- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോളേജിലെ ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ്സ് വച്ചു; മാല അണിയിക്കുന്ന ദൃശ്യം പകർത്തി പ്രചരിപ്പിച്ചു; വിവാദങ്ങൾക്കിടെ എസ്.എഫ്.ഐ. നേതാവിനെ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്തു; നിലവിൽ ഭാരവാഹിയല്ലെന്ന് എസ്എഫ്‌ഐ നേതൃത്വം
കൊച്ചി: രാഷ്ട്രപിതാവിനോട് അനാദരവ് പ്രകടിപ്പിച്ച സംഭവത്തിൽ ആലുവയിലെ എസ്.എഫ്.ഐ. നേതാവ് അദീൻ നാസറിനെ കോളേജിൽനിന്നും സസ്‌പെൻഡ് ചെയ്തു. വാർത്തകളിലെയും സമൂഹമാധ്യമങ്ങളിലെയും ദൃശ്യങ്ങളിൽനിന്നും ഇയാൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് അദീനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള കോളേജ് പ്രിൻസിപ്പലിന്റെ ഓർഡറിൽ പറയുന്നു.
ആലുവ ചൂണ്ടി ഭാരത മാതാ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അഞ്ചാംവർഷ ബി.കോം എൽ.എൽ.ബി. വിദ്യാർത്ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അദീൻ നാസറിനെയാണ് (25) സസ്‌പെൻഡ് ചെയ്തത്.
കോളേജിലെ ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ്സ് ചാർത്തി, അദീൻ ഫോട്ടോയെടുക്കുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. 'ഗാന്ധിജി എന്തായാലും മരിച്ചയാളല്ലേ..' എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. ഈ മാസം 21നാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം. ദൃശ്യങ്ങൾ കോളേജിലെയും മറ്റും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നെങ്കിലും സംഭവം വിവാദമായതോടെ ഡിലീറ്റ് ചെയ്തിരുന്നു.
കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ വാർത്തകളിലെയും സമൂഹമാധ്യമങ്ങളിലെയും ദൃശ്യങ്ങളിൽനിന്ന് മനസ്സിലായെന്ന് അറിയിച്ചാണ് കോളജ് പ്രിൻസിപ്പൽ ഉത്തരവിറക്കിയത്. കെ.എസ്.യു. സംസ്ഥാന സെക്രട്ടറി അൽ അമീൻ പരാതി നൽകിയതോടെ എടത്തല പൊലീസ് സംഭവത്തിൽ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കോളേജ് അദീനെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സംഭവം അന്വേഷിക്കാൻ കമ്മിഷനെയും നിയോഗിച്ചു.
മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വയ്ക്കുകയും മാല അണിയിക്കുകയും ഇതു മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണു കേസ്. അദീൻ നാസർ നിലവിൽ ഭാരവാഹിയല്ലെന്ന് എസ്എഫ്‌ഐ ആലുവ ഏരിയ കമ്മിറ്റി അറിയിച്ചു. ഒരു മാസം മുൻപ് യൂണിറ്റ് സെക്രട്ടറിയുടെ ചുമതലയിൽനിന്നു മാറ്റി. വിഡിയോ ശ്രദ്ധയിൽ പെട്ടപ്പോൾ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ട് അദീനെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചെന്നും അറിയിച്ചു.
സംഭവം നടക്കുമ്പോൾ അദീൻ നാസർ എസ്.എഫ്.ഐ. ഭാരവാഹി ആയിരുന്നില്ലെന്നാണ് എസ് എഫ് ഐ നേതൃത്വം പറയുന്നത്. സംഭവത്തിനുമുമ്പേ ആലുവ ഏരിയ കമ്മിറ്റിയിൽനിന്നും കോളേജ് യൂണിയൻ ഭാരവാഹിത്വത്തിൽനിന്നും അദീനെ മാറ്റിയിരുന്നെന്നാണ് എസ്.എഫ്.ഐ.യുടെ വാദം.




