്റെ കൊലപാതകം ഇദ്ദേഹത്തിന് നേരിട്ടുള്ള പങ്കുള്ള കൊലപാതകമാണ്. ആ കേസ് സാക്ഷിപറയാൻ ആളില്ലാത്തതിനാൽ തള്ളിപ്പോയതാണ്. സ്വന്തം കൊലക്കത്തിയെടുത്ത് രാഷ്ട്രീയ എതിരാളികളെ കൊല്ലാൻ പോയ പാരമ്പര്യത്തിന്റെ ഉടമസ്ഥനാണ് ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന് നിങ്ങൾ ഓർക്കണം. അത് ടിപി ചന്ദ്രശേഖരിനിൽ വരെയെത്തിയെന്നും സുധാകരൻ പറഞ്ഞു.

2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകും. കോൺഗ്രസ് സർക്കാരിനെതിരെ സമരം വ്യാപിക്കും. ഈ മാസം 27 ന് ബ്ലോക്ക് തലത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. നവ കേരള സദസിലെ പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയിൽ പോകും. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കം പിണറായി കണ്ട് പഠിക്കണം.

ഡിജിപി കസേരയിൽ ഇരിക്കാൻ അർഹത ഇല്ലാത്ത ആളാണ് ഇപ്പോൾ ആ കസേരയിലുള്ളത്. നിലവിൽ സംസ്ഥാനത്ത് രണ്ട് ഡിജിപിയുണ്ടെന്ന സ്ഥിതിയാണ്. സിപിഎം നേതാവ് പി ശശി ആക്ടിങ് ഡിജിപിയാകുകയാണ്. കേരളത്തിൽ ഉടനീളം അറിയപ്പെടുന്ന സിപിഎം ഗുണ്ടകളെ നവ കേരള സദസിന് അകമ്പടി കൊണ്ട് പോയെന്നും സുധാകരൻ പരിഹസിച്ചു.