- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; തന്റെ സുരക്ഷയിൽ മനപ്പൂർവ്വം വീഴ്ച വരുത്തുന്ന കേരളാ പൊലീസ്; പിണറായിയുടെ കത്ത് ആയുധമാക്കാൻ ഗവർണർ; അമിത് ഷായെ എല്ലാം അറിയിക്കും; പ്രധാനമന്ത്രിയേയും കാണും; ഗവർണർ നിർണ്ണായക ഡൽഹി നീക്കങ്ങളിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിൽ കാണും.ഹിന്ദിയിൽ തയ്യാറാക്കിയ വിശദീകരണ കുറിപ്പുമായി ആഭ്യന്തരമന്ത്രി അമിത്ഷായെ ഇന്ന് ഗവർണർ കാണും. പ്രധാനമന്ത്രിയെ അടുത്തദിവസം കാണും. തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്കും കേന്ദ്രത്തിനും അയച്ച കത്തിന് മറുപടി നൽകുകയാണ് ലക്ഷ്യം. കേരളത്തിലെ സാഹചര്യങ്ങൾ അമിത് ഷായെ ധരിപ്പിക്കും. പ്രധാനമന്ത്രിയുടെ മനസ്സ് കൂടി അറിഞ്ഞാകും ഇനിയും ഗവർണറുടെ നീക്കങ്ങൾ.
തുടർച്ചയായി പ്രോട്ടോക്കോൾ ലംഘിക്കുന്നതായും നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നതടക്കം ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നില്ലെന്നും ആരോപിച്ചാണ് ഗവർണ്ണർക്കെതിരെ മുഖ്യമന്ത്രി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചത്. കാലിക്കറ്റ് വാഴ്‌സിറ്റിയിലെ അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഭരണരംഗത്ത് ഗവർണർ അസാധാരണ നടപടികൾ സ്വീകരിക്കുന്നെന്ന ആരോപണം. ഇതിന് വ്യക്തമായ മറുപടി ഗവർണർ നൽകും. കേരളത്തിലെ ക്രമസമാധാനം തകർന്നുവെന്നും വിശദീകരിക്കും.
തന്നെ ആക്രമിക്കാൻ പാർട്ടി പ്രവർത്തകരെ അയച്ചെന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഗവർണറുടെ കുറിപ്പിൽ മുഖ്യമന്ത്രിക്കെതിരേയുള്ളതെന്നാണ് സൂചന. വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ റോഡിൽവച്ച് അതിക്രമമുണ്ടായപ്പോൾ കാറിൽ നിന്നിറങ്ങിയത് സ്വയരക്ഷാർത്ഥമാണെന്നും ഇറങ്ങിയില്ലായിരുന്നെങ്കിൽ കാറിൽ വച്ച് ആക്രമിക്കപ്പെടുമായിരുന്നെന്നും ഗവർണർ അറിയിക്കും.തന്റെ സുരക്ഷയിൽ മനഃപൂർവ്വം വീഴ്ചവരുത്തുകയാണ് എന്നാകും അറിയിക്കുക. കേന്ദ്ര സേനയുടെ സുരക്ഷയുടെ ആവശ്യകതകളിലേക്കും ചർച്ചകൾ എത്താൻ സാധ്യതയുണ്ട്.
പ്രതിഷേധക്കാർ പൊലീസിനെ മറികടന്ന് രാജ്ഭവൻ വളപ്പിൽ കയറി. ഗവർണർമാരുടെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കാൻ കേന്ദ്രം തീരുമാനമെടുക്കണമെന്നും ആവശ്യപ്പെടും. ഗവർണർ അസാധാരണമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും പെരുമാറ്റം കേന്ദ്ര സർക്കാർ പരിശോധിക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് നിരത്തി ഗവർണർ മറുപടി നൽകുമെന്നാണ് സൂചന.
കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേന്ദ്ര സർക്കാരിനെ ഗവർണർ ബോധ്യപ്പെടുത്തും. പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. സംസ്ഥാനത്ത് സാഹചര്യം സങ്കീർണമാണെന്നും പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നതാണ് ഗവർണറുടെ നിലപാട്.
തനിക്ക് കേരളത്തിലെ ജനങ്ങളിൽനിന്ന് ഒരു ഭീഷണിയുമില്ല. അവർ തനിക്കൊപ്പമാണ്. ഭീഷണി സിപിഎം ക്രിമിനലുകളിൽനിന്നു മാത്രമാണ്. മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകളെ വളർത്തുന്നത്. കാലിക്കട്ട് സർവകലാശാലാ സെനറ്റ് അംഗങ്ങളെ തടഞ്ഞതിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നിയമം പാലിക്കപ്പെടണം. മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്തതിൽ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആരു സംസാരിച്ചാലും അവർക്കെതിരേ കേസെടുക്കും. ആരും മുഖ്യമന്ത്രിയെ ചോദ്യംചെയ്യാൻ ധൈര്യപ്പെടുന്നില്ല-ഇതാണ് ഗവർണറുടെ പ്രഖ്യാപിത നിലപാട്.
കേരളത്തിലെ മാധ്യമങ്ങൾ ഭയപ്പാടിലാണ്. കേരളത്തിൽ പൊലീസ് നിസഹായരാണ്. അവർ എന്തു ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുകയാണെന്നും ഗവർണർ പറഞ്ഞിരുന്നു. ഈ സാഹചര്യവും അമിത് ഷായെ അറിയിക്കാനാണ് രാജ് ഭവന്റെ തീരുമാനം.




